‘പിടിയിലായതു നന്നായി, 3 പേരെക്കൂടി കൊന്നേനെ; ജോളിക്ക് പ്രത്യേക മനോനില’
Mail This Article
കോഴിക്കോട് ∙ കൂടത്തായി കൂട്ടക്കൊലക്കേസിൽ അറസ്റ്റ് ചെയ്തത് നന്നായി എന്ന് മുഖ്യപ്രതി ജോളി പലതവണ പറഞ്ഞുവെന്ന് എസ്പി. ഇല്ലെങ്കിൽ ഇനിയും കൊലപാതകങ്ങള്‍ ഉണ്ടാകുമായിരുന്നുവെന്നും എസ്പി കെ.ജി.സൈമൺ മനോരമയോടു പറഞ്ഞു. കേസിൽ പൊലീസ് ആദ്യകുറ്റപത്രം സമര്‍പ്പിച്ചു. റോയ് തോമസ് വധക്കേസില്‍ ജോളി അടക്കം നാലുപ്രതികള്‍ക്കെതിരെയാണ് 1800 പേജുളള കുറ്റപത്രം. റോയിയുടെ ബന്ധുവായ എം.എസ്.മാത്യു, സ്വര്‍ണപ്പണിക്കാരന്‍ പ്രജികുമാര്‍, വ്യാജ ഒസ്യത്തുണ്ടാക്കാന്‍ ജോളിയെ സഹായിച്ച മുന്‍ സിപിഎം നേതാവ് കെ.മനോജ് എന്നിവരാണ് മറ്റ് പ്രതികള്‍
കൊലപാതകം, ഗൂഢാലോചന, വ്യാജരേഖ, വഞ്ചന, തെളിവുനശിപ്പിക്കല്‍ തുടങ്ങി 10 കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെയുളളത്. 246 സാക്ഷികളും 22 തൊണ്ടിമുതലുകളും 322 രേഖകളും കുറ്റപത്രത്തിലുണ്ട്. റോയ് തോമസ് വധക്കേസില്‍ മാപ്പുസാക്ഷികളില്ല. ജോളിയുടെ രണ്ട് മക്കളുടെ അടക്കം ആറുപേരുടെ രഹസ്യമൊഴി കേസില്‍ നിര്‍ണായകമാകും. കേസിൽ ഡിഎന്‍എ ടെസ്റ്റിന്റെയും ആവശ്യമില്ല. സയനൈഡ് ഉള്ളില്‍ ചെന്നാണ് റോയി മരിച്ചതെന്ന രാസപരിശോധനാ റിപ്പോര്‍ട്ട് ശക്തമായ തെളിവാണ്.
ഭര്‍ത്താവായ റോയ് തോമസിനെ കൊലപ്പെടുത്തിയത് ജോളി ഒറ്റയ്ക്കെന്നാണു കുറ്റപത്രം. കൃത്യമായ ആസൂത്രണം ജോളി നടത്തിയിരുന്നു. രണ്ടാംഭര്‍ത്താവ് ഷാജുവിന് റോയ് കൊലക്കേസില്‍ പങ്കില്ലെന്നും എസ്പി വ്യക്തമാക്കി. പ്രീഡിഗ്രിക്കാരിയായ ജോളി യുജിസി നെറ്റ് യോഗ്യതയുടെ സര്‍ട്ടിഫിക്കറ്റ് വ്യാജമായി ഉണ്ടാക്കിയിരുന്നു. മദ്യപാനിയായ റോയിയെക്കൊണ്ട് തനിക്കും കുടുംബത്തിനും ഒരു പ്രയോജനവുമില്ലെന്ന് വന്നപ്പോഴാണ് ജോളി കൊലപാതകത്തിന് തുനിഞ്ഞതെന്നാണ് കുറ്റപത്രം പറയുന്നത്.
വീട്ടിലെത്തിയാല്‍ ഒരു ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുന്ന ശീലം റോയിക്കുണ്ടായിരുന്നു. ഇതിലൂന്നിയായിരുന്നു ജോളിയുടെ ആസൂത്രണം. റോയ് കൊല്ലപ്പെട്ട ദിവസം മക്കളെ മുകളിലെ നിലയിലെ മുറിയില്‍ ഉറക്കി. റോയ് വന്നപ്പോള്‍ വെള്ളത്തിലും കടലക്കറിയിലും സയനൈഡ് ചേര്‍ത്ത് നല്‍കുകയായിരുന്നു. പിന്നീട് ഹൃദയാഘാതം മൂലം റോയ് മരിച്ചെന്ന് ബന്ധുക്കൾ അടക്കമുള്ളവരെ വിളിച്ചറിയിച്ചതും ജോളി തന്നെ. ഇതിനെല്ലാമുള്ള തെളിവുകള്‍ അന്വേഷണസംഘത്തിന് ലഭിച്ചു.
റോയിയുടെ അമ്മ അന്നമ്മയെയും പിതാവ് ടോം തോമസിനെയും കൊല്ലാന്‍ ജോളിക്ക് പ്രത്യേക കാരണങ്ങളുണ്ടായിരുന്നു. റോയ് തോമസിനെ കൊന്നതില്‍ ശക്തമായ ധാരാളം തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. പ്രീഡിഗ്രിക്കാരിയായ ജോളി ബികോം, എംകോം, യുജിസി നെറ്റ് എന്നിവുടെ സര്‍ട്ടിഫിക്കറ്റുകളാണ് വ്യാജമായി ഉണ്ടാക്കിയത്. എന്‍ഐടിയുടെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡും കൈവശമുണ്ടായിരുന്നു.
ഇവ കൃത്യമായി കോര്‍ത്തിണക്കിയാണ് കുറ്റപത്രമെന്നും റൂറല്‍ എസ്പി വ്യക്തമാക്കി. ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിന് റോയ് വധക്കേസില്‍ പങ്കില്ലെങ്കിലും മറ്റ് േകസുകളിൽ പങ്കില്ലെന്ന് പറയാനാകില്ലെന്ന് എസ്പി പറഞ്ഞു. പിടിക്കപ്പെട്ടില്ലായിരുന്നുവെങ്കില്‍ ജോളി മൂന്നുപേരെ കൂടി കൊല്ലുമായിരുന്നുവെന്നും എസ്പി വെളിപ്പെടുത്തി.
English Summary: SP K.G.Simon On Jolly's Mindset