നമ്പി നാരായണന്‍ 1.3 കോടി നൽകും; കോടതി കേസ് ഒത്തുതീർപ്പാക്കാൻ സർക്കാർ
Mail This Article
തിരുവനന്തപുരം ∙ നിയമവിരുദ്ധമായ അറസ്റ്റിനും പീഡനത്തിനും ഇരയായ മുന്‍ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞന്‍ എസ്.നമ്പിനാരായണന്‍ തിരുവനന്തപുരം സബ് കോടതിയില്‍ ഫയല്‍ ചെയ്ത കേസ് ഒത്തുതീര്‍പ്പാക്കുന്നതിന് 1.3 കോടി രൂപ നല്‍കണമെന്ന ശുപാര്‍ശ തത്വത്തില്‍ അംഗീകരിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. സുപ്രീംകോടതി നിര്‍ദേശപ്രകാരം നല്‍കിയ 50 ലക്ഷം രൂപയ്ക്കും ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ ശുപാര്‍ശ ചെയ്ത 10 ലക്ഷം രൂപയ്ക്കും പുറമേ ആയിരിക്കും ഇത്.
നിയമവിദഗ്ധരുമായി ആലോചിച്ചു തയാറാക്കുന്ന ഒത്തുതീര്‍പ്പു കരാര്‍ തിരുവനന്തപുരം സബ്‌കോടതിയില്‍ സമര്‍പ്പിക്കാനും കോടതിയുടെ തീരുമാനപ്രകാരം തുടര്‍ നടപടികള്‍ സ്വീകരിക്കാനും തീരുമാനിച്ചു. നമ്പി നാരായണന്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ പരിശോധിക്കാനും കേസ് രമ്യമായി തീര്‍പ്പാക്കുന്നതിനുമുള്ള ശുപാര്‍ശകള്‍ സമര്‍പ്പിക്കുന്നതിനു മുന്‍ ചീഫ്‌സെക്രട്ടറി കെ.ജയകുമാറിനെ സർക്കാർ ചുമതലപ്പെടുത്തിയിരുന്നു. ജയകുമാറിന്റെ ശുപാര്‍ശ പരിഗണിച്ചാണ് മന്ത്രിസഭയുടെ തീരുമാനം.
മറ്റു തീരുമാനങ്ങൾ
കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ 2013 ഏപ്രില്‍ ഒന്നിനു മുമ്പ് ജോലിയില്‍ പ്രവേശിച്ച അംഗപരിമിതരായ സ്ഥിരം ജീവനക്കാര്‍ക്ക് ഇപിഎഫ് പെന്‍ഷന് അര്‍ഹത ലഭിക്കുന്നതിന് പെന്‍ഷന്‍ പ്രായപരിധി 60 വയസ്സായി ഉയർത്തി. വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് മത്സ്യത്തൊഴിലാളികള്‍ എടുത്ത കടങ്ങള്‍ക്ക് പ്രഖ്യാപിച്ച മൊറട്ടോറിയം കാലാവധി 2020 ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ 31 വരെ ദീര്‍ഘിപ്പിച്ചു.
2019 ലെ കേന്ദ്ര ചരക്കു സേവന നികുതി (ഭേദഗതി) നിയമത്തിനനുസൃതമായി തയാറാക്കിയ ഓര്‍ഡിനനന്‍സ് പുറപ്പെടുവിക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യും. ജിഎസ്ടി നിയമത്തില്‍ വരുത്തിയ ഭേദഗതികള്‍ 2020 ജനുവരി ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരണമെന്ന് ജിഎസ്ടി കൗണ്‍സില്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഓര്‍ഡിനന്‍സ് കൊണ്ടു വരുന്നത്.
ഐഎഎസ്, ഐപിഎസ് പ്രമോഷന്‍ പാനൽ
∙ 1995 ഐഎഎസ് ബാച്ചിലെ എം.ശിവശങ്കറിനെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പദവിയിലേക്ക് സ്ഥാനക്കയറ്റം നല്‍കുന്നതിനുള്ള പാനലില്‍ ഉള്‍പ്പെടുത്തി.
∙ 2004 ഐഎഎസ് ബാച്ചിലെ അലി അസ്ഗര്‍ പാഷ, കെ.എന്‍.സതീഷ്, ബിജു പ്രഭാകര്‍ എന്നിവരെ സൂപ്പര്‍ ടൈം സ്‌കെയില്‍ (സെക്രട്ടറി ഗ്രേഡ്) പദവിയിലേക്ക് സ്ഥാനക്കയറ്റം നല്‍കുന്നതിനുള്ള പാനലില്‍ ഉള്‍പ്പെടുത്തി.
∙ 2007 ഐഎഎസ് ബാച്ചിലെ എന്‍.പ്രശാന്തിനെ സെലക്ഷന്‍ ഗ്രേഡ് പദവിയിലേക്ക് സ്ഥാനക്കയറ്റം നല്‍കുന്നതിനുള്ള പാനലില്‍ ഉള്‍പ്പെടുത്തി.
∙ 2002 ഐപിഎസ് ബാച്ചിലെ സ്പര്‍ജന്‍ കുമാര്‍, ഹര്‍ഷിതാ അട്ടല്ലൂരി എന്നിവരെ ഐജി ഓഫ് പൊലീസ് പദിവിയിലേക്ക് സ്ഥാനക്കയറ്റം നല്‍കുന്നതിനുള്ള പാനലില്‍ ഉള്‍പ്പെടുത്തി.
∙ 2007 ഐപിഎസ് ബാച്ചിലെ ദബേഷ് കുമാര്‍ ബഹ്‌റ, രാജ്പാല്‍ മീണ, ഉമ, വി.എന്‍.ശശിധരന്‍ എന്നിവരെ സെലക്ഷന്‍ ഗ്രേഡ് പദവിയിലേക്ക് സ്ഥാനക്കയം നല്‍കുന്നതിനുള്ള പാനലില്‍ ഉള്‍പ്പെടുത്തി.
∙ 1995 ഐപിഎസ് ബാച്ചിലെ എസ്.സുരേഷ്, എം.ആര്‍.അജിത് കുമാര്‍ എന്നിവരെ അഡീഷനല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ് പദവിയിലേക്ക് സ്ഥാനക്കയം നല്‍കുന്നതിനുള്ള പാനലില്‍ ഉള്‍പ്പെടുത്തി.
∙ 1995 ഐഎഫ്എസ് ബാച്ചിലെ രാജേഷ് രവീന്ദ്രനെ അഡീഷനല്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്‌സ് പദവിയിലേക്കു സ്ഥാനക്കയം നല്‍കുന്നതിനുള്ള പാനലില്‍ ഉള്‍പ്പെടുത്തി.
∙ 2006 ഐഎഫ്എസ് ബാച്ചിലെ കെ.വിജയാനന്ദന്‍, ആര്‍.കമലാഹര്‍, പി.പി.പ്രമോദ് എന്നിവരെ ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ പദവിയിലേക്കു സ്ഥാനക്കയം നല്‍കുന്നതിനുള്ള പാനലില്‍ ഉള്‍പ്പെടുത്തി.
English Summary: Kerala Government decided to settle Nambi Narayanan Case, other Cabinet decisions