കൂടത്തായി കൂട്ടക്കൊല: വ്യാജ ഒസ്യത്തിൽ ഒപ്പിട്ട മുൻ സിപിഎം നേതാവ് അറസ്റ്റിൽ
Mail This Article
കോഴിക്കോട്∙ കൂടത്തായി കൊലപാതക പരമ്പരയിൽ സിപിഎം മുൻ ലോക്കൽ സെക്രട്ടറി മനോജ് അറസ്റ്റിൽ. കേസിലെ മുഖ്യപ്രതി ജോളി തയാറാക്കിയ വ്യാജ ഒസ്യത്തില്‍ ഒപ്പിട്ട സംഭവത്തിലാണ് അറസ്റ്റ്. കേസിൽ ആരോപണ വിധേയനായതിനെ തുടർന്ന് മനോജിനെ സിപിഎം പുറത്താക്കിയിരുന്നു.
സിപിഎമ്മിന്റെ കട്ടാങ്ങൽ ലോക്കൽ കമ്മിറ്റി സെക്രട്ടറിയായിരുന്നു മനോജ്. താൻ കബളിപ്പിക്കപ്പെട്ടതാണെന്ന് മനോജ് നേരത്തേ പറഞ്ഞിരുന്നു. എൻഐടി ലക്ചറർ എന്ന നിലയിലാണു ജോളിയെ പരിചയപ്പെട്ടത്. ഇതു മുതലെടുത്ത് ഒരു കരാറിൽ സാക്ഷിയായി ഒപ്പിട്ടു നൽകണം എന്നാവശ്യപ്പെട്ടു സമീപിക്കുകയായിരുന്നു എന്നാണു മനോജ് പറയുന്നത്.
മനോജ് വ്യാജമായി ഒപ്പിട്ടശേഷം തന്നെ അറിയിക്കുകയായിരുന്നെന്ന് വ്യാജ ഒസ്യത്തിൽ ഒപ്പിട്ട മറ്റൊരാളായ മഹേഷ് പറഞ്ഞു. എൻഐടിയിൽ കരാർ അടിസ്ഥാനത്തിൽ സെക്യൂരിറ്റി ജീവനക്കാരൻ ആയി ജോലി ചെയ്യുകയാണു മഹേഷ്. മനോജ് പറഞ്ഞതു പ്രകാരമാണ് ഒപ്പിട്ടുവെന്ന് പൊലീസിൽ മൊഴി നൽകിയതെന്നും സത്യാവസ്ഥ പൊലീസിനെ അറിയിച്ചിട്ടുണ്ടെന്നും മഹേഷ് പ്രതികരിച്ചിരുന്നു.
പ്രതി ജോളി ജോസഫിനെ തെളിവെടുപ്പിനായി നാളെ കട്ടപ്പനയിലെത്തിക്കും. അന്നമ്മ തോമസ് വധം അന്വേഷിക്കുന്ന പൊലീസ് സംഘം ഇന്നു രാത്രി ജോളിയുമായി രാത്രി കട്ടപ്പനയിലേക്ക് പുറപ്പെടും.
English Summary: Former CPM leader arrested in Koodathai murder case