ADVERTISEMENT

ന്യൂഡൽഹി ∙ ജവാഹർലാൽ നെഹ്റു സർവകലാശാല (ജെഎൻയു) വിദ്യാർഥികളുടെ സമരവീര്യത്തിനു മുന്നിൽ പൊലീസും അധികൃതരും തോറ്റ കാഴ്ചയാണ് ഇന്നലെ നഗരത്തിലുണ്ടായത്. നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടും സർവകലാശാല ക്യാംപസിൽ ഒത്തു കൂടിയതു മുതൽ ഏറെ തിരക്കുള്ള ജോർ ബാഗിലെ അരബിന്ദോ മാർഗ് ഉപരോധിച്ചതിൽ വരെ വിദ്യാർഥികളുടെ വീര്യം നിറഞ്ഞു നിന്നു. 

ഹോസ്റ്റൽ നിരക്കുമായി ബന്ധപ്പെട്ട സമരത്തിന്റെ ഭാഗമായി പാർലമെന്റ് മാർച്ച് വിദ്യാർഥികൾ നേരത്തെ പ്രഖ്യാപിച്ചിരുന്നു. സമരത്തെ നേരിടാൻ ജെഎൻയു ക്യാംപസിലും പരിസരത്തും നിരോധനാജ്ഞ പുറപ്പെടുവിച്ചെങ്കിലും രാവിലെ മുതലേ ക്യാംപസിലെ സബർമതി ഹോസ്റ്റലിനു മുന്നിൽ നൂറുകണക്കിനു വിദ്യാർഥികളെത്തി. പത്തരയോടെയാരംഭിച്ച മാർച്ച് സമീപത്തെ ബാബാ ഗാങ് മാർഗിൽ പൊലീസ് തടഞ്ഞു.   

ബാരിക്കേഡ് തകർത്തു മുന്നേറാൻ ശ്രമിച്ചവർക്കു നേരെ പൊലീസ് കയ്യേറ്റമുണ്ടായി. പലരെയും വലിച്ചിഴച്ചാണു നീക്കിയത്. വിദ്യാർഥി യൂണിയൻ പ്രസിഡന്റ് ഐഷി ഘോഷ് ഉൾപ്പെടെയുള്ളവരെ കസ്റ്റഡിയിലെടുത്തതോടെ  വിദ്യാർഥികൾ പിരിയുമെന്നായിരുന്നു പൊലീസ് കണക്കുകൂട്ടൽ. 

എന്നാൽ വിദ്യാർഥി സംഘം സമീപത്തെ നെൽസൺ മണ്ടേല റോഡ് വഴി നീങ്ങിയതോടെ പൊലീസും പ്രതിസന്ധിയിലായി. ആയിരക്കണക്കിനു വിദ്യാർഥികൾ മാർച്ച് ചെയ്ത് ജോർ ബാഗ് ഭാഗത്തേക്കു നീങ്ങിയതോടെ ലുട്യൻസ് മേഖലയിലെ പ്രധാന ഭാഗങ്ങളിലെല്ലാം  സുരക്ഷാസേനയെ വിന്യസിച്ചു. ഏറെ തിരക്കുള്ള പട്ടേൽ ചൗക്ക്, സെൻട്രൽ സെക്രട്ടേറിയറ്റ്, ഉദ്യോഗ് ഭവൻ, പ്രധാനമന്ത്രിയുടെ വസതി സ്ഥിതി ചെയ്യുന്ന ഭാഗത്തെ ലോക് കല്യാൺ മാർഗ് സ്റ്റേഷൻ എന്നിവിടങ്ങളിലേക്കുള്ള പ്രവേശനവും  പുറത്തേക്കിറങ്ങുന്നതും മണിക്കൂറുകളോളം തടഞ്ഞു. ഒടുവിൽ 10 കിലോമീറ്ററോളം  മാർച്ച് നടത്തി ജോർ ബാഗിൽ സഫ്ദർജങ് ശവകുടീരത്തിനു സമീപമെത്തിയ വിദ്യാർഥികളെ അരബിന്ദോ മാർഗിൽ പൊലീസ് തടഞ്ഞു. 

കസ്റ്റഡിയിലെടുത്ത വിദ്യാർഥികളെ വിട്ടയയ്ക്കുക, ഹോസ്റ്റൽ വിഷയത്തിൽ ചർച്ച നടത്തുക എന്നീ ആവശ്യങ്ങളുമായി  വിദ്യാർഥികൾ റോഡിൽ സമരം തുടർന്നു. രാത്രി ഏഴരയോടെ കേന്ദ്ര മാനവശേഷി സെക്രട്ടറി ചർച്ചയ്ക്കായി  യൂണിയൻ പ്രതിനിധികളെ ക്ഷണിച്ചു. ഇവർ പൊലീസ് വാഹനത്തിൽ പോയതിനു പിന്നാലെയായിരുന്നു തെരുവു വിളക്കുകൾ അണച്ചുള്ള പൊലീസ് വിരട്ടൽ. ലാത്തി വീശി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് (എയിംസ്) ഭാഗം വരെ വിദ്യാർഥികളെ ഓടിച്ചു. പൊലീസ് അതിക്രമത്തിനെതിരെ കോടതിയെ സമീപിക്കാനുള്ള തീരുമാനത്തിലാണു വിദ്യാർഥികൾ. 

‘അടിയന്തരാവസ്ഥ’

പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച അടിയന്തരാവസ്ഥയാണു ഡൽഹിയിൽ നടക്കുന്നതെന്നു  സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി. ജെഎൻയു വിദ്യാർഥികൾക്കു നേരെയുണ്ടായ പൊലീസ് അതിക്രമത്തിനെതിരെയായിരുന്നു അദ്ദേഹത്തിന്റെ  പ്രതികരണം. ജനകീയ സമരങ്ങളെ നേരിടേണ്ടത് പൊലീസ് മുറ ഉപയോഗിച്ചല്ലെന്നും അദ്ദേഹം പറഞ്ഞു. 

‘അടിയന്തരാവസ്ഥക്കാലത്ത്  കണ്ടിട്ടുള്ളതിലേറെ  പൊലീസ് സേനയെയാണു  വിദ്യാർഥികളുടെ സമരം നേരിടാൻ നിയോഗിച്ചത്. സമാധാനപരമായി  സമരം നടത്തുകയായിരുന്ന  വിദ്യാർഥികളെ ഇവർ നേരിടുകയായിരുന്നു.  വിദ്യാർഥികളെ  പ്രകോപിപ്പിക്കാനാണു  മോദി സർക്കാർ ശ്രമിക്കുന്നത്.’ അദ്ദേഹം പറഞ്ഞു. 

ഉന്നതതല സമിതിയുമായി ചർച്ച നടന്നു?

ജെഎൻയു  വിദ്യാർഥി യൂണിയൻ പ്രതിനിധികളും  കേന്ദ്ര മാനവശേഷി മന്ത്രാലയം പ്രതിനിധികളുമായി ചർച്ച നടത്തിയെന്നു സ്ഥിരീകരിക്കാത്ത വിവരം. ഫീസ് വർധന പിൻവലിക്കുക, വൈസ് ചാൻസലറെ മാറ്റുക തുടങ്ങിയ ആവശ്യങ്ങളുമായി നിവേദനം സമർപ്പിച്ചുവെന്നു യൂണിയൻ പ്രതിനിധികൾ വ്യക്തമാക്കി. 

എന്നാൽ കേന്ദ്രമന്ത്രാലയം ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ജോയിന്റ് സെക്രട്ടറി ജി.സി. ഹൊസൂറുമായി ചർച്ച നടത്തിയെന്നു  യൂണിയൻ വൈസ് പ്രസിഡന്റ് സാകേത് മൂൺ പറയുന്നു. ജെഎൻയു വിഷയം ചർച്ച ചെയ്യാൻ  മന്ത്രാലയം  രൂപീകരിച്ച സമിതിയുമായി  നാളെ കൂടിക്കാഴ്ച നടത്തുമെന്നാണു വിവരം. 

യുജിസി മുൻ ചെയർമാൻ പ്രഫ. വി.എസ്. ചൗഹാൻ, ദേശീയ സാങ്കേതിക വിദ്യാഭ്യാസ കൗൺസിൽ (എഐസിടിഇ) ചെയർമാൻ പ്രഫ. അനിൽ സഹസ്രബുദ്ധ, യുജിസി സെക്രട്ടറി പ്രഫ. രജനീഷ് ജെയിൻ എന്നിവരാണ് പ്രശ്നപരിഹാരത്തിനായി മാനവശേഷി വകുപ്പു രൂപീകരിച്ച സമിതിയിലുള്ളത്. 

വിദ്യാർഥികൾക്ക് പരുക്ക്

അന്ധ വിദ്യാർഥി ഉൾപ്പെടെയുള്ളവർക്കു  പൊലീസ് മർദനത്തിൽ  പരുക്ക്. ജോർ ബാഗിൽ  പൊലീസിന്റെ ലാത്തിച്ചാർജിനിടെ നെഞ്ചിൽ ചവിട്ടേറ്റ അന്ധ വിദ്യാർഥി ശശി ഭൂഷന്റെ ആരോഗ്യസ്ഥിതി മോശമായതോടെ  രാത്രി എയിംസിൽ  പ്രവേശിപ്പിച്ചു. തോളെല്ലിനു പരുക്കേറ്റ വിദ്യാർഥി ഫറൂഖിനെ സഫ്ദർജങ് ആശുപത്രിയിലും  പ്രവേശിപ്പിച്ചു. ജോർ ബാഗിൽ തെരുവു വിളക്കുകൾ അണച്ചായിരുന്നു ലാത്തിച്ചാർജ്.

വിസിയെ വിമർശിച്ച് കെ.കെ. രാഗേഷ് എംപി

ജെഎൻയു വൈസ് ചാൻസലർ എം. ജഗദീഷ് കുമാറിനെതിരെ വിമർശനവുമായി സിപിഎം രാജ്യസഭാംഗം കെ.കെ. രാഗേഷ്. താങ്കൾ ജെഎൻയുവിന്റെ വിസിയായാണു നിയമിതനായതെന്നും തിഹാർ ജയിലിന്റെ സൂപ്രണ്ടല്ലെന്നും രാഗേഷ് പറഞ്ഞു. ക്യാംപസ് സന്ദർശിച്ചു വിദ്യാർഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. ‘താങ്കൾ അഭിപ്രായ സ്വാതന്ത്ര്യം അടിച്ചമർത്തുന്നു. നമ്മുടേത് ഒരു ഫാഷിസ്റ്റ് ഹിന്ദു രാഷ്ട്രമല്ലെന്ന് വിസിയും അധികൃതരും മനസ്സിലാക്കണം. അഭിപ്രായ, ആവിഷ്കാര സ്വാതന്ത്ര്യം ഒരു മൗലികാവകാശമാണ്. ഒരു വിസിക്കും ഇതു തടയാൻ കഴിയില്ല’ അദ്ദേഹം പറഞ്ഞു. 

English Summary: JNU Students Strike, Police used lathi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com