ADVERTISEMENT

തിരുവനന്തപുരം ∙ പത്തനംതിട്ട ജില്ലാ ആസ്ഥാനത്ത് ഒരു റയിൽവേ സ്റ്റേഷനില്ലെന്നും അങ്ങോട്ടേക്ക് തിരുവനന്തപുരത്ത് നിന്ന് നേരിട്ട് ട്രെയിൻ സർവീസ് ഇല്ലെന്നും റയിൽവേ മന്ത്രാലയം പറഞ്ഞാലും അഡ്വക്കേറ്റ് ക്ലാർക്ക്സ് ക്ഷേമനിധി ബോർഡിലെ ജീവനക്കാർ അത് അംഗീകരിക്കില്ല. അവിടേക്ക് ട്രെയിൻ ഓടുന്നതിന്റെ തെളിവും അവരുടെ കൈവശം ഉണ്ട്! പത്തനംതിട്ട റയിൽവേ സ്റ്റേഷനിലേക്ക് ട്രെയിനിൽ സെക്കൻഡ് ക്ലാസ് എസിയിലുള്ള യാത്രാപ്പടി അനുവദിക്കുന്ന രാജ്യത്തെ ഏക ഓഫിസാണ് ഇത്.

ക്ഷേമനിധി ബോർഡ് അംഗങ്ങളാണ് ഇല്ലാത്ത ഈ ട്രെയിനിലെ യാത്രക്കാർ. അവർ നൽകുന്ന ബില്ലുകൾ കളവാണെന്നു ജീവനക്കാർക്കും അറിയാം. ടിക്കറ്റ് ഹാജരാക്കാൻ പറഞ്ഞാലുള്ള ഭീഷണി ഓർക്കുമ്പോൾ ഈ ബില്ലുകളെല്ലാം ജീവനക്കാർ കണ്ണടച്ച് ‘പച്ചക്കൊടി വീശി’ പാസാക്കിക്കൊടുക്കും.

ഡയറക്ടർ ബോർഡിൽ അഡ്വക്കറ്റ് ക്ലാർക്കുമാരുടെ പ്രതിനിധികളായി മൂന്നു പേരുണ്ട്. സിപിഎം നോമിനികളായ ഇവരാണു ഗുമസ്തന്മാർക്ക് ആനുകൂല്യങ്ങൾ നൽകുന്നതിനുള്ള പരിശോധകർ. ക്ഷേമനിധി അംഗങ്ങളിൽ 60 കഴിഞ്ഞ, 30 വർഷം പൂർത്തിയാക്കിയവർക്കു മൂന്നു ലക്ഷം രൂപ ലഭിക്കും. ഇവരെക്കുറിച്ചും അംഗങ്ങളാകാൻ അപേക്ഷ നൽകുന്നവരെക്കുറിച്ചും അവരുടെ അഭിഭാഷകന്റെ ഓഫിസിലും കോടതിയിലും നേരിട്ടു പരിശോധന നടത്തണമെന്നാണു വയ്പ്പ്. ഇതിനുവേണ്ടി എല്ലാ ദിവസം മൂന്ന് അംഗങ്ങൾ ‘യാത്രയിൽ’ ആയിരിക്കും.

നെയ്യാറ്റിൻകര സ്വദേശിയായ ഒരു ബോർഡ് അംഗം റയിൽവേ സ്റ്റേഷനിൽ ഓട്ടോറിക്ഷയിലാണ് എത്തുന്നത്. അതിനു വാടക 120 രൂപ. കുറ്റിപ്പുറം സ്വദേശിയായ അംഗം റയിൽവേ സ്റ്റേഷനിലേക്ക് ആറു കിലോമീറ്റർ യാത്ര ചെയ്യുമ്പോൾ യാത്രാപ്പടിയായി വാങ്ങുന്നത് 200 രൂപയും. ബോർഡ് ചെയർമാനായ നിയമവകുപ്പ് സെക്രട്ടറി വൈകിട്ട് അഞ്ചിന് സെക്രട്ടേറിയറ്റിൽ യോഗം നടത്തിയപ്പോൾ 20 കിലോമീറ്റർ അകലെ നിന്ന് ട്രെയിനിൽ എത്തിയതിനു യാത്രപ്പടി വാങ്ങിയിട്ടുണ്ട്.

ട്രെയിൻ തലസ്ഥാനത്ത് എത്തിയതു പുലർച്ചെ ഒരു മണിക്ക്. 10 കിലോമീറ്റർ ദൂരെയാണു യാത്രയെങ്കിലും എസി സെക്കൻഡ് ക്ലാസിന്റെ തുകയാണ് എഴുതിയെടുത്തത്. പാസാകാത്ത ചില ബില്ലുകൾ നവംബർ 26 ന് ചേരുന്ന ബോർഡ് യോഗത്തിൽ അംഗീകരിക്കാൻ അജൻഡയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കോടതിയിൽ സമർപ്പിക്കുന്ന വക്കാലത്തുകൾക്കെല്ലാം ക്ഷേമനിധിയുടെ 12 രൂപ വിലയുള്ള സ്റ്റാംപ് പതിക്കണം. ഇതാണു ക്ഷേമനിധിയുടെ വരുമാനം. 5500 അംഗങ്ങളുള്ള ക്ഷേമനിധിയുടെ അക്കൗണ്ടിൽ ഇപ്പോൾ 15 കോടി രൂപ ഉണ്ട്.

English Summary: There is Pathanamthitta Railway Station, according to Advocate Clerks Welfare Fund records

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com