ADVERTISEMENT

ബെയ്ജിങ്∙ കൊറോണ വൈറസ് സൃഷ്ടിച്ച ആരോഗ്യ അടിയന്തരാവസ്ഥയ്ക്കു പിന്നാലെ രാജ്യത്തെ സാമ്പത്തിക അരക്ഷിതാവസ്ഥയിൽ നിന്നു കരകയറ്റാനും ശ്രമങ്ങളുമായി ചൈന. ഹ്യുബെ പ്രവിശ്യയിലെ വുഹാൻ നഗരത്തിലുള്ള ചന്തയിൽ പൊട്ടിപ്പുറപ്പെട്ട വൈറസ് ഇതിനോടകം 305 പേരുടെ ജീവനെടുത്തു. വൈറസിനെ ഫലപ്രദമായി തടയാൻ എല്ലാ നടപടിയും സ്വീകരിച്ചെന്ന ചൈനയുടെ വാക്കുകേട്ട് ആദ്യ ആഴ്ചകളിൽ മടിച്ചു നിന്നെങ്കിലും ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ കഴിഞ്ഞ ദിവസം ലോകാരോഗ്യ സംഘടനയും നിർബന്ധിതരായി. അതിനിടെ ചൈനയ്ക്കു പുറത്ത് ഇതാദ്യമായി, ഫിലിപ്പീൻസിൽ, കൊറോണ മരണം റിപ്പോർട്ട് ചെയ്തതോടെ തീർത്തും ഒറ്റപ്പെട്ട അവസ്ഥയിലാണു രാജ്യം.

ഫിലിപ്പീൻസിലെത്തിയ ചൈനയിൽ നിന്നുള്ള നാൽപത്തിനാലുകാരനാണു മരിച്ചത്. ഇതോടെ പല രാജ്യങ്ങളും ചൈനയിൽ നിന്നുള്ളവർക്കു നേരെ വാതിൽ കൊട്ടിയടയ്ക്കുകയാണ്. ഇന്തൊനീഷ്യയും വിയറ്റ്നാമും ഇറാനും ചൈനയിലേക്കും തിരികെയുമുള്ള വിമാന സർവീസുകൾ നിർത്തി. ഇറാഖ് ഇതിനോടകം ചൈനക്കാർക്കു പ്രവേശനം നിഷേധിച്ചുകഴിഞ്ഞു. ബംഗ്ലദേശും ഇന്ത്യയും ഉൾപ്പെടെ ചൈനയിൽനിന്നുള്ള ‘വരവിന്’ ഭാഗികമായി തടയിടുകയാണ്. വൈറസ്ബാധ ഇപ്പോഴും സങ്കീർണവും ഗുരുതരവുമാണെന്ന് ഇന്നലെ ഹ്യുബെ വൈസ് ഗവർണർ ഷിയാവോ ജുഹ്വ തന്നെ വ്യക്തമാക്കി. 

ഡിസംബർ ഒന്നിനും ജനുവരി 25നും ഇടയ്ക്ക് വുഹാനിൽ മാത്രം ഏകദേശം 75,000 പേർക്ക് വൈറസ് ബാധയേറ്റിട്ടുണ്ടാകാമെന്ന ഗവേഷക റിപ്പോർട്ട് ഹോങ്കോങ് സർവകലാശാല മെഡിക്കൽ വിഭാഗം പുറത്തുവിട്ടതും ആശങ്കയുളവാക്കുന്നു. വൈറസ് ഭീഷണി കാരണം, ചൈനീസ് വിദേശകാര്യമന്ത്രാലയത്തിന്റെ വാരാന്ത്യ വാർത്താസമ്മേളനം പോലും ഒഴിവാക്കി, പക‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍രം മന്ത്രി ഓൺലൈനായിട്ടാണു മാധ്യമങ്ങളെ കണ്ടത്. 

ഒരു ദിവസം, രോഗികൾ 3100!

രാജ്യാന്തരതലത്തിലെ യാത്രാവിലക്കിനൊപ്പം ആഭ്യന്തര വിപണിയിലെ അടച്ചുപൂട്ടലുകളുമായതോടെയാണു സാമ്പത്തികനിലയ്ക്കു തട്ടുകേടേൽക്കാതെ ഭദ്രമാക്കാനുള്ള ശ്രമം ചൈന ആരംഭിച്ചത്. രാജ്യത്ത് 14,380 പേര്‍ക്കാണ് ഇതിനോടകം കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. ശനിയാഴ്ച മാത്രം രോഗം സ്ഥിരീകരിച്ചത് 3100 പേർക്ക്. രോഗികളുടെ എണ്ണത്തിൽ ഇന്നേവരെ രേഖപ്പെടുത്തിയതിൽ ഏറ്റവും വലിയ കുതിച്ചുകയറ്റമായിരുന്നു അത്. 24 രാജ്യങ്ങളിലായി ഇതിനോടകം 171 പേർക്കു രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യയുൾപ്പെടെ മിക്ക രാജ്യങ്ങളും തങ്ങളുടെ പൗരന്മാരെ ചൈനയിൽ നിന്നു തിരികെയെത്തിക്കാനുള്ള ശ്രമത്തിലാണ്. ചൈനയിലേക്കുള്ള യാത്ര ഇന്ത്യ വിലക്കിക്കഴിഞ്ഞു. 

ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചെങ്കിലും ചൈനയിലേക്കു യാത്രാവിലക്കോ വ്യാപാരവിലക്കോ ആവശ്യമില്ലെന്നാണ് ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കുന്നത്. ഇത്തരം നീക്കങ്ങളിലൂടെ വിവിധ രാജ്യങ്ങൾ തെറ്റായ സന്ദേശമാണു നൽകുന്നതെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയവും പരാതിപ്പെടുന്നു. ഇന്ത്യയോടുൾപ്പെടെ അവർ ആശങ്ക പങ്കുവച്ചിട്ടുമുണ്ട്. എന്നാൽ അടുത്തകാലത്ത് ചൈന സന്ദർശിച്ച വിദേശികൾക്കുൾപ്പെടെ വിലക്ക് ഏർപ്പെടുത്തിയതിൽ ഉറച്ചുനിൽക്കുകയാണു സിംഗപ്പൂരും ഓസ്ട്രേലിയയും. വീസ വിലക്കുമായി റഷ്യയുമുണ്ട്. പൗരന്മാരെ 3, 4 തീയതികളിലായി തിരികെയെത്തിക്കാൻ സൈനികവിമാനങ്ങളാണു റഷ്യ സജ്ജമാക്കിയത്. 

ചൈനയിൽ നിന്നുള്ള എല്ലാ യാത്രക്കാരെയും ഫിലിപ്പീൻസും വിലക്കി. നേരത്തേ ഹ്യുബെയിൽനിന്നുള്ളവര്‍ക്കു മാത്രമായിരുന്നു വിലക്ക്. ജപ്പാനും ജര്‍മനിയും ഇന്തൊനീഷ്യയും തങ്ങളുടെ പൗരന്മാരെ തിരികെയെത്തിക്കുന്നത് തുടരുന്നു. ഹ്യുബെയില്‍ നിന്നുള്ളവർക്ക് ജപ്പാനിൽ വിലക്കുമുണ്ട്. സമാനമായ വിലക്ക് ചൊവ്വാഴ്ച മുതൽ ദക്ഷിണ കൊറിയയിലും നിലവിൽ വരും.

എന്നാൽ 2002–03ൽ ഭീഷണിയായ സാർസിന്റെയത്ര പ്രശ്നക്കാരനല്ല കൊറോണയെന്നാണ് സർക്കാർ ന്യായം. അന്ന് 8000 പേർക്കു രോഗം ബാധിച്ചതിൽ എണ്ണൂറോളം പേരും മരിച്ചിരുന്നു. ഇത്തവണ പുതിയ കൊറോണ വൈറസ് ബാധിക്കുന്നവരുടെ എണ്ണത്തിലെ കുതിച്ചുകയറ്റം നോക്കുമ്പോൾ സാർസിനേക്കാളും മരണസംഖ്യ കൊറോണ സൃഷ്ടിച്ചേക്കാമെന്നാണു വിലയിരുത്തൽ. 

സമ്പത്തിനും ‘വൈറസ് ബാധ’

ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സാമ്പത്തികശക്തിയായ ചൈനയുടെ നില പരുങ്ങലിലാകുംവിധം ‘വൈറസ് ബാധ’യേറ്റെന്ന റിപ്പോർട്ടുകളും അതിനിടെ പുറത്തുവന്നു തുടങ്ങി. ചാന്ദ്ര പുതുവർഷാഘോഷം കഴിഞ്ഞ് ഓഹരി വിപണി പുനഃരാരംഭിക്കാനിരിക്കെ വിഷയത്തിൽ പീപ്പിൾസ് ബാങ്ക് ഓഫ് ചൈനയും (പിബിഒസി) ഇടപെട്ടിരിക്കുകയാണ്.

വിപണി സുരക്ഷിതമാക്കാൻ 1.2 ലക്ഷം കോടി യുവാൻ (ഏകദേശം 12 ലക്ഷം കോടി രൂപ)  ഇറക്കാനാണു ബാങ്കിന്റെ തീരുമാനം. വായ്പാനിരക്കുകളും കുറയ്ക്കും. കൊറോണ വൈറസ് കാരണം തിരിച്ചടിയേറ്റ കമ്പനികൾക്കായിരിക്കും പ്രധാനമായും ആനുകൂല്യങ്ങള്‍. മറ്റു ബാങ്കുകളും സാമ്പത്തിക സ്ഥാപനങ്ങളും സമാന നടപടി സ്വീകരിക്കണമെന്നും പിഒബിസി നിര്‍ദേശിച്ചിട്ടുണ്ട്. 

അവശ്യവസ്തുക്കൾ ഉൽപാദിപ്പിക്കുന്ന കമ്പനികളുടെ പ്രവർത്തനം പൂർണതോതിലാക്കാൻ ഉടൻ നടപടിയെടുക്കുമെന്നും അധികൃതർ വ്യക്തമാക്കുന്നു. ഹ്യുബെ ഉള്‍പ്പെടെയുള്ള പ്രവിശ്യകളിൽ ഇപ്പോഴും അടിയന്തരാവസ്ഥയ്ക്കു തുല്യമാണു കാര്യങ്ങൾ. പ്രവിശ്യ വിട്ടു പുറത്തുപോകാനോ അവിടേക്കു വരാനോ പ്രത്യേക അനുമതി വേണം. ബസ് ഉൾപ്പെടെ പൊതുഗതാഗത സൗകര്യങ്ങളും അനിശ്ചിതമായി നിർത്തിയിരിക്കുകയാണ്. ബെയ്ജിങ്ങിൽ ഏതാനും മാളുകൾ തുറന്നുപ്രവർത്തിച്ചെങ്കിലും ഉപഭോക്താക്കളുടെ ശരീരോഷ്മാവ് ഉൾപ്പെടെ പരിശോധിച്ചാണ് അകത്തുകയറ്റുന്നത്. എല്ലാവരും മുഖാവരണം ധരിച്ചാണു ഷോപ്പിങ്. 

THAILAND-CHINA-HEALTH-VIRUS

മിക്കനഗരങ്ങളിലും കടകളും കഫേകളും തിയറ്ററുകളും ഉൾപ്പെടെ അടഞ്ഞുകിടക്കുകയാണ്. ജോലിയില്ലാത്തതിനാൽ സാമ്പത്തികമായും പലരും തകർന്ന അവസ്ഥയിൽ. ചിലയിടങ്ങളിൽ വീടുകളിൽ ഭക്ഷണ ഡെലിവറി നടക്കുന്നുണ്ട്. പക്ഷേ ഓരോ ഭക്ഷണപ്പൊതിയിലും അതു തയാറാക്കിയവരുടെയും പായ്ക്ക് ചെയ്തവരുടെയും വിതരണത്തിനെത്തിക്കുന്നവരുടെയും ആരോഗ്യവിവരങ്ങൾ രേഖപ്പെടുത്തിയിരിക്കുകയാണ്. പനിയില്ല എന്നുറപ്പാക്കും വിധം വിവരങ്ങൾ രേഖപ്പെടുത്തിയ ഭക്ഷണപ്പൊതികൾ സമൂഹമാധ്യമങ്ങളിലും വൈറലായി. 

ആപ്പിളും അടച്ചുപൂട്ടി!

രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ റിയൽ എസ്റ്റേറ്റ് കമ്പനിയായ ചൈന എവർഗ്രാൻഡ് ഗ്രൂപ്പ് പുതുവർഷാവധി ഫെബ്രുവരി 16 വരെ നീട്ടി. നിർമാണത്തിലിരിക്കുന്ന 1246 ഇടങ്ങളിലെ എല്ലാ ജോലികളും ഫെബ്രുവരി 20 വരെ നിർത്തിവച്ചിരിക്കുകയാണു കമ്പനി. രാജ്യാന്തര ഇന്ധനവിപണിയിൽ കൊറോണ സൃഷ്ടിച്ച ആഘാതം വിലയിരുത്താൻ ഒപെക്– നോൺ ഒപെക് രാജ്യങ്ങളുടെ ജോയിന്റ് ടെക്നിക്കൽ കമ്മിറ്റി നാലിനും അഞ്ചിനും യോഗം ചേരും. ഇലക്ട്രിക് വാഹനങ്ങൾ മാത്രമായി അടുത്ത മാസം സന്യ നഗരത്തിൽ നടത്താനിരുന്ന ഫോർമുല ഇ സീരീസ് മത്സരവും സംഘാടകർ ഉപേക്ഷിച്ചു. 

ചൈനയിലെ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കാൻ രാജ്യാന്തര കമ്പനികൾ തീരുമാനിച്ചതും തിരിച്ചടിയായി. കോടികളുടെ നഷ്ടമാണ് ഇതുവഴി രാജ്യത്തിനുണ്ടാവുക. ഫെബ്രുവരി 9 വരെ ചൈനയിലെ 42 സ്റ്റോറുകളും അടച്ചിടാനാണു ആപ്പിൾ കമ്പനി തീരുമാനം.ചൈനയിലെ സ്റ്റോറുകൾ അടച്ചിടാൻ മക്ഡൊണാൾഡ്സും തീരുമാനിച്ചിട്ടുണ്ട്. രാജ്യത്തെ 4300 ഔട്‌ലറ്റുകളിൽ പാതിയും സ്റ്റാർബക്ക്സ് അടച്ചുപൂട്ടി. കെഎഫ്സി, പീത്‌സ ഹട്ട് തുടങ്ങിയവയുടെ ഓപറേറ്ററായ യം ചൈന ഹോൾഡിങ്സ് ഹ്യുബെയിലെ എല്ലാ ബ്രാഞ്ചുകളും പൂട്ടി. 

ചൈനയിലെ പ്രശസ്ത റസ്റ്ററന്റ് ശൃംഖലയായ ഷിബെയ് നിലവിൽ ഓൺലൈൻ ഓർഡറുകളാണ് സ്വീകരിക്കുന്നത്. 60 നഗരങ്ങളിലായി കമ്പനിക്കുള്ള നാനൂറിലേറെ ഔട്ട്‌ലറ്റുകളിൽ ഭൂരിപക്ഷവും അടച്ചു. ജനുവരിയിൽ മാത്രം അതുവഴി ഏകദേശം 11.4 കോടി ഡോളറിന്റെ നഷ്ടമാണു കണക്കാക്കുന്നത്. ഇപ്പോൾ ലഭിച്ചിരിക്കുന്ന വരുമാനമാകട്ടെ അടുത്ത മൂന്നു മാസത്തേക്ക് ഏകദേശം 20,000 ജീവനക്കാർക്കു ശമ്പളത്തിനേ തികയുകയുള്ളൂ.

US-CHINA-HEALTH-VIRUS-AVIATION

പുതുവർഷാഘോഷ ത്തിന്റെ ഭാഗമായി പലരും വിവിധ രാജ്യങ്ങളിലേക്കു യാത്രപോയ സമയമാണിത്. വിമാന സർവീസുകൾ റദ്ദാക്കിയതിനാൽ പല ജീവനക്കാർക്കും തിരികെ വരാൻ പോലും പറ്റാത്ത അവസ്ഥയും. ചൈനയിലുള്ള ജീവനക്കാർക്കാകട്ടെ പുറത്തിറങ്ങാൻ ജീവഭയവും. ചൈനയിലെ ഒട്ടേറെ നഗരങ്ങളില്‍ ബസുകൾ പോലും വിലക്കിയിരിക്കുകയാണ്.

എല്ലാം താൽക്കാലികം 

യാത്രാവിലക്കു കാരണം  നിക്ഷേപകർ ആശങ്കപ്പെടേണ്ടതില്ലെന്നും പ്രതിസന്ധി താൽക്കാലികം മാത്രമാണെന്നും പിബിഒസി ഉറപ്പു നൽകുന്നു. ‘ലോകത്തിന്റെ ഫാക്ടറി’ എന്നാണു ചൈനയുടെ വിളിപ്പേര്. അതിനാൽത്തന്നെ അവിടത്തെ ഉൽപാദന ശൃംഖലയിൽ പെട്ടെന്നുണ്ടാകുന്ന ഇടിവ് എപ്രകാരമാണ് രാജ്യാന്തര സമ്പദ്‌വ്യവസ്ഥയെ ബാധിക്കുകയെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. വിവിധ രാജ്യങ്ങളിലെ ഓഹരിവിപണികളിലും ഇതിനോടകം കൊറോണപ്പേടി പ്രതിഫലിച്ചുകഴിഞ്ഞു.
(വുഹാനിലെ യാങ്‌സി നദിക്കു കുറുകെയുള്ള പാലത്തിലെ തിരക്ക് (ജനുവരി 12ലെ ചിത്രം-ഇടത്) കൊറോണ ഭീതിയെത്തുടർന്ന് തിരക്കൊഴിഞ്ഞ പാലം (ജനുവരി 28ലെ ചിത്രം–വലത്)

സാർസ് കാരണം 2003ൽ ലോക സമ്പദ്‌വ്യവസ്ഥയ്ക്കുണ്ടായത് ഏകദേശം 3300 കോടി ഡോളറിന്റെ നഷ്ടമായിരുന്നു. രാജ്യാന്തര വിപണിയിൽ ചൈന ഇതിനോടകം നിർണായക സാന്നിധ്യമായതിനാൽത്തന്നെ പുതിയ കൊറോണ വൈറസ് സൃഷ്ടിക്കുന്ന നഷ്ടം കണക്കുകൂട്ടാവുന്നതിനും അപ്പുറമായിരിക്കുമെന്നും സാമ്പത്തിക നിരീക്ഷകർ വിലയിരുത്തുന്നു. 

English Summary: China seeks to boost economy; How coronavirus epidemic threatens global economy?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com