ADVERTISEMENT

ന്യൂഡൽഹി∙ ഡല്‍ഹി ഫലം ബിജെപിയെ ഇരുത്തി ചിന്തിപ്പിക്കും. തുടര്‍ച്ചയായി പരാജയപ്പെട്ട തന്ത്രങ്ങള്‍ ആവര്‍ത്തിച്ചതാണു ഡല്‍ഹിയില്‍ പാര്‍ട്ടിയുടെ സാധ്യത ഇല്ലാതാക്കിയതെന്ന് നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു. പ്രചാരണം നയിച്ച അമിത് ഷായ്ക്കും പാര്‍ട്ടിയുടെ മുഖമായ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഇത് കനത്ത പ്രഹരമാണ്.

തിര​ഞ്ഞെടുപ്പു തോല്‍വിയുടെ ഉത്തരവാദിത്തം സംസ്ഥാന നേതാക്കളിൽ കെട്ടിവച്ച് മോദിയുടേയും അമിത് ഷായുടേയും പ്രതിച്ഛായ രക്ഷിക്കാനുള്ള ശ്രമം ഛത്തീസ്ഗഡിലും മധ്യപ്രദേശിലും രാജസ്ഥാനിലുമെല്ലാം ജയം കണ്ടെങ്കിലും ഡല്‍ഹിയിൽ വിഫലമായി. പുതുമ നഷ്ടപ്പെട്ട തിരഞ്ഞെടുപ്പു തന്ത്രങ്ങളാണ് ബിജെപിയുടെ തോല്‍വിയിലെ ഒന്നാമത്തെ ഘടകം. പ്രചാരണത്തിന്റെ അന്ത്യത്തില്‍ തീവ്രഹിന്ദുത്വം ആളിക്കത്തിക്കലും പാക്കിസ്ഥാന്‍ പ്രയോഗങ്ങളും എതിരാളികളെ അവഹേളിക്കലും ദേശീയവിഷയങ്ങള്‍ ഉയർത്തൽ എന്നിവയും ഇക്കുറിയും പരീക്ഷിക്കപ്പെട്ടു.

മണ്ഡലം ഇളക്കിമറിക്കലും മോദി റാലികളും തന്നെയാണ് ബിജെപിയുടെ പ്രധാനചേരുവകള്‍ എന്ന് ഡൽഹി തിരഞ്ഞെടുപ്പ് ഒരിക്കൽ കൂടി തെളിയിച്ചു. ഇതിലൊന്നും പെടാതെ തനതായ പ്രചാരണത്തില്‍ ഉറച്ചുനിന്ന അരവിന്ദ് കേജ്‍രിവാളിനെ എങ്ങനെ നേരിടണമെന്നുപോലും  വാസ്തവത്തില്‍ ബിജെപിക്കു നിശ്ചയമുണ്ടായില്ല.

സംഘടനാബലത്തെക്കുറിച്ചുള്ള അമിതവിശ്വാസമാണ് തിരിച്ചടിയിലെ മറ്റൊരു ഘടകം. അമിത് ഷായുടെ തന്ത്രങ്ങളിലും മോദിയുടെ പ്രതിച്ഛായയിലും മാത്രം വിശ്വാസമര്‍പ്പിച്ചപ്പോള്‍ അടിത്തട്ടിലെ പ്രവര്‍ത്തനം അലസമായി. അഭിപ്രായ സര്‍വേഫലങ്ങള്‍ അപ്പാടെ എതിരായപ്പോഴാണ് ബിജെപി ഉണര്‍ന്നത്. എന്നാല്‍ രണ്ടുവര്‍ഷം മുന്‍പുതന്നെ തയാറെടുപ്പു തുടങ്ങിയ ടീം കേജ്‍രിവാളിനെ നേരിടാന്‍ അത് മതിയാകില്ലായിരുന്നു.

മുഖമില്ലായ്മയാണ് പാര്‍ട്ടിയെ വീഴ്ത്തിയ മറ്റൊരു ഘടകം. നരേന്ദ്രമോദിയെ മുന്നില്‍ നിര്‍ത്തി 'നേതാവുണ്ടോ' എന്ന് പ്രതിപക്ഷത്തെ വെല്ലുവിളിക്കുന്ന ബിജെപിക്ക് അരവിന്ദ് കേജ്‍രിവാളിനെതിരായ പോരാട്ടം നയിക്കാന്‍ ആളില്ലായിരുന്നു. വിവാദപ്രസ്താവനകള്‍ക്കും താരപ്പകിട്ടിനുമപ്പുറം രാഷ്ട്രീയനേതാവെന്ന അനുഭവം മനോജ് തിവാരിക്കു തീരെ ഇല്ലാതെപോയി. തിവാരിയെ മുഖമായി കാണാന്‍ നേതൃത്വം തയാറായതുമില്ല.

ഇതിനെല്ലാമൊപ്പം കോണ്‍ഗ്രസിന്റെ വന്‍തകര്‍ച്ചയും ബിജെപിയേയും ബാധിച്ചു. കോണ്‍ഗ്രസ് കൂടുതല്‍ വോട്ടുപിടിച്ചിരുന്നെങ്കില്‍ ത്രികോണമല്‍സരത്തിന്റെ ഗുണം ബിജെപിക്കു കിട്ടുമായിരുന്നു. എന്നാല്‍ പൊരുതാന്‍പോലും കോണ്‍ഗ്രസ് കൂട്ടാക്കാതിരുന്നത് കേ‍ജ്‍രിവാളിന്റെ ജയവും ബിജെപിയുടെ തോല്‍വിയും ഉറപ്പിച്ചു.

English Summary: AAP crushes BJP in Delhi, Congress steady at 0

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com