ADVERTISEMENT

ന്യൂഡൽഹി∙ അഞ്ചു വർഷം മുൻപു സ്വന്തമാക്കിയ 70ൽ 67 സീറ്റെന്ന മിന്നുംതിളക്കത്തിന്റെ പകിട്ടു കൂട്ടാനൊരുങ്ങി ആം ആദ്മി പാർട്ടി(എഎപി), എട്ടു മാസം മുൻപ് ലോക്‌സഭ തിരഞ്ഞെടുപ്പിൽ ഏഴു സീറ്റും തൂത്തുവാരിയ ആവേശത്തിൽ ബിജെപി, കൈവിട്ട ദേശീയ തലസ്ഥാനം ‘കൈ’പ്പിടിയിലൊതുക്കാമെന്ന പ്രതീക്ഷയോടെ കോൺഗ്രസ്... ആരു വിജയിക്കും? ഡൽഹിയിലെ 1.47 കോടിയോളം വോട്ടർമാർ ഇന്നു വിധിയെഴുതും. 70 മണ്ഡലങ്ങളിലായി 672 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. രാവിലെ എട്ടു മുതൽ വൈകിട്ട് ആറു വരെയാണ് പോളിങ്.

ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധത്തിന്റെ ചൂടിപ്പോഴും ആറിയിട്ടില്ല ഡൽഹിയിൽ. അതിനാൽത്തന്നെ ഇന്നേവരെ കാണാത്തവിധം കനത്ത പ്രചാരണമായിരുന്നു ഇത്തവണ തലസ്ഥാനത്ത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നേരിട്ടായിരുന്നു ബിജെപിയുടെ പ്രചാരണം നയിച്ചത്. ദേശീയതയും ഷഹീൻബാഗും ജെഎൻയു സമരവും അയോധ്യയും പൗരത്വ പ്രതിഷേധങ്ങളും വികസനവുമെല്ലാം ബിജെപി ആയുധമാക്കി. 5 വർഷത്തെ ഭരണനേട്ടങ്ങളിലും വികസനത്തിലുമൂന്നിയായിരുന്നു എഎപി പ്രചാരണമെല്ലാം. 1998 മുതൽ 2013 വരെ ഷീല ദീക്ഷിതിനു കീഴിൽ ഡൽഹിക്കുണ്ടായ വികസനം ചൂണ്ടിക്കാട്ടിയായിരുന്നു കോൺഗ്രസ് പ്രചാരണം. 2015 ൽ 54.3% വോട്ടാണ് എഎപിക്കു ലഭിച്ചത്. ബിജെപിക്ക് 32 ഉം. കോൺഗ്രസിനാകട്ടെ 9.6 ശതമാനവും.

തിരഞ്ഞെടുപ്പിന്റെ ഭാഗമായി തലസ്ഥാനമൊട്ടാകെ കനത്ത സുരക്ഷയാണ്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം തുടരുന്ന ഷഹീൻബാഗ് ഉൾപ്പെടെയുള്ള ‘സെൻസിറ്റീവ്’ മേഖലകളിൽ കൂടുതൽ സുരക്ഷ ഏർപ്പെടുത്തി. ഷഹീൻബാഗിലെ അഞ്ച് പോളിങ് സ്റ്റേഷനുകളും അതീവജാഗ്രതാ മേഖലയായാണു തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപിച്ചിരിക്കുന്നത്. ഇവിടെ വോട്ടർമാരെ ബൂത്തിലെത്തിക്കാനായി ഒട്ടേറെ പ്രചാരണ പരിപാടികളും നടത്തി. പ്രതിഷേധക്കാരെ കണ്ടും പ്രത്യേകം ക്യാംപെയ്ൻ നടത്തി. ഓഖ്‌ല മണ്ഡലത്തിനു കീഴിലാണ് ഷഹീൻ ബാഗ്.

തലസ്ഥാനത്താകെ 40,000 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നത്. 19,000 ഹോം ഗാർഡുകളും കേന്ദ്ര സായുധ പൊലീസ് സേനയുടെ 190 കമ്പനിയും സുരക്ഷയ്ക്കായി രംഗത്തുണ്ട്. ആകെ 1,47,86,382 പേരാണ് വോട്ടർപട്ടികയിൽ. ഇതിൽ രണ്ടുലക്ഷത്തിലേറെ പേർ (2,32,815) 18–19 വയസ്സുള്ളവരാണ്. 80 വയസ്സിനും അതിനു മുകളിലും പ്രായമുള്ളവർ 2,04,830. ആകെ വോട്ടർമാരിൽ പുരുഷന്മാർ 81,05,236, സ്ത്രീകൾ 66,80,277, സർവീസ് വോട്ടർമാർ 11,608, തേഡ് ജെൻഡർ 869 എന്നിങ്ങനെയാണു കണക്ക്.

2689 കേന്ദ്രങ്ങളിലായി ഒരുക്കിയിരിക്കുന്നത് 13,750 ബൂത്തുകൾ. 516 കേന്ദ്രങ്ങളും 3704 പോളിങ് ബൂത്തുകളും അതീവ ജാഗ്രതാ പട്ടികയിലാണ്. ഇവിടങ്ങളിൽ പൊലീസിനൊപ്പം അർധസൈനിക വിഭാഗവും കാവലൊരുക്കും. വോട്ടിങ് നടപടികള്‍ വെബ്‌കാസ്റ്റിങ്ങിലൂടെ തത്സമയം നിരീക്ഷിക്കും. എല്ലാ പോളിങ് ബൂത്തുകളിലും സാമഗ്രികളുമായി ഉദ്യോഗസ്ഥർ ഒരുങ്ങിക്കഴിഞ്ഞു. വോട്ടിങ് യന്ത്രങ്ങൾക്കും കനത്ത കാവലാണ്. മൂന്നാഴ്ചയിലേറെ നീണ്ട പ്രചാരണം വ്യാഴാഴ്ച വൈകിട്ട് ആറിനാണ് അവസാനിച്ചത്. ഫെബ്രുവരി 11നാണ് വോട്ടെണ്ണൽ.

English Summary: Delhi votes Saturday; security, poll arrangements put in place

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com