ഹീറോ കേജ്രിവാൾ, നിറം മങ്ങി മോദി, ഷാ; ഡൽഹി വിധി നേതാക്കൾക്ക് എങ്ങനെ?
Mail This Article
ന്യൂഡൽഹി∙ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി വൻ ഭൂരിപക്ഷത്തിൽ വീണ്ടും അധികാരത്തിലെത്തിയപ്പോൾ രാജ്യത്തെ വിവിധ കക്ഷികളുടെ നേതാക്കളെ അത് എങ്ങനെയെല്ലാം ബാധിക്കും. അരവിന്ദ് കേജ്‍രിവാൾ എന്ന നേതാവിന്റെ നേതൃപാടവം ഒരിക്കൽ കൂടി രാജ്യം അറിഞ്ഞു, ദേശീയ തലത്തിൽ കേജ്‍രിവാൾ എന്ത് ഇടപെടലിനാണ് ഒരുങ്ങുന്നതെന്നാണ് ഇനി അറിയേണ്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്രമന്ത്രി അമിത്ഷായ്ക്കും മൂന്നാം തവണയും കേജ്‍രിവാളിന് മുന്നില്‍ തോൽവി സമ്മതിക്കേണ്ടിവന്നു. കോൺഗ്രസ് നേതാക്കള്‍ ചിത്രത്തിലേ ഇല്ലാത്ത അവസ്ഥ ഡല്‍ഹിയിൽ ഒരിക്കൽ കൂടി അനുഭവിച്ചു. എന്തായിരിക്കും ഈ തിരഞ്ഞെടുപ്പ് നേതാക്കൾക്കു നൽകുക?
ജനകീയനായ മോദി; സംസ്ഥാനങ്ങളിൽ തോൽവി
ഡൽഹി തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഉയർത്തിക്കാണിക്കുന്നതിന് ബിജെപിക്ക് ഒരു പ്രാദേശിക മുഖം ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു ഡൽഹിയിൽ ബിജെപിയുടെ മുഖം. ഡൽഹിയിൽ രണ്ട് റാലികളിൽ പ്രധാനമന്ത്രി സംസാരിച്ചു. പക്ഷേ മോദിയെ ജനം സ്വീകരിച്ചോ, തള്ളിയോ എന്നു വിലയിരുത്താവുന്ന തിരഞ്ഞെടുപ്പല്ല, ഇത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ 50 ശതമാനം വോട്ടും മുഴുവൻ സീറ്റും നൽകി ഡൽഹി ജനത മോദിയോടുള്ള പിന്തുണ അറിയിച്ചതാണ്. എന്നാൽ അതേ ജനങ്ങളാണ് ഇപ്പോൾ കേജ്‍രിവാളിനെ മുഖ്യമന്ത്രിയായി മൂന്നാം വട്ടവും തിരഞ്ഞെടുത്തത്.
തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മോദിയെ അക്രമിക്കാതിരിക്കാൻ കേജ്‌രിവാൾ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. മോദിയും കേജ്‍രിവാളും തമ്മിലുള്ള തിരഞ്ഞെടുപ്പല്ല ഡൽഹിയില്‍ നടക്കുന്നതെന്നും ജനങ്ങളിൽ ഉറപ്പിച്ചു. നേരിട്ട് തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രിയുടെ ഇടപെടലില്ലെങ്കിലും ബിജെപി നില മെച്ചപ്പെടുത്തിയതിനാൽ ജനങ്ങൾക്ക് ഇപ്പോഴും പ്രധാനമന്ത്രിയിൽ വിശ്വാസമുണ്ടെന്നും വിലയിരുത്താം. എന്നാൽ മോദിക്ക് ആശങ്കപ്പെടാനും വകയേറെയുണ്ട്. ഹരിയാനയിൽ പ്രതീക്ഷിച്ചത്ര വിജയം നേടാനാകാത്തതും മഹാരാഷ്ട്ര, ജാർഖണ്ഡ് സംസ്ഥാനങ്ങളിലെ തോൽവിക്കുമൊപ്പം ഇപ്പോൾ ഡൽഹിയും ബിജെപിക്കു സമ്മാനിച്ചത് തിരിച്ചടിയാണ്.
പ്രാദേശിക തലത്തിൽ താരം കേജ്‍രിവാൾ, ഇനി കണ്ണ് ദേശീയത്തില്‍?
ഭരണപരമായി കേന്ദ്രസർക്കാരുമായുള്ള തർക്കങ്ങളുടെ കാലമായിരുന്നു ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിന് കഴിഞ്ഞ അഞ്ച് വർഷം. ദേശീയ തലത്തിൽ വളരാനുള്ള ആം ആദ്മി പാർട്ടിയുടെ മുന്‍പത്തെ ശ്രമങ്ങളെല്ലാം പരാജയമായിരുന്നു. ഇപ്പോൾ വീണ്ടും ആം ആദ്മി പാർട്ടി ഒരിക്കൽ കൂടി ദേശീയതലത്തിൽ ഇടപെടാൻ ആഗ്രഹിക്കുന്നതായാണു വിവരം. അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്ന ഒരു നേതാവെന്ന നിലയിലേക്ക് കേജ്‍രിവാൾ ഉയർന്നു കഴിഞ്ഞു. സ്കൂളുകളുടെ വികസനം, പൊതുജനാരോഗ്യ മേഖലയിൽ മുന്നേറ്റം, കുറഞ്ഞ നിരക്കിൽ വൈദ്യുതിയും വെള്ളവും തുടങ്ങിയവയെല്ലാം എഎപി സർക്കാർ ഡൽഹിക്കു നല്‍കി.
കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയൽ, രാമക്ഷേത്ര നിർമാണം എന്നീ വിഷയങ്ങളിൽ കേന്ദ്രസർക്കാരിന്റെ നിലപാടുകളോടു ചേർന്നു നിൽക്കുന്ന സമീപനമായിരുന്നു കേജ്‍രിവാളിന്റേത്. ഷഹീൻ ബാഗ്, ജെഎൻയു വിഷയങ്ങളിൽനിന്നു വിട്ടുനിന്നു. ഇതെല്ലാം ആം ആദ്മി പാർട്ടിക്കു സഹായമായി. ഡൽഹി രാഷ്ട്രീയത്തിൽ കേജ്‍രിവാളിന്റെ മേധാവിത്വം ഒന്നുകൂടി ഉറപ്പിക്കുന്നതായിരുന്നു തിരഞ്ഞെടുപ്പ് വിജയം.
തിരിച്ചുവരണം രാഹുൽ ഗാന്ധിയും കോൺഗ്രസും
2013ന് മുൻപ് തുടർച്ചയായി മൂന്നുവട്ടം ഡൽഹി ഭരിച്ച പാർട്ടിയാണ് കോൺഗ്രസ്. 2014, 2019 പൊതുതിരഞ്ഞെടുപ്പുകളിൽ ഡൽഹിയിലെ എല്ലാ സീറ്റിലും തോറ്റ കോൺഗ്രസ് 2015ലെ നിയമസഭാ തിരഞ്ഞെടുപ്പിലും പൂജ്യത്തിലൊതുങ്ങി. 2020ലും തോൽവി ആവർത്തിച്ചു. ഒരു പ്രാദേശിക നേതാവ് ഇല്ലാത്തതാണ് ഇതിന് കാരണമെന്നു പാര്‍ട്ടി തന്നെ അംഗീകരിച്ചു. കോൺഗ്രസിന്റെ മുഖ്യനേതാവായ രാഹുൽ ഗാന്ധി തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ഘട്ടത്തിലാണ് ഡൽഹിയിലെത്തിയത്. തിരഞ്ഞെടുപ്പു പ്രചാരണങ്ങളിൽ അദ്ദേഹത്തിന്റെ പ്രകടനം എത്ര പിന്നോട്ടാണ് എന്നു തെളിയിക്കുന്നതായിരുന്നു ഡൽഹി ഫലം.
മുൻപ് കോൺഗ്രസ് മുന്നേറിയ ഇടങ്ങളിൽ അതു സാധ്യമായത് നെഹ്‍റു കുടുംബത്തിന്റെ മികവുകൊണ്ടായിരുന്നില്ല. ഹരിയാനയിൽ ഭൂപീന്ദർ സിങ് ഹൂഡയുടെ പ്രകടനമാണ് പാർട്ടിയെ നയിച്ചത്. മഹാരാഷ്ട്രയിൽ സഖ്യത്തിന്റെ പ്രചാരണം ഏറ്റെടുത്തത് എൻസിപി തലവൻ ശരദ് പവാർ. ജാർഖണ്ഡിൽ മുന്നണിയുടെ മുഖം ജെഎംഎമ്മിന്റെ ഹേമന്ത് സോറനായിരുന്നു. നേതൃപാടവത്തിലെ രാഹുൽ ഗാന്ധിയുടെ പരാജയത്തിലേക്കാണ് ഇതെല്ലാം വിരല്‍ചൂണ്ടുന്നത്. ബിജെപിയെ പുറത്താക്കിയെന്നതിൽ സന്തോഷിക്കാമെങ്കിലും ഡൽഹിയിൽ എഎപിയെന്ന പുതിയ പാർട്ടിയുടെ ഉയര്‍ന്നുവരവിന് ഇടം നൽകിയത് കോൺഗ്രസിന്റെ പിന്നോട്ടുപോക്ക് തന്നെയാണ്.
അമിത് ഷാ– ചാണക്യന്റെ പ്രചാരണ തന്ത്രങ്ങൾ പാളിയോ?
ബിജെപിയുടെ ഡല്‍ഹി പ്രചാരണം പൂർണമായും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ നിയന്ത്രണത്തിലായിരുന്നു. ഷഹീൻ ബാഗിലെ പൗരത്വ നിയമത്തിനെതിരായ പ്രതിഷേധം തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ എല്ലായ്പ്പോഴും ബിജെപി ചർച്ചയാക്കി. വോട്ടും സീറ്റും ഡൽഹിയിൽ കൂടിയത് അമിത് ഷായുടെ തന്ത്രങ്ങളുടെ ഭാഗമാണെന്നു സമ്മതിച്ചേ തീരൂ. തിരഞ്ഞെടുപ്പുകളിൽ പാർട്ടിയെ നയിക്കാനുള്ള അമിത് ഷായുടെ മികവ് ഡൽഹിയിലെ വോട്ട് നേട്ടത്തിൽ പ്രകടമാണ്. എന്നാൽ പ്രാദേശിക തലത്തിൽ മികച്ച നേതാക്കളില്ലാത്തത് ബിജെപിക്കു തിരിച്ചടിയായി. പ്രകോപനപരമായ വാക്കുകൾ പ്രചാരണത്തിൽ നേതാക്കൾ പുറത്തെടുത്തും തിരിച്ചടിച്ചു. ഇതൊക്കെ ആവശ്യത്തിന് ഉപയോഗിക്കാനും ഉപേക്ഷിക്കാനും സാധിക്കാതെ പോയാൽ ഏതു നേതാവും പരാജയപ്പെടും.
English Summary: What Delhi election result means for PM Modi, Kejriwal, Rahul Gandhi