കയർ കിട്ടിയാൽ വെള്ളം എടുക്കണോ തൂക്കിക്കൊല്ലണോ എന്ന വിവേകം ഉണ്ടാകണം: മോദിക്കെതിരെ മഹുവ
Mail This Article
ന്യൂഡൽഹി∙ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡൽഹി ഷഹീൻ ബാഗിൽ നടക്കുന്ന പ്രതിഷധത്തെ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രചാരണായുധമാക്കുന്ന ബിജെപിക്കെതിരെ ആഞ്ഞടിച്ച് തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയിത്ര. രാജ്യത്തെ എതിർസ്വരങ്ങളെ ഇല്ലാതാക്കാനാണു ബിജെപിയുടെ ശ്രമം. രാജ്യത്ത് ഉയർന്നു വരുന്ന എല്ലാത്തിനെയും അനുദിനം ഇല്ലാതാക്കാനാണു ബിജെപി ശ്രമിക്കുന്നത്. ഇത്തരം പ്രവണതയ്ക്ക് ഡൽഹി നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധമില്ല, എക്കാലത്തും ബിജെപി പിന്തുടരുന്ന നയമാണിത്. പ്രതിഷേധിക്കുന്നവവരെ ഭീകരരായി മുദ്രകുത്തി നിശബ്ദരാക്കാനാണ് ശ്രമം– ദേശീയമാധ്യമത്തിനു അനുവദിച്ച അഭിമുഖത്തിൽ മഹുവ മൊയിത്ര പറഞ്ഞു.
പ്രതിഷേധിക്കുന്നവരെ പരസ്യമായി വെടിവച്ചു കൊല്ലാൻ മോദി മന്ത്രിസഭയിലെ മന്ത്രി തന്നെ ആവശ്യപ്പെടുന്ന സാഹചര്യം എത്ര ഭീകരമാണ്. നമ്മുടെ മാതാപിതാക്കളും കുഞ്ഞുങ്ങളും ഭീകരരാണോ? അനുരാഗ് ഠാക്കൂറിന്റെ പ്രസ്താവനയെ മുൻനിർത്തി മഹുവ മൊയിത്ര ചോദിച്ചു. ഷഹീൻ ബാഗ് ഒരു ജനതയുടെ മനസ്സാണ്. പോരാട്ടവീര്യമാണ്. അസഹിഷ്ണതയ്ക്കും മാറ്റിനിർത്തലിനുമെതിരെ ഉയർന്നുവന്ന സമരമാണ്. മതത്തിന്റെയും ജാതിയുടെയും പേര് പറഞ്ഞ് അവർ ആളുകളെ ഭിന്നിപ്പിക്കുകയും ഭയപ്പെടുത്തുകയും ചെയ്യുന്നു.
അവർ എണ്ണത്തിൽ കൂടുതലുണ്ടാകും. പാർലമെന്റിൽ അവർക്കു മൃഗീയ ഭൂരിപക്ഷം ഉണ്ടാകും. എന്താണോ മോദി ഭരണകൂടം ആഗ്രഹിക്കുന്നത് അത് അവർക്ക് എളുപ്പത്തിൽ നേടാൻ സാധിക്കും. സാമ്പത്തിക പ്രശ്നത്തെ കുറിച്ചും തൊഴിലായ്മയെ കുറിച്ച് സംസാരിക്കുന്നവർ കള്ളം പറയുന്നുവെന്നാണ് അവർ പറയുന്നത്.
നാളെ ഭരണഘടനയുടെ 356–ാം അനുച്ഛേദ പ്രകാരം രാഷ്ട്രപതി ഭരണം ഏർപ്പെടുത്തി ഡാര്‍ജീലിങിനെ വിഭജിക്കാം. നമ്മൾ കണ്ടുകൊണ്ടിരിക്കേണ്ടി വരും. ഇത് അധികാരത്തിന്റെയും തിരഞ്ഞെടുപ്പിന്റെയും പ്രശ്നമാണ്. ഒരു കയർ കിട്ടിയാൽ അത് ഉപയോഗിച്ച് വെള്ളം എടുക്കണമോ ആളുകളെ തൂക്കിക്കൊല്ലണമോ എന്ന് തീരുമാനിക്കാനുള്ള വിവേകം ഉണ്ടാകുകയെന്നതാണ് പ്രധാനം– മഹുവ മൊയിത്ര പറഞ്ഞു.
English Summary: TMC’s Mahua Moitra: BJP destroying every single thing this country is built upon