ക്രൂരത കുരുന്നിനു മുന്നില്‍; കമ്പിവടിക്ക് അടിച്ചുവീഴ്ത്തി, തല ചിതറിച്ചു: തൂക്കുകയര്‍
Mail This Article
മാവേലിക്കര∙ കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 23-നാണ് നാടിനെ നടുക്കി ആറു വയസുള്ള മകന്‍ ദേവന്റെ മുന്നിലിട്ട് ബിജുവിനെയും ശശികലയെയും അയല്‍വാസിയായ സുധീഷ് തലയ്ക്കടിച്ചു കൊന്നത്. തെക്കേക്കര പല്ലാരിമംഗലത്ത് ഉച്ചയ്ക്കു 2.45ന് ആയിരുന്നു ഇരട്ടക്കൊലപാതകം. കൊടുംക്രൂരതയ്ക്ക് ഒടുവില്‍ കോടതി തൂക്കുകയര്‍ തന്നെ വിധിച്ചു. അലപ്പുഴ ജില്ലാ സെഷൻസ് ജഡ്ജി എ.ബദറുദീൻ ആണു വിധി പറഞ്ഞത്.
അച്ഛനെയും അമ്മയെയും അടിച്ചുകൊല്ലുന്നതു കണ്ട് നിലവിളിച്ചോടിയ ദേവനാണു സമീപത്തെ വീടുകളില്‍ എത്തി വിവരം അറിയിച്ചത്. അയല്‍വാസികള്‍ എത്തിയപ്പോള്‍ ബിജുവും ശശികലയും അടിയേറ്റു രക്തത്തില്‍ കുളിച്ചുകിടക്കുകയായിരുന്നു. കാലുകള്‍ ഒടിഞ്ഞു തൂങ്ങിയതിനാല്‍ കാറില്‍ കൊണ്ടുപോകാന്‍ പറ്റാത്ത നിലയിലായിരുന്നു.
സംഭവമറിഞ്ഞെത്തിയ സിപിഎം ഏരിയ സെക്രട്ടറി കെ.മധുസൂദനനാണ് ആംബുലന്‍സ് വിളിപ്പിച്ച് ഇരുവരെയും കായംകുളത്തെ ആശുപത്രിയിലേക്കു കൊണ്ടുപോയത്. ശശികല സംഭവസ്ഥലത്തും ബിജു കായംകുളം താലൂക്ക് ആശുപത്രിയിലും മരിച്ചു. ബിജുവിന്റെ മൂത്ത മകള്‍ ദേവിക സംഭവ സമയം മുള്ളിക്കുളങ്ങരയിലെ ബന്ധുവീട്ടിലായിരുന്നു. സുധീഷിനെ നാട്ടുകാര്‍ ഓടിച്ചിട്ടു പിടിച്ച് പൊലീസിനു കൈമാറുകയായിരുന്നു. അസഭ്യം പറഞ്ഞതു ചോദ്യം ചെയ്തതിന്റെ പേരിലാണ് കൊടുംക്രൂരത അരങ്ങേറിയത്.
പല്ലാരിമംഗലം ദേവു ഭവനത്തില്‍ ബിജു, ഭാര്യ ശശികല എന്നിവരെയാണ് തലയ്ക്കടിച്ചു കൊന്നത്. അയല്‍വാസിയായ പല്ലാരിമംഗലം പൊണ്ണശേരി കിഴക്കതില്‍ തിരുവമ്പാടി വീട്ടില്‍ ആര്‍.സുധീഷിനെയാണ് ഇപ്പോള്‍ വധശിക്ഷയ്ക്കു വിധിച്ചിരിക്കുന്നത്.
ബിജുവും ഭാര്യ ശശികലയും മാവേലിക്കരയിലെ ജോലി കഴിഞ്ഞു മകന്‍ ദേവനുമായി വീടിനു മുന്‍വശത്തെ വഴിയിലൂടെ പോയപ്പോള്‍ സുധീഷ് അസഭ്യം പറഞ്ഞു. ബിജു ഇതിനെ ചോദ്യം ചെയ്തു. മൂവരും വീടിനുള്ളിലേക്കു കയറിയതിനു പിന്നാലെ സുധീഷ് കമ്പിവടി ഉപയോഗിച്ചു ബിജുവിനെ ആക്രമിച്ചു. ആക്രമണം തടയാന്‍ ശ്രമിച്ച ശശികലയെയും കമ്പിവടികൊണ്ട് അടിച്ചു. പുറത്തേക്കോടിയ ഇരുവരെയും പിന്തുടര്‍ന്ന സുധീഷ് സ്വന്തം വീടിനു മുന്‍വശത്തെ വഴിയില്‍ വച്ചു വീണ്ടും കമ്പിവടികൊണ്ട് ആക്രമിച്ച ശേഷം ഇഷ്ടിക വച്ചു പലതവണ തലയ്ക്കിടിച്ചു കൊലപ്പെടുത്തുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. ബിജു മുന്‍പു താമസിച്ചിരുന്ന ഷെഡും സ്ഥലവും സുധീഷ് വിലയ്ക്കു വാങ്ങുകയായിരുന്നു. ബിജുവിന്റെ വീട്ടുകാരുമായി സുധീഷ് വഴക്കിടുന്നതു പതിവായതിനാല്‍ ബഹളം കേട്ടിട്ടും അയല്‍വാസികള്‍ ശ്രദ്ധിച്ചില്ല.
ദേവന്റെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ ഞെട്ടിപ്പിക്കുന്ന കാഴ്ചയാണു കണ്ടത്. രക്തത്തില്‍ കുളിച്ച് ബിജുവും ശശികലയും. ആദ്യം എന്തു ചെയ്യണമെന്നറിയാതെ നടുങ്ങി നിന്നെങ്കിലും ബിജുവിനെയും ശശികലയെയും ആശുപത്രിയിലെത്തിക്കാനായി ശ്രമം.
കൂട്ടത്തിലൊരാള്‍ ഇരുവര്‍ക്കും വെള്ളം കൊടുത്തു. കമ്പിവടി കൊണ്ടു തലങ്ങുംവിലങ്ങും അടിയേറ്റു കാലുകളൊടിഞ്ഞിരുന്നു. കമ്പി കൊണ്ടും ഇഷ്ടിക കൊണ്ടും ഇടിയേറ്റു തല പൊട്ടി രക്തം വാര്‍ന്നൊലിച്ച അവസ്ഥയിലായിരുന്നു. ഇരുവരെയും ആശുപത്രിയില്‍ കൊണ്ടുപോകാന്‍ കാര്‍ എത്തിച്ചെങ്കിലും കാലുകള്‍ ഒടിഞ്ഞു തൂങ്ങിയതിനാല്‍ കയറ്റാനായില്ല.
വിവരമറിഞ്ഞെത്തിയ സിപിഎം മാവേലിക്കര ഏരിയ സെക്രട്ടറി കെ.മധുസൂദനന്‍ ആംബുലന്‍സ് ക്രമീകരിച്ചു. ഉടന്‍ തന്നെ ഇരുവരെയും ആശുപത്രിയിലേക്കെത്തിച്ചു. പക്ഷേ, അപ്പോഴേക്കും അര മണിക്കൂറോളം വൈകി. അയല്‍വാസിയായ യുവാവ് അറിയിച്ചതിനെ തുടര്‍ന്നു പൊലീസും സ്ഥലത്തെത്തി. ദേവന്‍ പറഞ്ഞതു പ്രകാരം സുധീഷിനായി പൊലീസ് പല്ലാരിമംഗലം മുഴുവന്‍ തിരഞ്ഞു. പുത്തന്‍കുളങ്ങര ജംക്ഷനില്‍ നിന്ന സുധീഷ് പൊലീസ് ജീപ്പ് കണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിന്തുടര്‍ന്നു കീഴ്‌പ്പെടുത്തി.
തല്ലിക്കെടുത്തിയതു നാടിന്റെ പുഞ്ചിരി
എപ്പോഴും എല്ലാവരോടും പുഞ്ചിരിച്ച് ഇടപെട്ട ബിജുവിനെ നാട്ടുകാര്‍ പുഞ്ചിരിയെന്നാണു വിളിച്ചിരുന്നത്. ബിജുവും ഭാര്യ ശശികലയും വിവിധ വീടുകളില്‍ ജോലി ചെയ്താണു കുടുംബം പുലര്‍ത്തിയത്. മക്കള്‍ക്കു നല്ല വിദ്യാഭ്യാസം കൊടുക്കണമെന്ന ആഗ്രഹത്തില്‍ കഠിനാധ്വാനം ചെയ്തായിരുന്നു ജീവിതം. എല്ലാവരോടും തികഞ്ഞ സൗഹൃദത്തിലാണു ബിജു പെരുമാറിയിരുന്നതെന്നു നാട്ടുകാര്‍ ഓര്‍മിക്കുന്നു. സംഭവദിവസം മാവേലിക്കരയിലെ ജോലി കഴിഞ്ഞു മടങ്ങുമ്പോള്‍ മുള്ളിക്കുളങ്ങരയിലെ സഹോദരന്റെ വീട്ടിലെത്തി മകന്‍ ദേവനെയും കൂട്ടിയാണു ബിജുവും ശശികലയും സ്വന്തം വീട്ടിലേക്കു പോയത്. മകള്‍ ദേവിക ബന്ധുവീട്ടില്‍ തന്നെ നിന്നു.
English Summary: Death Sentence for Twin Murder