ADVERTISEMENT

ന്യൂഡൽഹി∙ ബിജെപിയുടെ ഭൂരിപക്ഷ ധ്രുവീകരണം തന്ത്രങ്ങളെ മറികടക്കാനുള്ള രാഷ്ട്രീയശക്തി തനിക്കുണ്ടെന്നു മൂന്നാം തവണയും തെളിയിച്ചു അരവിന്ദ് കേജ്‌രിവാൾ. ഇതിനായി  മനുഷ്യന്റെ  അടിസ്ഥാന വികസനത്തിൽ ഊന്നിയുള്ള പ്രചരണം പയറ്റിയാൽ മതിയാകുമെന്നും അദ്ദേഹം ബോധ്യപ്പെടുത്തി. 2014 ലോക്സഭാ തിരഞ്ഞെടുപ്പിലെ തോൽവിക്കു ശേഷം മടക്കിവച്ച ദേശീയ രാഷ്ട്രീയ സ്വപ്നങ്ങൾ ആം ആദ്മി ഈ മഹാവിജയത്തോടെ പുറത്തെടുക്കുന്നുവെന്ന സൂചനകളും പുറത്തു വരുന്നുണ്ട്.

ഡൽഹിയുടെ തിരഞ്ഞെടുപ്പ് ചരിത്രത്തിൽ ഇതുവരെ കാണാത്ത ധ്രുവീകരണ വിദ്വേഷ രാഷ്ട്രീയ പ്രചാരണമാണ് ഇത്തവണ ഉണ്ടായത്. ഒരു ഭാഗത്ത് നരേന്ദ്രമോദിയും അമിത് ഷായും അടങ്ങുന്ന തിരഞ്ഞെടുപ്പ് പട. മറുവശത്ത് കേജ്‌രിവാളും ഏഴ് വർഷം മാത്രം പ്രായമുള്ള ചെറിയ പാർട്ടിയും. ദാവീദും ഗോലിയാത്തും തമ്മിലുള്ള ഈ പോരാട്ടത്തിൽ വിജയം കൊയ്തത് ഭാഗ്യപരീക്ഷണങ്ങളുടെ ബലത്തിൽ അല്ല, മറിച്ച് അഞ്ചു വർഷം കൊണ്ട് ജനത്തിനു കൊടുത്ത വാഗ്ദാനങ്ങൾ  പാലിച്ചുകൊണ്ടാണ്. 

കുടിവെള്ളം, വൈദ്യുതി, പൊതുവിദ്യാഭ്യാസം, ആരോഗ്യം തുടങ്ങി ഏറ്റവും സാധാരണക്കാരനായ മനുഷ്യന്  ആവശ്യമായ സേവനങ്ങൾ നൽകുന്നതിൽ വിപ്ലവം തീർത്താണ് കേജ്‌രിവാളും സംഘവും ഡൽഹി പിടിച്ചത്. അതുകൊണ്ടാണ് പാക്കിസ്ഥാനും കശ്മിരും  ഷഹിൻ ബാഗും ഉയർത്തിയുള്ള പ്രചാരണത്തെ വികസനകുതിപ്പു കൊണ്ട് നേരിടാൻ കേജ്‌രിവാളിന് കഴിഞ്ഞതും. കഴിഞ്ഞ അഞ്ചു വർഷം രാജ്യത്തിനു  മാതൃകയായ ഭരണ സംവിധാനമാണ് കേജ്‌രിവാൾ ഡൽഹിയിൽ ഒരുക്കിയത്. 

ഡൽഹിയിലെ സാധാരണക്കാരുടെ ജീവിതം മാറ്റിമറിക്കാൻ മാത്രമല്ല, ബിജെപിയെ നേരിടാനും അതുകൊണ്ട് കഴിഞ്ഞു. ഇത് ദേശീയ തലത്തിൽ വ്യാപിപ്പിക്കാൻ കഴിയുമോ എന്നതാണ് ഉയരുന്ന ചോദ്യം. പ്രതീക്ഷയുണ്ടായിരുന്ന പഞ്ചാബ്, ഗോവ ഉൾപ്പെടെ മറ്റ് സംസ്ഥാനങ്ങളിൽ തന്നോളമുള്ള നേതാക്കളെ വളർത്തി കൊണ്ടുവരാൻ കേജ്‌രിവാൾ തയ്യാറായില്ല. അത്തരം ന്യൂനതകൾ പരിഹരിച്ചാൽ കേജ്‌രിവാളിന്റെ ദേശീയ സ്വപ്നങ്ങൾ പൂവണിയുന്നതിനൊപ്പം മോദിക്കെതിരായ പ്രതിപക്ഷ മുഖമായും മാറാനാകും. 

English Summary: It's the beginning of new kind of politics: Kejriwal on AAP victory

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com