ADVERTISEMENT

തിരുവനന്തപുരം ∙ ബിജെപി അധികാരത്തിൽ വന്നശേഷമുള്ള നിയമനിർമാണപ്രക്രിയയിൽ പ്രകടമായ ന്യൂനപക്ഷ വിരുദ്ധതയുണ്ടെന്ന് ഇടതുമുന്നണി കൺവീനർ എ. വിജയരാഘവൻ. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭം രാജ്യത്തിന്റെ മനസ്സിനേറ്റ മുറിവിന്റെ പ്രതിഫലനമാണെന്ന് അദ്ദേഹം പറഞ്ഞു. കൂട്ടുത്തരവാദിത്തത്തോടെ പ്രവർത്തിക്കുന്ന ഇടതു മന്ത്രിസഭയിൽ നിലവിൽ പുനഃസംഘടനയ്ക്കു സാധ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു.

സമകാലിക ദേശീയ, കേരള രാഷ്ട്രീയത്തെപ്പറ്റി എ. വിജയരാഘവൻ മനോരമ ഓൺലൈനോട്:

∙ നരേന്ദ്രമോദി സർക്കാർ പൗരത്വ ഭേദഗതി നിയമം പാർലമെന്റിൽ പാസ്സാക്കി . ഇതിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം വളരുന്നു. സിപിഎമ്മിന്റെ നിലപാട് എന്താണ്?

പൗരത്വഭേദഗതി നിയമം രാജ്യത്തെ ഭിന്നിപ്പിക്കുന്ന നിയമനിർമാണമാണ്. നാട്ടിൽ ഏതു നിയമം പാസ്സാകുമ്പോഴും ആ നിയമത്തിനകത്തുനിന്ന് ഒരു വിഭാഗത്തെ ഒഴിവാക്കുന്നത് രൂക്ഷമായ പ്രശ്നമാണ്. ബിജെപി അധികാരത്തിൽ വന്ന ശേഷമുള്ള നിയമ നിർമാണപ്രക്രിയയിൽ പ്രകടമാകുന്ന ന്യൂനപക്ഷ വിരുദ്ധതയുണ്ട്. അടിസ്ഥാനപരമായി രാജ്യത്തെ മതപരമായി ഭിന്നിപ്പിക്കുക എന്ന ആർഎസ്എസ് അജൻഡയുടെ ഭാഗമാണത്. ഒരു പക്ഷേ, ഇന്ത്യയും പാകിസ്ഥാനും എന്ന നിലയിൽ രാജ്യം രണ്ടായി വെട്ടിമുറിയ്ക്കപ്പെട്ടശേഷം ആ നിലയിലുള്ള ആദ്യത്തെ അനുഭവമാണ് ഈ നിയമം. ബ്രിട്ടിഷ് ഇന്ത്യയിലെ ബംഗാൾ വിഭജനത്തിന്റെ പഴയ ഓർമകൾ നമ്മുടെ നാട്ടിലേക്കു വരികയാണ്. അടിസ്ഥാനപരമായി ഇത് വലിയ പ്രതിഷേധവും അവിശ്വാസവും രാജ്യത്ത് രൂപപ്പെടുത്തും. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും എതിരായ ഭരണകൂട കയ്യേറ്റമാണ് ഈ നിയമം.

∙പൗരത്വ ഭേദഗതി നിയമത്തിനെതിരായി രാജ്യത്ത് വളർന്നു വരുന്ന സമരത്തെ എങ്ങനെ കാണുന്നു?

ഈ സമരത്തിന് രണ്ട് ഭാഗമുണ്ട്. ഒന്ന് മൗലിക സമീപനം സംബന്ധിച്ച്, രണ്ടാമത്തേത് നിയമം നടപ്പാക്കുമ്പോൾ വിവിധ പ്രദേശങ്ങളിലുണ്ടാകുന്ന പ്രത്യാഘാതങ്ങൾ സംബന്ധിച്ച്. ഇന്ത്യയുടെ കിഴക്കൻ സംസ്ഥാനങ്ങളിൽ അതുണ്ടാക്കുന്ന പ്രത്യാഘാതം വ്യത്യസ്തതയുള്ളതാണ്. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ ജനങ്ങൾക്കിടയിൽ ഇതിനെതിരെ വലിയ പ്രതിഷേധം രൂപപ്പെട്ടിട്ടുണ്ട്. പടിഞ്ഞാറൻ ബംഗാളിൽ മറ്റൊരു തരത്തിലാണ് പ്രതിഷേധം രൂപപ്പെട്ടിട്ടുള്ളത്. അതിർത്തി പങ്കിടുന്ന ഗുജറാത്ത്, പഞ്ചാബ് സംസ്ഥാനങ്ങളിൽ ഈ നിയമത്തിനെതിരെ കൂടുതൽ തീവ്രമായ ജനകീയ പ്രതികരണത്തിനു സാധ്യതയുണ്ട്. പൊതുവേ നമ്മുടെ നാടിന്റെ ജനാധിപത്യ മൂല്യങ്ങൾക്കെതിരെയുള്ള കടന്നാക്രമണം എന്ന നിലയിൽ രാജ്യവ്യാപകമായ പ്രതിഷേധമുണ്ട്. ആ വ്യത്യസ്തതയാണ് ഈ സമരത്തിൽ കണ്ടുകൊണ്ടിരിക്കുന്നത്. സവിശേഷമായ ഒരു കാര്യം വിദ്യാർഥികളും യുവാക്കളും ഈ പ്രക്ഷോഭത്തിനു നേതൃത്വം നൽകുന്നു എന്നതാണ്. രാജ്യത്തിന്റെ മനസ്സിനേൽപ്പിച്ച മുറിവിന്റെ പ്രതിഫലനമാണ് ഈ പ്രതിഷേധം.

∙പശ്ചിമബംഗാളിലും ത്രിപുരയിലും ഇടതു മുന്നണിക്ക് ഭരണം നഷ്ടപ്പെട്ടു. പൊതുവേ ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇടതുപക്ഷം ദുർബലപ്പെടുകയല്ലേ?

നമ്മുടെ രാജ്യത്തെ ഒരു വലതുപക്ഷവൽക്കരണത്തിലേക്ക് നീക്കി കൊണ്ടുപോയതാണ്. ഇന്ത്യയിലെ കോർപറേറ്റുകൾ, അവരാണ് ഓരോ കാലത്തുമുള്ള ഭരണകൂടത്തെ നിയന്ത്രിച്ചത്. ഇപ്പോഴത്തെ ഇന്ത്യൻ സാഹചര്യത്തിൽ അവർ പൂർണ പിന്തുണ ബിജെപിക്ക് നൽകിയിരിക്കുകയാണ്. ബിജെപിക്ക് ലഭ്യമായ ഉയർന്ന വോട്ടിന്റെ അളവ് അതിന്റെ അടയാളമാണ്. ബിജെപിക്ക് ഇന്ത്യയിലെ മഹാഭൂരിപക്ഷം ജനങ്ങളുടെ പിന്തുണ ഇപ്പോഴും കിട്ടിയിട്ടില്ല. പക്ഷേ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ മേൽക്കൈ ബിജെപിക്കാണ്. ദേശീയ തലത്തിൽ അവർക്കെതിരെ ഒരു ബദൽ ഉണ്ടായില്ല എന്നതു തന്നെയാണ് പ്രധാന കാര്യം. 2004 നു മുൻപുള്ള 25 വർഷക്കാലം ഇടതുപക്ഷത്തിന്റെ സ്വാധീനം രാജ്യത്തിന്റെ വലതുപക്ഷവല്‍ക്കരണത്തെ, ബിജെപിവൽക്കരണത്തെ പ്രതിരോധിക്കുന്നതിനു വേണ്ടിയാണ് ഉപയോഗിച്ചത്. ബിജെപിയുടെ സാമ്പത്തിക നയത്തെയും വർഗ്ഗീയ സമീപനത്തെയും എതിർക്കുവാൻ കഴിഞ്ഞു. ആ രാഷ്ട്രീയമാണ് ഇടതുപക്ഷം ഉയർത്തിപ്പിടിച്ചത്. ബിജെപി അധികാരത്തിൽ വരാൻ ആഗ്രഹിച്ച ശക്തികൾ അതിന്റെ മുന്നോടിയായി ആദ്യം ചെയ്തത് ഇടതുപക്ഷത്തെ കായികമായി അക്രമിക്കുക എന്നതായിരുന്നു. ആ കായിക അക്രമണ പരിപാടി നല്ല നിലയിൽ നടപ്പാക്കിയാണ് ബംഗാളിലും ത്രിപുരയിലും ഇടതുപക്ഷത്തെ ദുർബലമാക്കിയത്. രാഷ്ട്രീയ പരാജയത്തോടൊപ്പംതന്നെ വലിയ തോതിലുള്ള അക്രമത്തിന്റെ പിൻബലം കൂടി ചേരുന്നുണ്ട്. തുടർച്ചയായി സിപിഎം അക്രമിക്കപ്പെട്ടു. ആ അക്രമങ്ങളെ നമ്മുടെ രാജ്യത്തെ എല്ലാ ബൂർഷ്വാ പാർട്ടികളും പിൻതാങ്ങി. ഇടതുപക്ഷത്തെ ദുർബലമാക്കുക എന്നത് വലതുപക്ഷ അജൻഡ നടപ്പിലാക്കാനുള്ള മുന്നുപാധിയാണ്. ആ നിലയിലുള്ള അക്രമണമായിട്ടാണ് ഇടതുപക്ഷത്തിനുണ്ടായ തിരിച്ചടിയെ കാണേണ്ടത്. സ്വാഭാവികമായിട്ടും അതിനെ പ്രതിരോധിച്ച് മുന്നോട്ട് വരേണ്ടതുണ്ട്. ഇടതുപക്ഷം സ്ഥിരമായി കീഴ്പ്പെടുത്തപ്പെടുകയാണ്. അതിനെ പ്രതിരോധിച്ച് മുന്നോട്ട് വരിക തന്നെ ചെയ്യും എന്നതാണ് ഞങ്ങൾ കരുതുന്നത്.

A Vijayaraghavan
എ.വിജയരാഘവൻ

∙ബിജെപിക്കെതിരെ ദേശീയ ബദൽ രൂപീകരിക്കുന്നതിൽ പ്രതിപക്ഷപാർട്ടികൾ പരാജയപ്പെട്ടില്ലേ?

കോൺഗ്രസിന്റെ പരിമിതി വളരെ പ്രധാനപ്പെട്ട ഒന്നാണ്. ഈ അടുത്ത് മഹാരാഷ്ട്രയിലും ഹരിയാനയിലും നടന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പുകളില്‍ ബിജെപി വിരുദ്ധ മനോഭാവം വലിയ അളവിൽ ഉണ്ടായിരുന്നു. അത് ഏകോപിപ്പിക്കാൻ വേണ്ട മുൻകൈ കോൺഗ്രസിന്റെ ഭാഗത്തു നിന്നും ഉണ്ടായില്ല. കോൺഗ്രസ്സിന് വ്യവസ്ഥാപിതമായ രാഷ്ട്രീയ നേതൃത്വം ഇല്ല എന്നത് വലിയ പരിമിതിയാണ്. ഇപ്പോഴും നെഹ്റു കുടുംബത്തിന്റെ പേരിൽ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നെല്ലാം പറഞ്ഞാണ് കോൺഗ്രസ് മുന്നോട്ട് പോകുന്നത്. വ്യക്തികൾക്ക് ഒറ്റയ്ക്കു തീർക്കാവുന്നതല്ല രാജ്യവ്യാപകമായി ഇന്നത്തെ ഇന്ത്യൻ പ്രശ്നങ്ങൾ ബിജെപിക്കെതിരായി ജനകീയ പ്രതിരോധ പ്രസ്ഥാനം കെട്ടിപ്പടുക്കുവാൻ പ്രധാന പ്രതിപക്ഷം എന്ന നിലയിൽ നയം ആവിഷ്കരിക്കാൻ കോൺഗ്രസിനു കഴിയാതെ പോകുന്നു. പലപ്പോഴും അവർ ചാഞ്ചാടുകയും മൃദുഹിന്ദുത്വ നിലപാട് സ്വീകരിക്കുകയും ചെയ്യുന്നു. സാമ്പത്തിക നയങ്ങളിൽ കോൺഗ്രസിന്റെ വ്യത്യസ്തത ജനങ്ങൾക്ക് ബോധ്യപ്പെടുന്നില്ല. കോൺഗ്രസിന്റെ ചാഞ്ചാട്ട നയം പല സംസ്ഥാനങ്ങളിലും ബിജെപി വിരുദ്ധ മുന്നണി രൂപീകരിക്കുന്നതിന് തടസ്സമായിട്ടുണ്ട്. കൃത്യമായ നിലപാടുകൾ സ്വീകരിക്കാൻ കോൺഗ്രസ് തയ്യാറാകുമ്പോൾ മാത്രമേ ശക്തമായ പ്രസ്ഥാനം രൂപ്പപെടുകയുള്ളൂ. ജനങ്ങളെ സംബന്ധിച്ച് ഒരു പരിധി കഴിഞ്ഞാൽ ജനകീയ മുന്നേറ്റങ്ങൾ ഉണ്ടാകും. ജനകീയ മുന്നേറ്റം ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിക്കു പകരം മറ്റൊരു രാഷ്ട്രീയ പാർട്ടി എന്ന നിലയ്ക്കു വരുന്നതല്ല , പ്രശ്നങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. അതാണ് ഇപ്പോൾ നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്. രാഷ്ട്രീയമായി, മതപരമായി ജനങ്ങളെ ഭിന്നിപ്പിക്കുന്നതിനെതിരായ പ്രക്ഷോഭം വന്നു. ഇതിന്റെ തുടർച്ചയിൽ സാമ്പത്തികമായി രാജ്യം നേരിടുന്ന പ്രശ്നങ്ങൾക്കെതിരെ സമരം രൂപപ്പെട്ടു വരും.

∙പിണറായി വിജയൻ നയിക്കുന്ന കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാരിനെ എങ്ങനെ വിലയിരുത്തുന്നു?

സംസ്ഥാന സർക്കാരിന്റെ ഏറ്റവും വലിയ മികവ് പ്രകടമായത് സാമൂഹിക സുരക്ഷാ പദ്ധതികളിലാണ്. സാമൂഹിക സുരക്ഷാ പദ്ധതികളെ ദുർബലപ്പെടുത്തുന്ന നിലപാടാണ് ഇന്നത്തെ ലോക സാമ്പത്തിക കാഴ്ചപ്പാടിൽ തന്നെ എടുത്തിട്ടുള്ളത്. അതിൽ നിന്നു വ്യത്യസ്തമായ നിപാട് സ്വീകരിച്ചു എന്നുള്ളതാണ് ഈ സർക്കാരിന്റെ ഏറ്റവും വലിയ പ്രത്യേകത. ഏതാണ്ട് 6 ദശലക്ഷം പേരെ സാമൂഹിക സുരക്ഷാപദ്ധതിയിൽ ഉൾപ്പെടുത്തി. ഇന്ന് ലോകത്ത് പ്രത്യേകിച്ച് ഇന്ത്യയിൽ ആരോഗ്യ, വിദ്യാഭ്യാസ മേഖല വില കൊടുത്തു വാങ്ങി ഉപയോഗപ്പെടുത്താനായി ചുരുക്കപ്പെട്ടിട്ടുണ്ട്. അവിടെ ജനകീയത തിരിച്ചു കൊണ്ടു വന്നു. എല്ലാവർക്കും പ്രാപ്യമാകുന്ന തരത്തിൽ ആരോഗ്യ, വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റങ്ങൾ ഉണ്ടായി. കാർഷിക മേഖലയിൽ ജലസ്രോതസ്സുകളെ സംരക്ഷിക്കുന്നതിൽ മുൻകൈ എടുത്തു. കേരളത്തിന്റെ അടിസ്ഥാന സൗകര്യ വിപുലീകരത്തെക്കുറിച്ച് ഇത്രയേറെ ശ്രദ്ധിച്ച മറ്റൊരു സർക്കാരില്ല. അടിസ്ഥാന സൗകര്യ വിപുലീകരണത്തോടൊപ്പം നല്ല മൂലധന നിക്ഷേപം നടത്താനും സർക്കാരിനു കഴിഞ്ഞിട്ടുണ്ട്. കിഫ്ബി പോലുള്ള പദ്ധതിയിൽ ഭാവിയിലേക്കുള്ള കാര്യങ്ങൾ കൂടി ചെയ്യുന്നുണ്ട്. സ്വാഭാവികമായി ഈ നിലയിൽ സമൂഹ ഉന്നമനത്തിന്റെ എല്ലാ നിലയിലും എല്ലാ വിഭാഗം ജനങ്ങളുടെയും യോജിപ്പിനു വേണ്ടി നിലയുറപ്പിക്കുകയും ചെയ്യുന്ന രാഷ്ട്രീയ ബദലിന്റെ ഉദാഹരണം എന്ന നിലയിൽ കൂടുതൽ സ്വീകാര്യത ഇടതുപക്ഷ ജനാധിപത്യ സർക്കാരിനുണ്ട്.

∙കേരളത്തിലെ പിണറായി സർക്കാർ സാമ്പത്തിക പ്രതിസന്ധിയിൽ ഉഴലുകയാണ്. ഇതിനിടയിലും ഉപദേശകർ, വിദേശയാത്ര, ഹെലികോപ്റ്റർ തുടങ്ങിയവ സർക്കാരിന്റെ ചെലവ് വർധിപ്പിക്കുകയല്ലേ?

വിവാദം സൃഷ്ടിക്കുന്നതിനുവേണ്ടിയുള്ള പ്രചാര വേലയാണിത്. ഈ ഉപദേശകന്മാരൊന്നും വലിയ ശമ്പളം വാങ്ങുന്നവരല്ല. ഉപദേശകരിലൊരാൾ ഇപ്പോൾ ലോക പ്രശസ്തയായ സാമ്പത്തിക ശാസ്ത്രജ്ഞയായി അറിയപ്പെടുന്ന മലയാളിയാണ്. ഉപദേശകർ എന്ന നിലയിൽ വയ്ക്കുന്നവരുടെ മുഴുവൻ നയങ്ങളും സ്വീകരിക്കണമെന്നില്ല. പ്രാഗത്ഭ്യം ഉള്ളയാളുകളുടെ അഭിപ്രായം തേടുക മാത്രമാണ്. അതിനെയെല്ലാം ദുർവ്യാഖ്യാനം ചെയ്യുകയാണ്. അതിനെ അധിക ചെലവായി കാണാന്‍ കഴിയില്ല. മുഖ്യമന്ത്രി ഒരു വിദേശ യാത്ര നടത്തുന്നു. സാധാരണ നടക്കുന്ന കാര്യമല്ലേ? ദാവോസിൽ പോയിട്ട് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ കാൽ ഒടിഞ്ഞില്ലേ? എന്തെങ്കിലും മൂലധനം കിട്ടാൻ വേണ്ടിയാണോ പോയിരുന്നത്? ഏതു മുഖ്യമന്ത്രിയാണ് വിദേശത്ത് പോകാത്തത്? ഇപ്പോൾ മുഖ്യമന്ത്രി ജപ്പാനിൽ പോയി തിരിച്ചു വന്നശേഷം അതിവേഗ ട്രെയിനിനെക്കുറിച്ച് ചർച്ച ചെയ്യുകയാണ്. ലോകത്ത് ആദ്യമായിട്ട് അതിവേഗ ട്രെയിൻ കൊണ്ടുവന്നത് ജപ്പാനിലാണ്. അത്തരം ചർച്ചകൾ മുഖ്യമന്ത്രി നടത്തില്ലേ. അതിനെ എതിർക്കുന്നതിനു പിന്നിൽ നിക്ഷിപ്ത താൽപര്യം മാത്രമാണ്. അല്ലാതെ ഇതൊന്നും ധൂർത്തോ അധിക ചെലവോ അല്ല. ഒരു ഹെലിക്കോപ്റ്റര്‍ വേണമെങ്കിൽ സംസ്ഥാനത്തിനു വാങ്ങിക്കാം. എല്ലാ സംസ്ഥാനങ്ങൾക്കും ഇപ്പോൾ സ്വന്തമായി ഹെലിക്കോപ്റ്റർ ഉണ്ട്. ഇന്ത്യ സർക്കാരിന്റെ ഒരു പൊതുമേഖലാ സ്ഥാപനത്തിൽ നിന്നും വാടകയ്ക്കെടുക്കാനാണ് കേരള സർക്കാർ തീരുമാനിച്ചത്, ചെലവു ചുരുക്കലാണ്. ഇതൊക്കെ സർക്കാരിന്റെ ആവശ്യമായ കാര്യങ്ങൾ മാത്രമാണ്. അതിനെ ധൂർത്താക്കുമ്പോൾ വസ്തുതകളെ വളച്ചൊടിക്കുന്ന സിപിഎം വിരുദ്ധത എന്നതിനപ്പുറത്തേക്ക് മൂല്ല്യം ഇല്ലാത്ത ആരോപണം മാത്രമാണിത്.

∙സാഹചര്യത്തിൽ മന്ത്രിസഭാ പുനഃസംഘടനയ്ക്കു സാധ്യതയുണ്ടോ?

മന്ത്രിസഭാ പുനഃസംഘടനയ്ക്ക് ഒരു സാധ്യതയും ഇപ്പോൾ വരുന്നില്ല. മന്ത്രിസഭയും മന്ത്രിമാരും കൂട്ടുത്തരവാദിത്തത്തോടെയാണ് പ്രവർത്തിക്കുന്നത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഒരു സർക്കാർ ഇവിടെയുണ്ട്. അത് കൂട്ടുത്തരവാദിത്തത്തോടെ നല്ല നിലയിൽ പ്രവർത്തിക്കുന്നു. മന്ത്രി കെ. ടി. ജലീലിനെ ലക്ഷ്യമിട്ട് ചില ആക്ഷേപങ്ങൾ വരികയുണ്ടായി. കഴിഞ്ഞ സർക്കാരിന്റെ വിദ്യാഭ്യാസ നയവുമായി ബന്ധപ്പെടുത്തി വേണം ഇതിനെ കാണാൻ. യുഡിഎഫ് സർക്കാര്‍ നിയോഗിച്ച രണ്ട് വൈസ് ചാൻസലർമാർ ഇപ്പോൾ ബിജെപിയിലാണ്. യുഡിഎഫിന്റെ ഉന്നത വിദ്യാഭ്യാസ നയം ഓർക്കപ്പെടുന്നത് ആ നിലയിലാണ്. ജലീൽ ചെയ്തതെന്താ? തീരുമാനങ്ങൾ എടുക്കാനുള്ള വേഗത വർധിപ്പിക്കാൻ സർവകലാശാലയോട് ആവശ്യപ്പെട്ടു. സർവകലാശാലകൾ സ്വയംഭരണ സ്ഥാപനങ്ങളാണ്. വിദ്യാഭ്യാസ മന്ത്രിക്കായാലും മറ്റാർക്കായാലും അതിൽ ഇടപെടുന്നതിന് പരിമിതികൾ ഉണ്ട്. തീരുമാനങ്ങൾ വേഗത്തിൽ എടുക്കണമെന്ന് ഒരു വിദ്യാഭ്യാസ മന്ത്രി സർവകലാശാലയോട് ആവശ്യപ്പെട്ടത് സ്വാഭാവികമായ കാര്യമാണ്. അതിനെ ദുർവ്യാഖ്യാനം ചെയ്യുകയാണുണ്ടായത്. സർവകലാശാലകളുടെ അക്കാദമിക് കാര്യങ്ങളിലോ ദൈനംദിന കാര്യങ്ങളിലോ ഇടപെടുന്നില്ല.

സർവകലാശാല ഗവേഷണങ്ങൾ മെച്ചപ്പെടുത്തി നടത്തുക, റിസൽട്ടുകൾ കൃത്യമായി കൊണ്ടുവരിക. ആ വലിയ മുന്നേറ്റമാണ് കേരളത്തിലെ സർവകലാശാലകൾക്കുണ്ടായത്. കേരളത്തിലെ സർവകലാശാലകളിൽ പരീക്ഷാ കലണ്ടറുകൾ വന്നു. കൃത്യമായി ആക്ഷേപങ്ങൾ ഇല്ലാതെ പരീക്ഷ നടത്തുകയാണ്. മോഡറേഷനും മറ്റു അക്കാദമിക് ആയ കാര്യങ്ങൾ ആണ്. അതിനെപ്പറ്റി അറിയാത്ത കാര്യങ്ങൾ തെറ്റിദ്ധരിപ്പിക്കുന്ന പ്രചാര വേല നടത്താം. സാങ്കേതിക, മെഡിക്കൽ സർവകലാശാലകൾ വരുമ്പോൾ നിലവിലുള്ള സർവകലാശാലകൾക്ക് അതിന്റെ പരീക്ഷ നടത്താൻ കഴിയില്ല. കാരണം അവർക്ക് പരീക്ഷാ ബോർഡ് ഇല്ല, ചോദ്യപേപ്പർ തയ്യാറാക്കാനുള്ള അധ്യാപകരില്ല. ബോർഡ് ഓഫ് സ്റ്റഡീസ് ഇല്ല. സ്വാഭാവികമായി ഇല്ലാതാകുന്ന കോഴ്സുകൾ അവസാനിപ്പിക്കുമ്പോൾ ചെയ്യുന്ന നടപടിക്രമങ്ങളാണ് ഇവിടെ ഉണ്ടായത്. പക്ഷേ അത് കുറച്ചുകൂടി അവധാനതയോടു കൂടി സ്വീകരിക്കുകയാണ് വേണ്ടത്.

∙ കോഴിക്കോട് രണ്ട് ചെറുപ്പക്കാരെ യുഎപിഎ ചുമത്തി ജയിലിലടച്ചു. മാവോവാദി ഭീതിയിൽ പല നടപടികളും സ്വീകരിക്കുന്നു. കേരളം അത്തരത്തിൽ ഒരു നക്സൽ ബാധിത പ്രദേശമാണോ?

നക്സൽ എന്ന പ്രശ്നത്തെ നമ്മൾ കാണേണ്ടത് എത്രപേർ നക്സൽ ആയി എന്ന നിലയ്ക്കല്ല. ഒരു ആശയം എന്ന നിലയിലാണ്. കേരളം തിരസ്കരിച്ചു കഴിഞ്ഞ രാഷ്ട്രീയമാണത്. വലിയ ആഘോഷമായി കേരളത്തിൽ കൊണ്ടാടിയ ഒന്നാണ് ഇടതുപക്ഷ തീവ്രവാദം. കേരളത്തിലെ ജനങ്ങൾ ഒന്നും അതിനെ ജനകീയമായി പിന്‍തുണച്ചിട്ടില്ല. ഒറ്റപ്പെട്ടവരുടെ രോദനമായിട്ട് അത് അവസാനിച്ചു. ജനകീയത ഒരിക്കലും ലഭ്യമാകാത്തതാണ് കേരളത്തിലെ ഇടതുപക്ഷ സാഹസികതയും തീവ്രവാദവും. പക്ഷേ, ആ ആശയം എപ്പോഴും മധ്യവർഗത്തിനിടയിൽ സ്വാധീനം ചെലുത്തി, ചെറുപ്പക്കാരെ വഴി തെറ്റിക്കുന്നു. അത് സംസ്ഥാനത്തിനോ രാജ്യത്തിനോ ഗുണം ചെയ്യില്ല. അടിസ്ഥാനപരമായി അത് ബിജെപിക്കാണ് ഗുണം ചെയ്യുക. ബിജെപി ആ നിലയിൽ ‘അർബൻ നക്സൽ’ എന്ന പേരിലുള്ള പ്രചാരവേല നടത്തുകയാണ്. ബംഗാളിലെ ഇടതുപക്ഷ സർക്കാരിനെ തകർക്കാൻ വേണ്ടി ഇന്ത്യയിലെ ഭരണവർഗ്ഗം മാവോയിസ്റ്റുകളെയാണ് ഉപയോഗിച്ചത്. അവരാണ് സംഘർഷങ്ങളും കലാപങ്ങളും നയിച്ചത്. കേരളത്തിലെ ഇടതുപക്ഷ അടിത്തറയെ ദുർബലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് മാവോയിസ്റ്റുകളെ ഒളിച്ചു കടത്തുന്നത്. അതിനെ തുറന്ന് എതിർക്കേണ്ടതുണ്ട്. രണ്ട് ചെറുപ്പക്കാരെ അറസ്റ്റ് ചെയ്തപ്പോൾ അവർക്കെതിരെ യുഎപിഎ ചുമത്തുന്നതിനെ പിൻതുണയ്ക്കാൻ സർക്കാരോ ഇടതുപക്ഷ ജനാധിപത്യ മുന്നണിയോ തയ്യാറായിട്ടില്ല.

A Vijayaraghavan

∙ഇടതുപക്ഷ ജനാധിപത്യമുന്നണി വിപുലീകരിക്കാൻ ആലോചനയുണ്ടോ?

ഉടനടി മുന്നണി വിപുലീകരണം എന്നത് അത്ര ലളിതമായ കാര്യമല്ല. സഹകരിക്കുന്ന എല്ലാവരെയും പ്രോൽസാഹിപ്പിക്കുക എന്നത് ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ നയമാണ്. ആ നിലയിലാണ് ഞങ്ങൾ മാറിവരുന്ന രാഷ്ട്രീയ സാഹചര്യങ്ങളെ നോക്കുന്നത്. അതിന്റെ അടിസ്ഥാനത്തിൽ ഭാവി ഉത്തരം പറയേണ്ട കാര്യമാണ്.

∙ഇനി നടക്കാൻ പോകുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ മുന്നണിയുടെ പ്രകടനം അതിനെപ്പറ്റി എന്താണ് അഭിപ്രായം?

കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ നല്ല നിലയിൽ പ്രവർത്തിക്കുന്നുണ്ട്. ആ സർക്കാരിന്റെ സ്വീകാര്യതയുടെ പരിശോധനയാണ് സ്വാഭാവികമായിട്ടും തിരഞ്ഞെടുപ്പിൽ നടക്കാൻ പോകുന്നത്. ഒരു പാർട്ടി എന്ന നിലയിൽ സിപിഎമ്മും പൊതുവെ ഇടതുപക്ഷവും സ്വീകരിക്കുന്ന രാഷ്ട്രീയ നിലപാടുകൾ ഇന്നത്തെ ഇന്ത്യൻ സാഹചര്യത്തിലും കേരളീയ സാഹചര്യത്തിലും സ്വീകാര്യമാണ്. സമൂഹത്തിന്റെയും സാധാരണക്കാരായ ജനങ്ങളുടെയും പൊതു താല്പര്യത്തിന്റെ ഏറ്റവും ശരിയായ സംരക്ഷകരാണ് ഇടതുപക്ഷ പ്രസ്ഥാനം. ഇടതുപക്ഷത്തെ മാറ്റി നിർത്തുക എന്നത് ഇന്നത്തെ സാഹചര്യത്തിൽ അചിന്തനീയമായ ഒരു കാര്യമാണ്. ഇടതു പക്ഷം ഇല്ലാതാകുന്ന ഒരവസ്ഥ പൊതുവേ ജനങ്ങൾക്ക് ആലോചിക്കുവാൻ കഴിയുന്ന ഒന്നല്ല. സർക്കാരിന്റെ പ്രവർത്തനവും രാഷ്ട്രീയ പൊതു സ്ഥിതിയും വച്ച് ജനങ്ങളെ അഭിമുഖീകരിച്ചാൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കനുകൂലമായിട്ടായിരിക്കും വരാൻ പോകുന്ന തദ്ദേശസ്വയഭരണ തിരഞ്ഞെടുപ്പിൽ ജനം പ്രതികരിക്കുക എന്ന ഉറച്ച വിശ്വാസമാണ് ഞങ്ങൾക്കുള്ളത്.

English Summary: LDF Convenor A Vijayaraghavan interview on Citizenship Amendment Act, Protest

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com