കലക്ടര്‍ക്ക് നാട്ടിലെ കാര്യങ്ങള്‍ അറിയില്ല; മാനനഷ്ടത്തിന് കേസ് കൊടുക്കും: പി.വി. അൻവർ
Mail This Article
നിലമ്പൂര്‍ ∙ അനാവശ്യ ആരോപണങ്ങളുന്നയിച്ച കലക്ടര്‍ക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്ന് പി.വി. അന്‍വര്‍ എം.എല്‍.എ. കലക്ടര്‍ക്ക് നാട്ടില്‍ നടക്കുന്ന കാര്യങ്ങള്‍ അറിയില്ല. റീബില്‍ഡ് നിലമ്പൂരിന്റെ ഭാഗമായി 3 വീടുകള്‍ പൂര്‍ത്തിയായെന്നും 26 വീടുകളുടെ പണി പുരോഗമിക്കുകയാണെന്നും പി.വി. അന്‍വര്‍ പറഞ്ഞു.
മലപ്പുറം നിലമ്പൂര്‍ എടക്കരയില്‍ ഫെഡറല്‍ബാങ്ക് സൗജന്യമായി പണിതുകൊടുക്കുന്ന വിടുകളുടെ നിര്‍മാണം തടഞ്ഞ പി.വി. അന്‍വര്‍ എം.എല്‍.എക്കെതിരെ ആഞ്ഞടിച്ച് മലപ്പുറം കലക്ടര്‍ ജാഫര്‍ മാലിക് രംഗത്തെത്തിയിരുന്നു. സ്വകാര്യ കൂട്ടായ്മയായ റീബില്‍ഡ് നിലമ്പൂരിന് സൗജന്യമായി ലഭിച്ച ഭൂമി സര്‍ക്കാര്‍ ഫണ്ടുപയോഗിച്ച് വില കൊടുത്തു വാങ്ങണമെന്ന ആവശ്യം തളളിയതാണ് ശത്രുതയുടെ കാരണമെന്ന് കലക്ടര്‍ പ്രതികരിച്ചു. പി.വി. അന്‍വറിനെ നിലയ്ക്കു നിര്‍ത്തണമെന്നാവശ്യപ്പെട്ട് സിപിഐ മലപ്പുറം ജില്ല നേതൃത്വവും രംഗത്തുണ്ട്.
പി.വി. അന്‍വര്‍ രൂപീകരിച്ച റീബില്‍ഡ് നിലമ്പൂര്‍ എന്ന കൂട്ടായ്മക്ക് ഒട്ടേറെ സ്വകാര്യവ്യക്തികള്‍ 12ഏക്കറോളം ഭൂമി സൗജന്യമായി നല്‍കിയിട്ടുണ്ട്. ഈ ഭൂമി പ്രളയ പുനരധിവാസത്തിന് വീടുകള്‍ നിര്‍മിക്കാന്‍ സര്‍ക്കാര്‍ പണം കൊടുത്തു വാങ്ങണമെന്ന പി.വി. അന്‍വറിന്റെ നിര്‍ദേശം പാലിക്കാത്തതാണ് എതിര്‍പ്പിന്റെ കാരണം. താന്‍ പറയുന്ന ഭൂമി വാങ്ങണമെന്ന് എം.എല്‍.എ നിര്‍ബന്ധം പിടിച്ചതും അംഗീകരിക്കാന്‍ കഴിഞ്ഞില്ല.
സര്‍ക്കാരിന് ആറു കോടിയോളം രൂപ അനാവശ്യമായി നഷ്ടമുണ്ടാക്കാനുളള എംഎല്‍എയുടെ നീക്കമാണ് തടഞ്ഞത്. പ്രളയ സഹായങ്ങള്‍ സ്വകാര്യ അക്കൗണ്ടിലേക്ക് എത്തിക്കാനുളള ശ്രമമാണ് എംഎല്‍എ നടത്തുന്നത്. താന്‍ എന്തു വില കൊടുത്തും അതിനെ എതിര്‍ക്കും. പല വീടുകളുടേയും നിര്‍മാണം മാസങ്ങള്‍ക്കുളളില്‍ പൂര്‍ത്തിയായപ്പോഴും ഒരു വീടിന്റെ നിര്‍മാണം പോലും റീബില്‍ഡ് നിലമ്പൂരിന് തുടങ്ങാനായിട്ടില്ലെന്നും കലക്ടര്‍ പറഞ്ഞു.
ചെമ്പന്‍കൊല്ലിയില്‍ എംഎല്‍എ വീടു നിര്‍മാണം തടഞ്ഞതിന് എതിരെ സിപിഐ ജില്ല കമ്മിറ്റി സംസ്ഥാന നേതൃത്വത്തേയും സിപിഎം ജില്ല നേതാക്കളേയും പ്രതിഷേധമറിയിച്ചിട്ടുണ്ട്. അന്‍വറിനെതിരെ എതിര്‍ത്തും കലക്ടറെ സംരക്ഷിച്ചും നിലപാട് എടുക്കാനാണ് സിപിഐ യുടെ ധാരണ. വ്യാഴാഴ്ച ചേരുന്ന ജില്ല ഇടതുമുന്നണി യോഗത്തിലും വിഷയം ചര്‍ച്ചയാകും.
English Summary: P.V. Anwar against district collector