ADVERTISEMENT

തിരുവനന്തപുരം∙ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച സിനിമ പ്രവർത്തകരെ വിമർശിച്ച യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി സന്ദീപ് ജി വാര്യർക്കു മറുപടിയുമായി കോൺഗ്രസ് നേതാവ് പി.സി. വിഷ്ണുനാഥ്. ആദായ നികുതി വകുപ്പും എൻഫോഴ്സ്മെന്റും സിബിഐയും സഖ്യകക്ഷികളാണെന്നത് രാജ്യത്ത് എല്ലാവർക്കും അറിയുന്ന കാര്യമാണെന്നും പി.സി വിഷ്ണുനാഥ് സോഷ്യല്‍ മീഡിയയിൽ കുറിച്ചു. എഴുത്തോ കഴുത്തോ വേണ്ടതെന്നു ചോദിച്ചാൽ കഴുത്തു പോയാലും എഴുത്തു മതിയെന്ന് ആർജവത്തോടെ പറയാൻ സാധിക്കുന്ന വലിയൊരു സാംസ്കാരിക സമൂഹം കേരളത്തിന്റെ സവിശേഷതയാണ്. ഭീഷണിപ്പെടുത്തിയാലും ഇത് കേരളമാണെന്നും വിഷ്ണുനാഥ് ഓർമിപ്പിച്ചു. 

ഫെയ്സ് ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ആദായനികുതി വകുപ്പും എന്‍ഫോഴ്‌സ്‌മെന്റും സി ബി ഐയും ബിജെപിയുടെ സഖ്യകക്ഷികളാണെന്നത് രാജ്യത്ത് എല്ലാവര്‍ക്കും ബോധ്യമായ കാര്യമാണ്. എതിര്‍ക്കളത്തിലുള്ളവരെ ഭയപ്പെടുത്തി നിശബ്ദരാക്കാനുള്ള നിങ്ങളുടെ ആയുധങ്ങളെപ്പറ്റി തിരിച്ചറിവ് ഉള്ളപ്പോള്‍ തന്നെയാണ് ചലച്ചിത്രപ്രവര്‍ത്തകരുള്‍പ്പെടെ പൗരത്വ നിയമഭേദഗതിക്കെതിരെ തെരുവിലിറങ്ങി പ്രതിഷേധിച്ചത്. 'എഴുത്തോ കഴുത്തോ' വേണ്ടതെന്ന് ചോദിച്ചാല്‍ കഴുത്തുപോയാലും എഴുത്തു മതിയെന്ന് ആര്‍ജ്ജവത്തോടെ പറയാന്‍ സാധിക്കുന്ന വലിയൊരു സാംസ്‌കാരിക സമൂഹം കേരളത്തിന്റെ സവിശേഷതയാണ്. സ്വതന്ത്ര ചിന്തയെ എല്ലാ കാലത്തും ഫാസിസം ഭയപ്പെട്ടിരുന്നു. എന്നാല്‍ കേരളം അത്തരം ശക്തികളെ ആശയപരമായി എതിര്‍ത്ത പാരമ്പര്യമുള്ള സംസ്ഥാനമാണ്. ഒഴുക്കിനെതിരെ നീന്തുകയെന്നത് ചെറിയ കാര്യമല്ലെന്ന് ഭീഷണിസ്വരം ഉയര്‍ത്തുന്ന യുവമോര്‍ച്ചാ നേതാവ് മനസ്സിലാക്കണം.

അഭിപ്രായം പറയുന്നവരെ ഭീഷണിപ്പെടുത്തി, എതിരഭിപ്രായങ്ങളെ ഇല്ലാതാക്കാന്‍ കഴിയുമെന്ന് ചിന്തിക്കുന്നത് മൗഢ്യമാണ്. യുവമോര്‍ച്ച നേതാവിന്റെ ഭീഷണിയില്‍ നിന്നും വ്യക്തമായത്-ഇന്‍കംടാക്‌സും സിബിഐയുമെല്ലാം തങ്ങള്‍ക്കെതിരെ ശബ്ദിക്കുന്നവരെ ഭയപ്പെടുത്തി നിശബ്ദരാക്കാനുള്ള ഭരണകൂടത്തിന്റെ ഉപകരണമായി പ്രവര്‍ത്തിക്കുകയാണെന്ന് തന്നെയാണ്. ഇത്തരത്തില്‍ അടിച്ചമര്‍ത്തുകയെന്ന രീതി വിട്ട് അവര്‍ ജനാധിപത്യത്തിന്റെയും സംവാദത്തിന്റെയും മാര്‍ഗം സ്വീകരിക്കുമെന്ന് ഞങ്ങളാരും ചിന്തിക്കുന്നുമില്ല. പക്ഷെ നിങ്ങള്‍ എത്രകാലം ഈമട്ടില്‍ മുന്നോട്ടുപോകുമെന്ന് നിങ്ങള്‍ തന്നെ ചിന്തിക്കുക.

ഭീഷണി ഭീരുത്വമാണ്

ഭീഷണിപ്പെടുത്തിയാലും ഇത് കേരളമാണ്

ഇന്‍കംടാക്‌സിന്റെ ജോലി അവര്‍ ചെയ്യട്ടെ

രാജ്യം വലിയ അപകടത്തിലേക്ക് പോകുമ്പോഴും നിശബ്ദരായിരിക്കുന്ന ചിലയാളുകളുണ്ട്. നിങ്ങളുടെ പ്രസ്താവന അവരെ സംശയത്തിന്റെ നിഴലിലാക്കുന്നുണ്ട്.

English Summary: PC Vishnunath's FaceBook Post

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com