ADVERTISEMENT

മനില∙ ഇന്റർപോൾ റെഡ് നോട്ടിസ് കാരണം മൂന്നാഴ്ചയിലേറെ വിമാനത്താവളത്തിൽ ഭയന്നു കഴിഞ്ഞതിനൊടുവിൽ ഇറാനിയൻ യുവതിക്ക് ഫിലിപ്പീൻസിൽ അഭയം. ഇറാൻ ക്രിമിനൽ കുറ്റം ചുമത്തി അറസ്റ്റ് ആവശ്യപ്പെട്ടിരുന്ന ബഹോറെ സറി ബഹാരി എന്ന മുപ്പത്തിയൊന്നുകാരിക്കാണു ഫിലിപ്പീൻസ് രാഷ്ട്രീയ അഭയം നല്‍കിയത്.

2014 മുതൽ ഫിലിപ്പീൻസിൽ താമസിച്ചു വരികയായിരുന്നു ബഹാരി. അതിനിടെ ഇറാന്റെ പ്രതിനിധിയായി സൗന്ദര്യമത്സരത്തിലും പങ്കെടുത്തു. അടുത്തിടെ ദുബായിൽ പോയി തിരികെയെത്തിയപ്പോഴായിരുന്നു വിമാനത്താവളത്തിൽ തടഞ്ഞത്. ഇവർക്കെതിരെ ഇറാന്റെ അറസ്റ്റ് വാറന്റുമുണ്ടായിരുന്നു. ഇറാൻ ഭരണകൂടത്തിനെതിരെ പ്രവർത്തിച്ചു എന്നായിരുന്നു കേസ്. 

ഇവരെ അറസ്റ്റ് ചെയ്യാൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്റർപോളിന് ഇറാൻ അപേക്ഷ നൽകിയിരുന്നു. തുടർന്നാണു വിമാനത്താവളത്തിൽ തടഞ്ഞത്. എന്നാൽ ഇറാനിലേക്കു പോകാൻ ഭയമാണെന്നും അഭയം നൽകണമെന്നും ആവശ്യപ്പെട്ട് ബഹാരി വിമാനത്താവളത്തിൽ കുത്തിയിരുന്നു. രാജ്യത്തു കാലു കുത്താൻ അനുവാദമില്ലാത്തതിനാൽ വിമാനത്താവളത്തിലെ തന്നെ മൂന്നാം ടെര്‍മിനലിലെ പാസഞ്ചർ റൂമിലേക്കു അധികൃതർ ഇവരുടെ താമസം മാറ്റി. അവിടെ വച്ച് സമൂഹമാധ്യമങ്ങളിലൂടെ രാജ്യാന്തര സമൂഹത്തിന്റെ പിന്തുണ തേടുകയായിരുന്നു ബഹാരി. ഫിലിപ്പീൻസ് പ്രസിഡന്റ് റോഡീഗ്രോ ഡ്യൂടേർട്ടിനും അപേക്ഷ നൽകി.

bahareh-zare-bahari
ബഹോറെ സറി ബഹാരി

ഇറാനിലെത്തിയാൽ കൊലപ്പെടുത്തുമെന്നാണ് ടെലഗ്രാഫ് പത്രത്തിനു നൽകിയ അഭിമുഖത്തിൽ ബഹാരി വ്യക്തമാക്കിയത്. അതിനിടെ മനുഷ്യാവകാസ സംഘടനയായ ആംനസ്റ്റി ഇന്റർനാഷനൽ വിഷയത്തിൽ ഇടപെട്ടു. ഇറാനിയൻ ഭരണകൂടത്തിനെതിരെ ശബ്ദമുയർത്തിയതിനാണ് ബഹാരിക്കെതിരെ നടപടിയെന്നും അതിന്റെ പേരിൽ നാടുകടത്തരുതെന്നും ആംനസ്റ്റി ആവശ്യപ്പെട്ടു. ഇറാഖിനു കൈമാറിയാൽ ജീവൻ വരെ അപകടത്തിലാകുമെന്നും പറഞ്ഞു. തുടർന്നായിരുന്നു ഫിലിപ്പീന്‍സിന്റെ ഇടപെടൽ. ഐക്യരാഷ്ട്ര സംഘടന അഭയാർഥി അവകാശരേഖ പ്രകാരമാണ് അഭയം നൽകിയത്. ഫിലിപ്പീന്‍സിലെ ഇറാനിയൻ എംബസി ഇതുമായി ബന്ധപ്പെട്ടു പ്രതികരിച്ചിട്ടില്ല. 

സ്റ്റുഡന്റ് വീസയിൽ 2014 ൽ ദന്തവൈദ്യ പഠനത്തിനാണു ബഹാരി ഫിലിപ്പീൻസിലെത്തിയത്. സ്റ്റുഡന്റ്സ് വീസ ഓരോ വർഷവും പുതുക്കി. പഠന ശേഷം മോഡലിങ്ങും അഭിനയവുമായി അവിടത്തെന്നെ തുടർന്നു. തനിക്കുള്ള ഇപ്പോഴത്തെ വീസയുടെ കാലാവധി 2020 ജനുവരി വരെയുണ്ടെന്നും അവർ അവകാശപ്പെടുന്നു. അതിനിടെ മനിലയിൽ കഴിഞ്ഞ വർഷം നടന്ന മിസ് ഇന്റർനാഷനൽ സൗന്ദര്യ മത്സരത്തിൽ ഇറാനെ പ്രതിനിധീകരിക്കുകയും ചെയ്തു. 

1979ലെ ഇറാൻ വിപ്ലവത്തില്‍ സ്ഥാനഭ്രഷ്ടനാക്കപ്പെട്ട രാജാവ് മുഹമ്മദ് റിസ പഹ്‍ലവിയുടെ മകൻ റിസ പഹ്‍ലവിയുടെ ചിത്രവുമായി മത്സരത്തിനെത്തിയതാണ് ഇറാനെ ചൊടിപ്പിച്ചതെന്നാണു കരുതുന്നത്. ഇറാനിൽനിന്നു നാടുകടത്തപ്പെട്ടയാളാണു റിസ പഹ്‍ലവി. ഇറാൻ മുൻ രാജവംശത്തിന്റെ പതാകയും മത്സരത്തിൽ ബഹാരി ഉപയോഗിച്ചിരുന്നു. ജനങ്ങളുടെ ശബ്ദമാകാനായിരുന്നു ശ്രമിച്ചിരുന്നതെന്നാണ് അന്ന് ‌വിദ്യാർഥിനി കൂടിയായിരുന്ന ബഹാരി പറഞ്ഞത്.

bahareh-zare-bahari-6
ബഹോറെ സറി ബഹാരി

ഇറാനിയൻ സർക്കാരിനെതിരെ പൊതുവേദികളിൽ സ്വീകരിച്ച നിലപാടുകളുടെ പേരിലാണ്  തന്നെ വേട്ടയാടുന്നത്. 2018മുതലാണ് ഇറാന്റെ ആവശ്യപ്രകാരം ഇന്റര്‍പോൾ വേട്ടയാടാൻ തുടങ്ങിയത്. ഫിലിപ്പീൻസിലെ ദഗുപൻ നഗരത്തിലെ ആക്രമണക്കേസിൽ പ്രതിയാണെന്നാണ്  പറയുന്നത്. ഫിലിപ്പീന്‍സിൽ താമസിക്കുന്ന തനിക്കെതിരെ ഇറാനിൽ എങ്ങനെയാണ് ക്രിമിനൽ കേസുണ്ടാകുന്നതെന്ന് പല തവണ അവരെ ബോധ്യപ്പെടുത്താൻ ശ്രമിച്ചതാണ്.

ഫിലിപ്പീൻസിൽ അഭയാർഥിയാകാൻ താൽപര്യമില്ല. അവിടെ എനിക്കു സുരക്ഷ ലഭിക്കുമെന്നു തോന്നുന്നില്ല. മറ്റേതെങ്കിലും രാജ്യത്തേക്കു കടക്കാനാണ് ആഗ്രഹമെന്നും ബഹാരി സമൂഹമാധ്യമത്തിലൂടെ നേരത്തേ അറിയിച്ചിരുന്നു. അതിനിടെയാണ് ഇപ്പോൾ രാഷ്ട്രീയ അഭയത്തിന് അവസരം ലഭിച്ചിരിക്കുന്നത്.

വിമാനത്താവളത്തിൽ നാടകീയ സംഭവങ്ങൾ

ഒക്ടോബർ 17നു ദുബായില്‍നിന്നു മടങ്ങിയെത്തിയപ്പോഴാണു രാജ്യത്തു പ്രവേശിക്കാനാകില്ലെന്നു ഫിലിപ്പീൻസ് അധികൃതർ ബഹാരിയെ അറിയിച്ചത്. തുടർന്നു വിമാനത്താവള ഉദ്യോഗസ്ഥരുമായി വാക്കുതർക്കമുണ്ടായി. വീസയിൽ ചില പ്രശ്നങ്ങളുണ്ടെന്നാണു ബഹാരിയോട് അധികൃതർ ആദ്യം പറഞ്ഞത്. ഇറാനിലേക്കു മടങ്ങിപ്പോകണമെന്നും ആവശ്യപ്പെട്ടു.

Bahareh-Zare-Bahari-2
ബഹോറെ സറി ബഹാരി

ഇതോടെ ബഹാരി ഒരു സുഹൃത്തിനെ സഹായത്തിനായി വിളിച്ചു. എവിടേക്കും പോകില്ലെന്നു മറുപടി കൊടുത്ത യുവതി വിമാനത്താവളത്തിൽ തന്നെ ഇരിക്കുകയായിരുന്നു. ബഹളമായതോടെ സുഹൃത്തെത്തി വിമാനത്താവള അധികൃതരെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു. എന്നാൽ ഇദ്ദേഹത്തെയും പിന്നീട് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു. വിദേശ പൗരന്മാർ ഫിലിപ്പീൻസിലെ നിയമത്തെ ബഹുമാനിക്കാൻ തയാറാകണമെന്ന നിലപാടാണ് ഇമിഗ്രേഷൻ കമ്മിഷണർ ജെയിം മൊറെന്റെ സ്വീകരിച്ചത്. 

English Summary: Iranian beauty queen wins asylum in Philippines

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com