ADVERTISEMENT

കൊച്ചി∙ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ കശ്മീരിൽ ഏറ്റവും ദുസ്സഹമാക്കിയിരിക്കുന്നത് അവിടുത്തെ കർഷകരുടെ ജീവിതത്തെയാണെന്നു രാഷ്ട്രീയ കിസാൻ മസ്ദൂർ സംഘ് ദേശീയ ചെയർമാൻ ശിവകുമാർ കക്കാജി. കശ്മീർ ജനതയുടെ ജീവിത സാഹചര്യങ്ങളെക്കുറിച്ചു സംസാരിക്കുന്നതിനും രാജ്യത്തിന്റെ പിന്തുണ തേടാനുമായി സംഘടിപ്പിച്ചിരിക്കുന്ന ദേശീയ ക്യാംപയിൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കശ്മീരിലെ കർഷകരുടെ പ്രശ്നങ്ങൾ പഠിക്കുന്നതിനു വേണ്ടിയായിരുന്നു മധ്യപ്രദേശിലെ പ്രമുഖ കർഷക നേതാവിന്റെ കശ്മീർ യാത്ര. ഇവിടെ താൻ കണ്ടതും കേട്ടതുമെല്ലാം രാജ്യം മുഴുവൻ അറിയിക്കുക എന്ന ലക്ഷ്യത്തിലാണു പ്രചാരണ പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്. കൃഷിയുൽപന്നങ്ങൾ വിപണിയിലേയ്ക്ക് എത്തിക്കാൻ സാധിക്കാത്തതും കൃഷിക്കു വേണ്ട കീടനാശിനികൾ ഉൾപ്പടെയുള്ളവ കർഷകർക്കു ലഭ്യമാകാത്തതും വിളകളെ ദോഷമായി ബാധിച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

ഒരു വർഷം 20 ലക്ഷം മെട്രിക് ടൺ പഴവർഗങ്ങളാണ് കശ്മീരിൽ നിന്നു പുറത്തുള്ള വിപണികളിലേയ്ക്ക് എത്തുന്നത്. ഇതിന് സർക്കാർ തലത്തിൽനിന്നു യാതൊരു പിന്തുണയും സഹായവും അവിടെയുള്ള കർഷകർക്കു ലഭിക്കുന്നില്ലെന്ന് കശ്മീരിൽ നിന്നുള്ള കർഷകൻ തൻവീർ അഹമ്മദ് പറയുന്നു. രാജ്യത്തെ കർഷകർ പച്ചക്കറി വിളകൾ കൃഷി ചെയ്യുമ്പോൾ കശ്മീരിൽ വിളയുന്നതു പഴവർഗങ്ങളാണ്. ആപ്പിളും ബദാമും പിയറും ആപ്രികോട്ടുമെല്ലാമാണ് ഇവിടെ കൃഷി ചെയ്യുന്നത്.

ആപ്പിൾ കൃഷിക്കു മാത്രമായി 18 തരം കീടനാശിനികളാണ് കശ്മീരിൽ പ്രയോഗിക്കേണ്ടി വരുന്നത്. ഇവ ഉപയോഗിക്കുമ്പോൾ കീടങ്ങൾ ഇല്ലാതാകുകയല്ല, കൂടുതൽ കീടനാശിനി പ്രയോഗിക്കേണ്ട സാഹചര്യം രൂപപ്പെടുകയാണു ചെയ്യുന്നത്. പലപ്പോഴും അപകടകരമായ കീടനാശിനികളാണു കർഷകർക്കു ലഭിക്കുന്നതെന്നാണു പഠനത്തിൽ തെളിഞ്ഞത്. രാഷ്ട്രീയ പ്രതിസന്ധി മൂലം വിളവെടുപ്പു വൈകിയതു കർഷകർക്കു കാര്യമായ നഷ്ടങ്ങളുണ്ടാക്കി. കാലാവസ്ഥയിലെ മാറ്റവും വൻ നഷ്ടങ്ങൾക്ക് ഇടയാക്കി. ഭയം മൂലം ട്രക്ക് ഡ്രൈവർമാർ എത്താൻ മടിക്കുന്നതിനാൽ വിപണി കണ്ടെത്താനാവാതെ കർഷകർ പ്രയാസപ്പെടുന്നതായും അദ്ദേഹം പറഞ്ഞു.

കശ്മീർ ജനത നേരിടുന്ന അഭ്യസ്ഥ വിദ്യരുടെ തൊഴിലില്ലായ്മയും തീവ്രവാദ പ്രതിസന്ധിയും കർഷകരെ പ്രതിസന്ധിയിലാക്കുന്നതായി യുവ കർഷകൻ അഭിമന്യു കൊഹാർ പറഞ്ഞു. ഗാന്ധി പീസ് ഫൗണ്ടേഷൻ സെക്രട്ടറി വി.എം. മൈക്കിൾ, ജോൺ ജോസഫ്, കെ.വി. ബിജു തുടങ്ങിയവർ പ്രസംഗിച്ചു.

English Summary: Kashmir problems mainly affected on farmers life

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com