ADVERTISEMENT

കോഴിക്കോട്∙ കൂടത്തായി കൊലപാതക പരമ്പരയിൽ പ്രതി ജോളി ജോസഫിന്റെ ഭർത്താവ് ഷാജുവിനെ പൊലീസ് വീണ്ടും ചോദ്യം ചെയ്യും. ഷാജുവിനോട് ഇന്ന് എസ്പി ഓഫിസിൽ ഹാജരാകാനാണു നിർദേശം നൽകിയിരിക്കുന്നത്. സിലിയുടെ മരണത്തിൽ ഷാജുവിനു പങ്കുണ്ടെന്നാണു ക്രൈം ബ്രാഞ്ചിന്റെ നിഗമനം. ഇതിനാലാണു പോസ്റ്റ്മോർട്ടം പരിശോധനയെ ഷാജു എതിർത്തതെന്നാണു പൊലീസ് സംശയിക്കുന്നത്.

അതേസമയം സിലിയുടെ കൊലപാതകത്തിൽ ഭർത്താവ് ഷാജുവിനും പങ്കുണ്ടെന്നു സംശയിക്കുന്നതായി സിലിയുടെ ബന്ധു മനോരമ ന്യൂസിനോടു പറഞ്ഞു. സിലിയുടെ ബന്ധു വി.ഡി. സേവ്യറാണ് ഇക്കാര്യം മനോരമ ന്യൂസിനോടു വ്യക്തമാക്കിയത്. പോസ്റ്റ്മോർട്ടം വേണ്ടെന്ന് ഒപ്പിട്ടുനല്‍കാൻ ഷാജു സിലിയുടെ സഹോദരനെ നിർബന്ധിച്ചതായി സേവ്യർ പറഞ്ഞു. സിജോ വിസമ്മതിച്ചതോടെ ഷാജു തന്നെ ഒപ്പിട്ടുനൽകുകയായിരുന്നു. സിലിയെ ആശുപത്രിയിലേക്കു കൊണ്ടുപോയ കാർ ഓടിച്ചിരുന്നത് ജോളിയായിരുന്നു. അവശയായ സിലിയെ കിലോമീറ്ററുകൾ ചുറ്റിസഞ്ചരിച്ച ശേഷമാണ് ആശുപത്രിയിലെത്തിച്ചതെന്നും സേവ്യർ പറഞ്ഞു.

ആശുപത്രി ജീവനക്കാർ കൈമാറിയ സിലിയുടെ സ്വർണം ഭർത്താവ് ഷാജുവിനെ തിരിച്ചേൽപ്പിച്ചിരുന്നതായി ജോളി ജോസഫ് പൊലീസിനോടു പറഞ്ഞു. സയനൈഡ് നൽകിയതിനു പിന്നാലെ ദന്താശുപത്രിയിൽ കുഴഞ്ഞു വീണ സിലിയെ ആശുപത്രിയിലെത്തിക്കാൻ വൈകിപ്പിച്ചതു ബോധപൂർവമാണെന്നും ജോളി മൊഴി നല്‍കി. മരണമുണ്ടായ ദിവസം സിലി അണിഞ്ഞിരുന്ന ആഭരണങ്ങൾ ആശുപത്രി ജീവനക്കാർ ജോളിക്കായിരുന്നു കൈമാറിയിരുന്നത്. ഈ സ്വർണം പിന്നീടു കാണാതായെന്ന് സിലിയുടെ ബന്ധുക്കൾ അന്വേഷണ സംഘത്തിനു മൊഴി നൽകിയിരുന്നു. ഈ ചോദ്യങ്ങൾക്കാണു സ്വർണം ഷാജുവിന്റെ കൈയ്യിൽ തിരിച്ചേൽപ്പിച്ചിരുന്നതായി ജോളി മൊഴി നൽകിയത്.

എത്ര പവൻ സ്വർണമുണ്ടായിരുന്നുവെന്ന കാര്യം അറിയില്ലെന്നും ജോളി പറഞ്ഞു. മൂന്നാമത്തെ ശ്രമത്തിലാണ് സിലിയെ ഗുളികയിൽ സയനൈഡ് പുരട്ടി നൽകി കൊലപ്പെടുത്തിയത്. ദന്താശുപത്രിയിൽ കുഴഞ്ഞു വീണ സിലിയെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലെത്തിക്കാനുള്ള സഹോദരന്റെ ശ്രമം ബോധപൂർവം വിലക്കി. മൂന്നര കിലോമീറ്റർ അധികം ചുറ്റിയാണ് ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. ഇതു മരണം ഉറപ്പിക്കുന്നതിനായിരുന്നുവെന്നും ജോളി ആവർത്തിച്ചു.

English Summary: Police question Shaju once again in Koodathayi case

ഒക്ടോബർ 24 ന് വോട്ടെണ്ണൽ വിവരങ്ങൾ തൽസമയം അറിയാൻ സന്ദർശിക്കുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com