ADVERTISEMENT

ശബരിമല ∙ ദര്‍ശനത്തിനായി പമ്പയിലെത്തിയ ആന്ധ്ര സ്വദേശികളായ മൂന്ന് യുവതികളെ പൊലീസ് തിരിച്ചയച്ചു. വിജയവാഡയില്‍ നിന്നുള്ള പതിനഞ്ചംഗ സംഘത്തിലെ പത്തു പേരെയാണു തടഞ്ഞത്. പ്രായം പരിശോധിച്ചശേഷമായിരുന്നു പൊലീസ് നടപടി. ആചാരത്തെക്കുറിച്ച് അറിയില്ലെന്നു സ്ത്രീകള്‍ പ്രതികരിച്ചു. പമ്പയിലെത്തുന്ന സ്ത്രീകളുടെ ആധാര്‍ ഉള്‍പ്പെടെയുള്ള രേഖകളാണു പൊലീസ് പരിശോധിക്കുന്നത്.

സുപ്രീംകോടതി വിധിയില്‍ അനിശ്ചിതത്വം തുടരുന്നതിനിടെ ശബരിമല തീര്‍ഥാടനത്തിന് ഇന്നു വൈകിട്ട് തുടക്കമാകും. സന്നിധാനത്തെയും പമ്പയിലെയും നിയന്ത്രണങ്ങൾ പൊലീസ് ഒഴിവാക്കി. സന്നിധാനത്തെത്തുന്ന തീർത്ഥാടകരെ സ്വാമി എന്നുതന്നെ അഭിസംബോധന ചെയ്യണമെന്നു പൊലീസിനു നിർദേശം നൽകി. യുവതികളെത്തിയാൽ നിയമോപദേശപ്രകാരം നടപടിയെടുക്കുമെന്നു ഡിജിപി പറഞ്ഞു. വിശ്രമസ്ഥലത്തിന്റെ അപര്യാപ്തത ഒഴികെ പമ്പയിലെ അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെടുത്തി.

മഹാപ്രളയത്തിനു ശേഷമുള്ള രണ്ടാം മണ്ഡലകാലം തുടങ്ങുമ്പോഴും പമ്പ പഴയ സ്ഥിതിയിലായിട്ടില്ല. തീർത്ഥാടകർക്ക് വിശ്രമിക്കാനുളള സ്ഥലങ്ങളുടെ നിർമാണം പാതിവഴിയിലാണ്. വെയിലും മഴയുമേൽക്കാതെ ക്യൂ നിൽക്കുക പ്രയാസം. ശുചിമുറികളുടെ എണ്ണം വർധിപ്പിച്ചു. പ്രളയത്തിൽ തകർന്ന കെട്ടിടങ്ങൾ മെച്ചപ്പെടുത്തി ഹോട്ടലും അന്നദാന മണ്ഡപവും പുനർനിർമിച്ചു. ഇലവുങ്കൽ മുതൽ സന്നിധാനം വരെയുള്ള പരിശോധനകളിൽ ഇളവുണ്ട്.

കഴിഞ്ഞ തീർത്ഥാടന കാലത്തുണ്ടായ സംഘർഷങ്ങളും വിവാദങ്ങളും ഒഴിവാക്കാൻ കനത്ത ജാഗ്രതയും കരുതലും സർക്കാർ പുലർത്തുന്നുണ്ട്. സന്നിധാനത്ത് ഇത്തവണ വനിതാ പൊലീസിനെ വിന്യസിക്കേണ്ടെന്നു നേരത്തെ തീരുമാനിച്ചിരുന്നു. കടുത്ത നിയന്ത്രണങ്ങളോ വലിയ സേനാ വിന്യാസമോ ഇല്ല. കഴിഞ്ഞ വർഷം നേരിട്ട വലിയ വരുമാന നഷ്ടം ഇത്തവണ മറികടക്കാം എന്ന പ്രതീക്ഷയിലാണു തിരുവിതാംകൂർ ദേവസ്വം ബോർഡ്. വൈകിട്ട് മേൽശാന്തിയും തന്ത്രിയും ചേർന്ന് നടതുറക്കും. തുടർന്നു പുതിയ മേൽശാന്തി സ്ഥാനമേൽക്കും.

English Summary: Police stopped women at Pamba

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com