ADVERTISEMENT

കൊച്ചി∙ ശബരിമലയിലേക്കില്ലെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ്‌ തൃപ്തി ദേശായി. രാത്രി 12.20-ന്റെ വിമാനത്തിൽ മടങ്ങുമെന്നും തൃപ്തി പറഞ്ഞു. അതേസമയം, തൃപ്തി ദേശായി അടക്കം ഒരു യുവതിയേയും ശബരിമല കയറ്റില്ലെന്ന് മന്ത്രി എ.കെ. ബാലൻ പറഞ്ഞു. ശബരിമലയിൽ സമാധാനം ഉറപ്പുവരുത്തും. ഗൂഢാലോചന അന്വേഷിക്കും. വിധിയിൽ വ്യക്തത വരുത്താൻ സർക്കാർ കോടതിയെ സമീപിക്കില്ല. ബിന്ദു അമ്മിണിക്കു നേരെ നടന്ന അക്രമം മനുഷ്യാവകാശ ലംഘനമാണ്. ബിന്ദു തന്നെ കണ്ടിട്ടില്ലെന്നും എ.കെ. ബാലൻ പ്രതികരിച്ചു. 

ശബരിമല ദർശനത്തിനു തൃപ്തി ദേശായിക്കും സംഘത്തിനും സംരക്ഷണം നൽകില്ലെന്ന് പൊലീസ് അറിയിച്ചിരുന്നു. നിയമോപദേശം യുവതീ പ്രവേശനത്തിന് എതിരെന്നും മടങ്ങി പോകണമെന്നും കൊച്ചി ഡിസിപി സംഘത്തെ അറിയിച്ചു. എന്നാൽ ശബരിമല ദർശനം നടത്താതെ മടങ്ങില്ലെന്ന നിലപാടിലായിരുന്നു തൃപ്തി. പമ്പ വഴി ശബരിമലയിലേക്ക് പോകാനാണ് തൃപ്തി ദേശായി സംരക്ഷണം ആവശ്യപ്പെട്ടിരുന്നത്.

തൃപ്തി ദേശായിയും  ഭൂമാതാബ്രിഗേഡിലെ നാലുപേരും  ഇന്നു പുലർച്ചെയാണ് നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയത്. സ്ത്രീ പ്രവേശനത്തിന് സ്റ്റേ ഇല്ലെന്നും തടഞ്ഞാല്‍ കാരണം എഴുതിനല്‍കേണ്ടിവരുമെന്നും തൃപ്തി ദേശായി പറഞ്ഞു. കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ ഓഫിസിനു മുന്നില്‍ ഹിന്ദു സംഘടനകളുടെ പ്രതിഷേധം തുടരുകയാണ്. 

ശബരിമലയിലേക്ക് തിരിച്ച ബിന്ദുഅമ്മിണിക്കു നേരെ കൊച്ചി കമ്മിഷണര്‍ ഓഫീസിനു മുന്നിൽ ആക്രമണമുണ്ടായി.  ഹിന്ദു ഹെല്‍പ് ലൈന്‍ നേതാവ്  ശ്രീനാഥ് എന്നയാൾ ബിന്ദുവിന്റെ മുഖത്ത്  മുളക് സ്പ്രേ ചെയ്തു. ഇതിന്റെ വിഡിയോയും പുറത്തു വന്നു. തുടർന്ന് ഇയാളെ പിന്നിലൂടെ എത്തി ബിന്ദു അടിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. പ്രതിഷേധക്കാരും ബിന്ദു അമ്മിണിയും തമ്മിൽ രൂക്ഷമായ വാക്കേറ്റമാണുണ്ടായത്. മുളകു സ്പ്രേ ചെയ്തയാളെ ബിന്ദു ചൂണ്ടിക്കാട്ടി. തുടർന്ന് ശ്രീനാഥിനെ പൊലീസ്  കസ്റ്റഡിയിലെടുത്തു. ബിന്ദു അമ്മിണിയെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയും ചെയ്തു

എന്നാൽ, മുളക് സ്പ്രെ ആരോപണം കള്ളമെന്നു സ്ഥലത്തുണ്ടായിരുന്നവർ പറയുന്നു. തടഞ്ഞവരോടു ബിന്ദു അമ്മിണി ക്ഷോഭത്തോടെ പൊട്ടിത്തെറിച്ചു. ഇതിനിടെ പ്രതിഷേധക്കാരിൽ ഒരാളെ ബിന്ദു കരണത്തടിച്ചെന്ന ആരോപണത്തെത്തുടർന്നും വാക്കേറ്റമുണ്ടായി. കഴിഞ്ഞവര്‍ഷം ശബരിമലദര്‍ശനം നടത്തിയ വ്യക്തിയാണ് ബിന്ദു അമ്മിണി.  സംഭവങ്ങളുടെ പശ്ചാത്തലത്തിൽ നിലയ്ക്കലി‍ല്‍ വാഹനപരിശോധന കര്‍ശനമാക്കി. എല്ലാ വാഹനങ്ങളും പരിശോധിക്കുന്നുണ്ട്. 

English Summary: Trupti Desai not going to Sabarimala

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com