ADVERTISEMENT

മലപ്പുറം ∙ ചലച്ചിത്രനിർമാതാവും എഴുത്തുകാരനുമായ ടി.മുഹമ്മദ് ബാപ്പു (പാർസി മുഹമ്മദ് – 82) അന്തരിച്ചു. ശ്വാസതടസത്തെ തുടർന്ന് എടപ്പാളിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വൈകിട്ട് അഞ്ചു മണിയോടെയായിരുന്നു അന്ത്യം. ഏറെ നാളായി വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് വിശ്രമത്തിലായിരുന്നു.

ദേശീയ പുരസ്കാരം ലഭിച്ച സ്വപ്നാടനം (1976), ബോളിവുഡ് ചിത്രം ലുബ്ന (1982) തുടങ്ങിയവയുടെ നിർമാതാവാണ്. മാറഞ്ചേരി സ്വദേശിയായ മുഹമ്മദ് ബാപ്പു മുംബൈയിലും ഏറെക്കാലം താമസിച്ചു. മുംബൈയിൽ പാർസികൾ കൂടുതലായി താമസിക്കുന്ന ഒരു തെരുവിൽ ഒരു സാധാരണക്കാരനെ ഗുണ്ടയിൽ നിന്ന് രക്ഷപ്പെടുത്തിയതോടെയാണ് പാർസി മുഹമ്മദ് എന്ന പേരു ലഭിച്ചത്.

പുതുജീവിതം തേടി മുംബൈയിലെത്തിയ അദ്ദേഹം മഹാനഗരത്തിലെ ജീവിതത്തിനിടയിൽ പല ജോലികളും ചെയ്തു. കാലക്രമേണ രാഷ്ട്രീയക്കാർ, ചലച്ചിത്രപ്രവർത്തകർ, കലാകാരന്മാർ, അധോലോക നായകർ തുടങ്ങിയവരുമായി സൗഹൃദമുണ്ടായി. അധോലോകത്തിൽ സജീവമായിരുന്ന ഹാജി മസ്താൻ, കരിം ലാല, വരദരാജ മുതലിയാർ തുടങ്ങിയവരുമായും പാർസി മുഹമ്മദ് സൗഹൃദം നേടി.

മാറഞ്ചേരി പുറങ്ങിൽ മുഹമ്മദലിയുടെയും ആയിഷയുടെയും മൂത്ത മകനായാണ് ജനനം. മലയാളത്തിലെ ആദ്യത്തെ മനഃശാസ്ത്ര പംക്തികാരനായും ശ്രദ്ധേയനായി. മദ്രാസ് പ്രസിഡൻസി കോളജിൽ മനഃശാസ്ത്രം പഠിച്ച അദ്ദേഹം ഇന്ത്യയിലെ മനഃശാസ്ത്രജ്ഞന്മാരുടെ സംഘടനയുടെ സ്ഥാപകാംഗം കൂടിയാണ്.

മുംബൈയിൽ ഫ്ലാറ്റുകൾ സ്വന്തമാക്കിയ മുഹമ്മദിന്റെ സൗഹൃദവലയത്തിൽ പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലും മറ്റും പഠിച്ചിറങ്ങിയ പ്രതിഭകളുമുണ്ടായി. ഇവരിൽ അരവിന്ദൻ, ജോൺ എബ്രഹാം തുടങ്ങിയ ചലച്ചിത്ര പ്രതിഭകളുമായുള്ള ബന്ധമാണ് സ്വപ്നാടനം എന്ന ചലച്ചിത്രമൊരുക്കാൻ മുഹമ്മദ് ബാപ്പുവിന് പ്രേരകമായത്. ‘സ്വപ്നാടന’ത്തിന്റെ സംവിധാനത്തിലൂടെ മലയാളത്തിലെ വിഖ്യാത ചലച്ചിത്രപ്രവർത്തകനായ കെ.ജി.ജോർജിന് വഴിതെളിക്കാനും മുഹമ്മദ് ബാപ്പു നിമിത്തമായി.

‘ലബ്ലൈക്ക്’, ‘റോസ റംസാൻ’, ‘മുംബൈ ലോക്കൽ ട്രെയിൻ’ തുടങ്ങിയ ചലച്ചിത്രങ്ങളും നിർമിച്ചു. മുഹമ്മദ് റഫി, കിഷോർ കുമാർ, ലതാ മങ്കേഷ്കർ, ആശാ ഭോസ്‌ലെ തുടങ്ങിയവരുമായും അദ്ദേഹത്തിന് സൗഹൃദമുണ്ടായിരുന്നു. അര ലക്ഷം രൂപ പ്രതിഫലമുണ്ടായിരുന്ന റഫി, മുഹമ്മദ് ബാപ്പുവുമായുണ്ടായിരുന്ന സൗഹൃദത്തിന്റെ പേരിൽ പാട്ടു പാടാൻ 10,000 രൂപ മാത്രമാണ് ‘ലുബ്‌ന’ എന്ന ചലച്ചിത്രത്തിന് വാങ്ങിയത്.

English Summary: Film Producer Muhammad Bappu(Parsi Muhammad) passed away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com