ADVERTISEMENT

ന്യൂഡൽഹി ∙ നിയമസഭ തിരഞ്ഞെടുപ്പിൽ അന്തിമപോളിങ് ശതമാനം പുറത്തുവിടാത്തതിൽ തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി ഞെട്ടലുണ്ടാക്കുന്നുവെന്നു കേജ്‌രിവാൾ പറഞ്ഞു. വോട്ടെടുപ്പ് അവസാനിച്ച് 24 മണിക്കൂർ പിന്നിടുമ്പോഴും അന്തിമ പോളിങ് ശതമാനം പുറത്തു‌വിടാത്തതിനെ തുടർന്നാണ് വിമർശനവുമായി കേജ്‌രിവാൾ രംഗത്ത് വന്നത്.

‘തികച്ചു ഞെട്ടലുളവാക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മിഷൻ എന്താണ് ചെയ്യുന്നത്? വോട്ടെടുപ്പ് കഴിഞ്ഞ നിരവധി മണിക്കൂറുകൾ കഴിഞ്ഞിട്ടും എന്തുകൊണ്ടാണ് അന്തിമ പോളിങ് ശതമാനം പുറത്തുവിടാത്തത്?’ – കേജ്‌രിവാൾ ട്വീറ്റ് ചെയ്തു. തിരഞ്ഞെടുപ്പ് അവസാനിച്ച് രാത്രി വൈകി അന്തിമ പോളിങ് ശതമാനം തിരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തു വിടാറുണ്ട്. എന്നാൽ മണിക്കൂറുകൾ പിന്നിട്ടിട്ടും അനിശ്ചിതത്വം തുടരുന്നതിൽ കേജ്‌രിവാൾ ആശങ്ക രേഖപ്പെടുത്തി.

പോളിങ് കുറഞ്ഞതിൽ ആശങ്കപ്പെട്ടിരുന്ന ആം ആദ്മി പാർട്ടി എക്സിറ്റ് പോൾ ഫലങ്ങളെ തുടർന്ന് ആത്മവിശ്വാസത്തിലാണ്. സർക്കാരിന്റെ ജനോപകാര നടപടികൾ വോട്ടായി മാറിയെന്നാണ് വിലയിരുത്തൽ. എന്നാൽ എക്സിറ്റ് പോൾ ഫലത്തിനായി ശേഖരിച്ച ഡേറ്റയിൽ പിഴവുണ്ടെന്നാണ് ബിജെപി വാദം. നാല് മണിക്ക് ശേഷമാണ് പ്രവർത്തകർ കൂട്ടത്തോടെ വോട്ടു ചെയ്തതെന്ന് ബിജെപി എംപി മീനാക്ഷി ലേഖി പറഞ്ഞു.

തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് വലിയ പ്രതീക്ഷയില്ലെന്ന് എഐസിസി സെക്രട്ടറി പി.സി.ചാക്കോ പറഞ്ഞു. ഇലക്ട്രോണിക് വോട്ടിങ് യന്ത്രം സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ്ങ്‌ റൂമുകൾക്ക് ആം ആദ്മി പ്രവർത്തകർ കാവലിരിക്കുമെന്നു പ്രഖ്യാപിച്ചിരുന്നെങ്കിലും അതുണ്ടായില്ല. എങ്കിലും പ്രവർത്തകർ സ്ട്രോങ്ങ്‌ റൂമുകൾ നിരീക്ഷിക്കുന്നുണ്ട്.

English Summary: Absolutely Shocking": Arvind Kejriwal As Poll Body Sits On Delhi Turnout

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com