‘കർഷകൻ രാജ്യസേവകൻ’; പദ്ധതിക്ക് നയപ്രഖ്യാപനത്തിൽ അംഗീകാരം ലഭിച്ചേക്കുമെന്ന് മന്ത്രി
Mail This Article
പാലക്കാട് ∙ കർഷകനെ രാജ്യസേവകനായി അംഗീകരിക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം മാറുമെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി. ഒരുപക്ഷേ ഗവർണറുടെ നയപ്രഖ്യാപനത്തിൽ പദ്ധതിക്ക് അംഗീകാരം ലഭിച്ചേക്കുമെന്നും മന്ത്രി പറഞ്ഞു. മലയാള മനോരമ കർഷകശ്രീ കാർഷികമേള ഉദ്ഘാടനം ചെയ്യുകയായിരുന്ന അദ്ദേഹം.
ഇതിന്റെ ഭാഗമായാണു കർഷക ക്ഷേമ ബോർഡ്. കാർഷിക ഉൽപന്നങ്ങൾക്കു മൂല്യ വർധിത നികുതി വഴി ഇതിനുള്ള തുക കണ്ടെത്തും. കാർഷിക, ഫീഷറീസ്, വെറ്ററിനറി സർവകലാശാലകൾ ഉണ്ടായിട്ടും സംസ്ഥാനത്ത് ഓരോ ദിവസവും കൃഷി കുറയുന്നു. ഇതിനു പരിഹാരം കർഷകനെ ശാസ്ത്രീയ കൃഷിരീതി പഠിപ്പിക്കുക എന്നതാണ്. ചെടികൾ ജലമല്ല ഈർപ്പാംശമാണു വലിച്ചെടുക്കുന്നതെന്ന സൂക്ഷ്മ ജലസേചന കൃഷിയാണ് അടിസ്ഥാനമായി പഠിപ്പിക്കേണ്ടത്.
ഒപ്പം കൂട്ടായ്മയിലൂടെയുള്ള കമ്മ്യൂണിറ്റി ഫാമിങ്ങും പ്രോത്സാഹിപ്പിക്കണം. എന്തുകൊണ്ടു കർഷകരെ ശാസ്ത്രീയ കൃഷിരീതി പഠിപ്പിക്കുന്നല്ലെന്ന് സർക്കാരും ഉദ്യോഗസ്ഥരും ചിന്തിക്കണം. വിയറ്റ്നാമിൽ ഒരു ഹെക്ടറിൽ നിന്നു ആയിരക്കണക്കിനു കിലോ കുരുമുളക് ഉൽപാദിപ്പിക്കുമ്പോൾ കേരളത്തിലെ ഉൽപാദനം 300 കിലോയാണ്. വില ലഭിക്കുന്ന സമയം കണക്കാക്കി മാമ്പഴം ഉൽപാദിപ്പിക്കാൻ ശാസ്ത്രീയ വഴികൾ പഠിപ്പിക്കണം.
രാജ്യം ഇപ്പോഴും ആർസിഇപി കരാർ ഉപേക്ഷിച്ചിട്ടില്ലെന്നത് അപകടകരമാണ്. ഇതിനെതിരെ കൂട്ടായ പ്രതിരോധം അനിവാര്യമെന്നും മന്ത്രി പറഞ്ഞു. കേരള കാർഷിക സർവകലാശാല വൈസ് ചാൻസലർ ഡോ.ആർ.ചന്ദ്രബാബു അധ്യക്ഷനായിരുന്നു. കൃഷിയിൽ നിന്നുള്ള മൂല്യ വർധിത ഉൽപന്നങ്ങൾകൂടി പ്രോത്സാഹിപ്പിച്ചുള്ള കർഷക സഹായ നയങ്ങളാണു സർക്കാരും കാർഷിക സർവകലാശാലയും നടപ്പാക്കിക്കൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഒ
ഒരു കാലത്ത് ഉപേക്ഷിച്ചിരുന്ന ചക്കയ്ക്ക് ഇപ്പോഴുണ്ടായ വിപണി മൂലം ഇതിനു തെളിവാണെന്നും അദ്ദേഹം വ്യക്തമാക്കി. കൃഷി വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ പി.ആർ.ഷീല, മൃഗസംരക്ഷണ വകുപ്പ് ജോയിന്റ് ഡയറക്ടർ ഉമ്മു കുൽസു, ഫീഷറീസ് വകുപ്പ് ജോയിന്റ് ഡയറക്ടർ ബെന്നി വില്യംസ്, മലയാള മനോരമ പഴ്സനൽ ആൻഡ് അഡ്മിനിസ്ട്രേറ്റീവ് വിഭാഗം വൈസ് പ്രസിഡന്റ് കെ.ലാൽ ജോൺ, പാലക്കാട് കോ–ഓർഡിനേറ്റിങ് എഡിറ്റർ സുരേഷ് ഹരിഹരൻ എന്നിവർ പ്രസംഗിച്ചു.
English Summary: Kerala will become the first state in the country to recognize a farmer as a servant of Nation, Says Minister