ADVERTISEMENT

ന്യൂഡൽഹി ∙ അയോധ്യ കേസില്‍ സുപ്രീംകോടതിയുടെ സുപ്രധാന വിധി. അയോധ്യ തര്‍ക്കഭൂമിയില്‍ ക്ഷേത്രം നിര്‍മിക്കാം, ചുമതല കേന്ദ്ര സര്‍ക്കാര്‍ രൂപീകരിക്കുന്ന ട്രസ്റ്റിന്. പള്ളി നിര്‍മിക്കാന്‍ സുന്നി വഖഫ് ബോര്‍ഡിനു തര്‍ക്കഭൂമിക്കു പുറത്ത് അ‍ഞ്ചേക്കര്‍ അനുവദിച്ചു. വിധി ഏകകണ്ഠമാണെന്ന് അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ അധ്യക്ഷനായ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് വ്യക്തമാക്കി. പ്രത്യേക സിറ്റിങ് ചേർന്നാണു വിധി പറഞ്ഞത്. ചീഫ് ജസ്റ്റിസിനെ കൂടാതെ ജസ്റ്റിസുമാരായ എസ്.എ.ബോബ്ഡെ, ഡി.വൈ.ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍, അബ്ദുല്‍ നസീര്‍ എന്നിവരായിരുന്നു െബഞ്ചിലെ അംഗങ്ങൾ.

വിധിയിലെ പ്രധാന ഘടകങ്ങൾ

∙ വിധി വന്ന ദിവസം തൊട്ടു മൂന്നുമാസത്തിനുള്ളില്‍ കേന്ദ്രം പദ്ധതി തയാറാക്കണം. ട്രസ്റ്റ് രൂപീകരിക്കണം. ട്രസ്റ്റിമാരുടെ അധികാരവും പ്രവർത്തനങ്ങളും നിർണയിക്കണം.

∙ അയോധ്യയിലെ 2.77 ഏക്കർ തർക്കഭൂമിയുടെ കൈവശാവകാശം രാം ലല്ലയ്ക്ക്.

∙ തർക്കഭൂമിയുടെ ഉള്ളിലെയും പുറത്തെയും പ്രദേശത്തിന്റെ കൈവശാവകാശം ട്രസ്റ്റിന്. കേന്ദ്ര സർക്കാരിന്റെ കയ്യിലുള്ള ബാക്കി ഭൂമിയും ട്രസ്റ്റിനു നൽകണം.

∙ ട്രസ്റ്റിനു കൈമാറുന്നതു വരെ നിലവിലുള്ളതു പോലെ കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള റിസീവർ ഭരണത്തിൽ തർക്കഭൂമിയുടെ കൈവശാവകാശം തുടരും

∙ പള്ളി പണിയാൻ അനുയോജ്യമായ അഞ്ച് ഏക്കർ ഭൂമി സുന്നി വഖഫ് ബോര്‍ഡിനു കൈമാറണം. അയോധ്യയിലെ പ്രധാന ഭാഗത്തു കേന്ദ്ര സർക്കാരോ സംസ്ഥാന സർക്കാരോ ആണു ഭൂമി നൽകേണ്ടത്.

∙ അനുവദിച്ച സ്ഥലത്തു സുന്നി സെൻട്രൽ വഖഫ് ബോര്‍ഡിന് പള്ളി നിർമിക്കാം

∙ ട്രസ്റ്റിൽ നിർമോഹി അഖാഡയ്ക്കു വ്യക്തമായ പ്രാതിനിധ്യം നൽകണം, പക്ഷേ പുരോഹിത വൃത്തിക്ക് അവകാശമില്ല.

സുപ്രീംകോടതിയുടെ പ്രധാന നിരീക്ഷണങ്ങൾ

∙ 1992ൽ തകർക്കപ്പെട്ട ബാബറി മസ്ജിദ് ശൂന്യമായ സ്ഥലത്തല്ല നിർമിക്കപ്പെട്ടത്.

∙ ബാബറി മസ്ജിദിനു താഴെ ക്ഷേത്രസ്വഭാവമുള്ള കെട്ടിടാവശിഷ്ടങ്ങള്‍ ഖനനത്തില്‍ കണ്ടെത്തിയെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വെ (എഎസ്ഐ) റിപ്പോര്‍ട്ടുണ്ട്. എന്നാൽ ക്ഷേത്രം തകർത്താണു പള്ളി നിർമിച്ചതെന്ന് എഎസ്ഐ പറഞ്ഞിട്ടില്ല

∙ തർക്കഭൂമിയിലാണു ശ്രീരാമദേവൻ ജനിച്ചതെന്നാണു ശക്തമായ വിശ്വാസം. രാം ചബൂത്രയിലും സീത രസോയിയിലും ബന്ദർ ഗൃഹത്തിലും നിലനിൽക്കുന്ന പൂജ ഇതിനുള്ള തെളിവാണ്

∙ സുന്നി വഖഫ് ബോര്‍ഡിനു കൈവശാവകാശം തെളിയിക്കാനായില്ല. വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം ഭൂമിയുടെ അവകാശം തീരുമാനിക്കാനാവില്ല, രേഖയും തെളിവുമാണു വേണ്ടത്

∙ നിര്‍മോഹി അഖാഡയുടെ ഹര്‍ജി നിലനില്‍ക്കില്ല. രാമജന്മഭൂമിക്കു നിയമവ്യക്തിത്വം ഇല്ല. ശ്രീരാമദേവനു നിയമവ്യക്തിത്വം ഉണ്ട്

∙ ഭരണഘടന ഉറപ്പുനല്‍കുന്ന തുല്യതയും മതേതരത്വവും ഉയര്‍ത്തിപ്പിടിക്കും. ഭക്തരുടെ വിശ്വാസം അംഗീകരിക്കാതിരിക്കാന്‍ കോടതിക്കാവില്ലെന്നും വിധിപ്രസ്താവത്തിനിടെ സുപ്രീംകോടതി പറഞ്ഞു.

English Summary: Reading Ayodhya verdict: Seven important points and court's observations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com