ADVERTISEMENT

തിരുവനന്തപുരം ∙ വ്യാപാര സ്ഥാപനങ്ങളിലോ വീടുകളിലോ ആരെങ്കിലും അതിക്രമിച്ചു കയറിയാൽ ഏഴു സെക്കൻഡിനുള്ളിൽ പൊലീസിനെ വിവരം അറിയിക്കുന്ന സെൻട്രൽ ഇൻട്രൂഷൻ മോണിറ്ററിങ് സിസ്റ്റം (സിഐഎംഎസ്) പദ്ധതിയുമായി പൊലീസ്. കെൽട്രോണാണു സാങ്കേതിക സഹായം നൽകുന്നത്. സിഐഎംഎസ് പരിരക്ഷയുള്ള വ്യാപാര സ്ഥാപനങ്ങളിലോ വീടുകളിലോ മോഷണ ശ്രമമോ മറ്റ് അനിഷ്ട സംഭവങ്ങളോ ഉണ്ടായാൽ മൂന്നു മുതൽ ഏഴു സെക്കൻഡിനകം പൊലീസ് ആസ്ഥാനത്തുള്ള കൺട്രോൾ റൂമിൽ ജാഗ്രതാ നിർദേശവും സംഭവങ്ങളുടെ ലൈവ് വിഡിയോയും ലഭിക്കും.

ലോക്കൽ കൺട്രോൾ റൂമിലേക്കും ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിലേക്കും സ്ഥലത്തിന്‍റെ റൂട്ട് മാപ്പും ടെലിഫോൺ നമ്പറും ഉൾപ്പെടെയുള്ള വിവരങ്ങൾ കൈമാറും. സെൻസർ, ക്യാമറ, കൺട്രോൾ പാനൽ എന്നിവയാണ് സിഐഎംഎസ് സംവിധാനത്തിലുള്ളത്. ആരെങ്കിലും അതിക്രമിച്ചുകടന്നാൽ ക്യാമറയും സെൻസറുകളും പ്രവർത്തനക്ഷമമായി ദൃശ്യങ്ങൾ കൺട്രോൾ റൂമിലേക്ക് തൽസമയം എത്തും. ദൃശ്യങ്ങൾ മൂന്നു മാസം വരെ സൂക്ഷിക്കാനാകും. പത്തുലക്ഷം ഉപഭോക്താക്കളെവരെ ഉൾക്കൊള്ളാൻ ആദ്യഘട്ടത്തിൽ കഴിയും.

രണ്ട് കമ്പനികളുടെ ഇന്റർനെറ്റ് സംവിധാനമാണ് ഇതിനായി ഉപയോഗിക്കുന്നത്. ഓരോ ഉപഭോക്താവിന്റെയും ആവശ്യമനുസരിച്ച് സെൻസറുകളുടെയും ക്യാമറയുടെയും എണ്ണത്തിൽ വ്യത്യാസം വരും. കുറഞ്ഞത് 80,000 രൂപയാണ് ചെലവ് കണക്കാക്കുന്നത്. പ്രതിമാസം 500 രൂപ മുതൽ 1000 രൂപവരെ കെൽട്രോൺ ഫീസായി ഈടാക്കും. കൊടും ക്രിമിനലുകളെ തിരിച്ചറിയുന്ന ഫെയ്സ് റെക്കഗ്നിഷൻ സംവിധാനവും ഇതോടൊപ്പം അവതരിപ്പിക്കാൻ ആലോചനയുണ്ട്. സർക്കാർ സ്ഥാപനങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ, വീടുകൾ, ഫ്ലാറ്റുകൾ, ഓഫിസുകൾ, ബാങ്കുകൾ, എടിഎം കൗണ്ടറുകൾ തുടങ്ങി ഏത് സ്ഥാപനങ്ങളെയും സിഐഎംഎസ് കൺട്രോൾ റൂമുമായി ബന്ധപ്പിക്കാം.

24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം കേരള പൊലീസിന്റെയും കെൽട്രോണിന്റെയും വിദഗ്ധ പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലാണ് പ്രവർത്തിക്കുന്നത്. സ്ഥാപിച്ചിട്ടുള്ള ഏതെങ്കിലും ഉപകരണം പ്രവർത്തനരഹിതമായാൽ അപ്പോൾതന്നെ വിവരം കണ്‍ട്രോൾ റൂമിൽ എത്തും. സർവീസ് എൻജിനീയർ സ്ഥലത്തെത്തി പ്രശ്നം പരിഹരിക്കും. ഈ വിവരം സ്ഥാപന ഉടമയെ എസ്എംഎസ് ആയി അറിയിക്കും. വാർത്താ സമ്മേളനത്തിൽ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ ബൽറാം കുമാർ ഉപാധ്യായ, കെൽട്രോൺ മാർക്കറ്റിങ് മേധാവി എ.ഗോപാകുമാർ തുടങ്ങിയവർ പങ്കെടുത്തു.

English Summary: Kerala Police launched CIMS surveillance system

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com