ADVERTISEMENT

ന്യൂഡൽഹി∙ ഡൽഹി നിയമസഭ തിരഞ്ഞെടുപ്പിൽ ആംആദ്മി പാർട്ടി ഉയർത്തിയ വികസനപ്രവർത്തനങ്ങൾ നേരിടാൻ ബിജെപി മെനഞ്ഞെടുത്ത തന്ത്രങ്ങളിലൊന്നാണ് ഷഹീൻ ബാഗ് സമരത്തെ ആക്രമിച്ചുള്ള പ്രചാരണം. ആഭ്യന്തരമന്ത്രി അമിത് ഷായുടെ ചുവടുപിടിച്ച് പാർട്ടിയിലെ പ്രമുഖരെല്ലാം ഷഹീൻ ബാഗിനെ പ്രചാരണായുധമാക്കി. എന്നാൽ കഴിഞ്ഞ തവണത്തേക്കാൾ വോട്ടുനേടി ആംആദ്മി എംഎൽഎ അമാനത്തുള്ള ഖാൻ ഷഹീൻ ബാഗ് ഉൾപ്പെടുന്ന ഒഖ്‌ല മണ്ഡലത്തിൽ  ജയിച്ചത് വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ട് ബിജെപി നടത്തിയ പ്രചാരണങ്ങൾക്കു തിരിച്ചടിയായി. 

എഎപിയെ മുൾമുനയിൽ നിർത്തിയ മണ്ഡലമാണ് ഒഖ്‌ല. ലീഡ് നില മാറിമറിഞ്ഞ് ഉദ്വേഗത്തിന്റെ നിമിഷങ്ങളായിരുന്നു എഎപിക്കും ബിജെപിക്കും. ഒരുഘട്ടത്തിൽ ബിജെപിയുടെ മുന്നേറ്റമായിരുന്നു ഒഖ്‌ലയിൽ. പൗരത്വനിയമത്തിനെതിരെ ഷാഹീൻ ബാഗിൽ വൻ പ്രതിഷേധം നടന്നുവരുന്നതിനിടെയാണ് ഡൽഹിയിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത്. വോട്ടിങ് മെഷീനില്‍ ബട്ടണമര്‍ത്തുമ്പോള്‍ അതിന്‍റെ പ്രകമ്പനം ഷഹീന്‍ ബാഗില്‍ അറിയണം എന്ന ആഭ്യന്തര മന്ത്രി അമിത് ഷായുടെ വാക്ക് ഏറെ വിവാദങ്ങളും ചര്‍ച്ചകളും ഉയര്‍ത്തിയിരുന്നു. 

ന്യൂനപക്ഷവോട്ടുകൾ നിർണായകമായ ഒഖ്‌ല മണ്ഡലത്തിൽ ഉൾപ്പെടുന്ന ഷഹീൻ ബാഗിലെ സമരക്കാർ ഇതിനൊന്നും ചെവിക്കൊടുത്തില്ല. പൗരത്വഭേദഗതി നിയമത്തിനെതിരായ സമരം അവർ തുടർന്നു.

തിരഞ്ഞെടുപ്പ് ദിവസം വോട്ട് രേഖപ്പെടുത്തി സമരപ്പന്തലിലേക്ക് മടങ്ങി. ഏഴുപതെണ്ണത്തിൽ കനത്ത പോളിങ് രേഖപ്പെടുത്തിയ മണ്ഡലങ്ങളിലൊന്നായിരുന്നു ഒഖ്‌ല. പ്രതിഷേധക്കാർക്ക് പരസ്യപിന്തുണ പ്രഖ്യാപിക്കാൻ വിമുഖത കാണിച്ച ആം ആദ്മിക്കൊപ്പമായിരുന്നു ജനവിധി. ഒരു ലക്ഷത്തിനടുത്ത് ഭൂരിപക്ഷം നേടി സിറ്റിങ്ങ് എംഎൽഎ അമാനത്തുള്ള ഖാൻ ജയിച്ചു.

ഇന്നും ഈ സമരപ്പന്തലിൽ നിശബ്ദ പ്രതിഷേധമാണ്. പൗരത്വഭേദഗതി നിയമം പിൻവലിക്കുന്നത് പ്രതിഷേധം തുടരാനാണ് തീരുമാനം. 

English Summary: Okhla election result 2020: massive victory for Amanatullah Khan 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com