കൊന്നത് 7 പേരെ; യുപി പൊലീസിനെ വട്ടം കറക്കി ബാഡോ; മോദിയുടെ റാലിക്കിടെ മുങ്ങി
Mail This Article
ലക്നൗ ∙ മെക്സിക്കോ നഗരങ്ങളിലെ ഓവുചാലുകൾ കൂട്ടിയിണക്കി നിർമിച്ച ഭൂഗർഭ അറയ്ക്കുള്ളിൽ അന്തിയുറങ്ങിയിരുന്ന അധോലോക രാജാവ് വാക്വീൻ ഗുസ്മാന്റെ ഇന്ത്യൻ പതിപ്പ്. യുപിയിലെ കുപ്രസിദ്ധനായ അധോലോക നേതാവ് ബദൻ സിങ് ബാഡോയ്ക്കു ദേശീയ മാധ്യമങ്ങൾ ചാർത്തി നൽകിയ വിശേഷണം ഇപ്രകാരമായിരുന്നു. ഒരു വര്‍ഷം മുമ്പ് നരേന്ദ്ര മോദിയുടെ പ്രചാരണ റാലിയുടെ മറവില്‍ യുപി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞ ബാഡോയെന്ന കൊടുംകുറ്റവാളിയെ കണ്ടെത്താന്‍ യോഗിയുടെ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഇന്ത്യൻ റോബിൻ ഹുഡ് എന്ന് മാധ്യമങ്ങൾ അയാളെ വിളിച്ചു. ‘അയാൾ ചെയ്യാത്ത കുറ്റകൃത്യം എന്തെന്നു നിങ്ങൾ എന്നോടു ചോദിക്കൂ.. ഞാൻ ഉത്തരം നൽകാം’– പത്രസമ്മേളനത്തിനിടെ രോഷാകുലനായി യുപി െപാലീസിലെ ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു.
43 കേസുകൾ അതിൽ ഏഴ് കൊലപാതകങ്ങൾ, വധശ്രമത്തിനും ആയുധക്കടത്തിനും ബാങ്ക് കൊള്ളയടിച്ചതിനും രാജ്യത്ത് പലഭാഗങ്ങളിലും കേസുകൾ. ഇൗ െകാടുംകുറ്റവാളി എവിടെയെന്ന ചോദ്യത്തിനു പക്ഷേ കൈമലർത്തുകയാണ് യുപി പൊലീസ്. നെതർലൻഡിലെ റോട്ടര്‍ഡാമില്‍ സസന്തോഷം വാഴുന്നുവെന്നു ബദൻ സിങ് ബാഡോ കഴിഞ്ഞ ദിവസം ഫെയ്സ്ബുക്കിൽ അപ്‌ഡേറ്റ് ചെയ്തതു ചൂണ്ടിക്കാണിക്കുമ്പോൾ ശുദ്ധതട്ടിപ്പെന്നായിരുന്നു യുപി പൊലീസ് നൽകുന്ന വിശദീകരണം.
അയാൾ ഇന്ത്യയിലുണ്ട്, മറ്റൊരാളാകും എഫ്ബി അക്കൗണ്ട് നിയന്ത്രിക്കുന്നത്. മുൻപും ഇന്റർനെറ്റ് കോളുകൾ വഴി പൊലീസിനെ വട്ടം ചുറ്റിച്ച ചരിത്രം അയാൾക്കുണ്ടെന്നും മറുപടി വരും. അഭിഭാഷകൻ രവീന്ദർ സിങ്ങിനെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിഞ്ഞിരുന്ന ബദൻ സിങ് െപാലീസ് സന്നാഹത്തെ വെട്ടിച്ചു കടന്നത് 2019 മാർച്ച് 28ന്. അന്നേ ദിവസം 18 കിലോമീറ്റർ അകലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം നടക്കുകയായിരുന്നു.
െപാലീസ് പ്രധാനമന്ത്രിക്കു ചുറ്റം വട്ടമിട്ടു പറക്കുകയായിരിക്കുമെന്നു മനസ്സിലാക്കി കൃത്യമായി ഹോംവർക്ക് ചെയ്തിരുന്നു ബദൻ സിങ്ങിന്റെ അനുയായികൾ. മറ്റൊരു കൊലപാതക കേസിൽ ഹാജരാക്കുന്നതിനായി ഫത്തേഗഡ് ജയിലില്‍ നിന്നും ഗാസിയാബാദ് കോടതിയിലേക്കു കൊണ്ടു വരുന്ന വഴിയാണു ബാഡോ രക്ഷപ്പെട്ടത്. ഗാസിയാബാദ് പോകുന്ന വഴി മീററ്റിലെ മുക്ത് മഹൽ ആഡംബര ഹോട്ടലിൽ അകമ്പടിക്കാരായ ആറു പൊലീസുകാർക്ക് ആവോളം മദ്യം വിളമ്പിയാണ് ബദൻ സിങ് രക്ഷപ്പെട്ടത്. മുക്ത് മഹൽ ഹോട്ടലിൽ ബാഡോയ്ക്കു മുതൽമുടക്കുണ്ടായിരുന്നു.
പൊലീസുകാരുടെ ഒത്താശയോടെ, അനുയായികളുടെ സഹായത്തോടെ ആഡംബരക്കാറിൽ ബാഡോ കടന്നുകളഞ്ഞു. പത്തുമാസങ്ങൾക്കു ശേഷവും യുപി പൊലീസിന് ബാഡോയെ പിടികൂടാൻ സാധിച്ചില്ല. സംഭവത്തിൽ 17 െപാലീസുകാരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരുന്നു. മോദിയുടെ റാലി നടക്കുന്ന സമീപ പരിസരത്തു നിന്ന് ഒരു കൊടുംകുറ്റവാളി െപാലീസിന് കൈക്കൂലി നൽകി കടന്നു കളഞ്ഞത് രാഷ്ട്രീയ വിവാദമായി. ഉറക്കമിളച്ച് പണിയെടുത്തിട്ടും െപാലീസിന് ബാഡോയുടെ െപാടി പൊലും കണ്ടുപിടിക്കാനായില്ല.
അൽ പാചിനോയുടെ ആരാധകൻ
മീററ്റിലെ കിരീടവും ചെങ്കോലുമില്ലാത്ത നാട്ടുരാജാവാണ് ബാഡോ. അന്നന്നത്തെ അന്നത്തിനു വേണ്ടി പാടുപെടുന്ന ട്രക്ക് ഡ്രൈവറുടെ മകൻ ശതകോടീശ്വരനായ കഥ സിനിമകളെ പോലും അമ്പരപ്പിക്കുന്നതാണ്. 1972ൽ ഇറങ്ങി ലോകസിനിമാ ചരിത്രത്തിൽ വലിയ ഓളമുണ്ടാക്കിയ പണംവാരി പടം ഗോഡ്ഫാദറിന്റെ കടുത്ത ആരാധകനാണ് ബാഡോ. സൂപ്പർതാരം അൽ പാചിനോ അനശ്വരമാക്കിയ മൈക്കൾ കോർലിയോണിയെന്ന കഥാപാത്രം താനാണെന്നു പലപ്പോഴും ബാഡോ അവകാശപ്പെട്ടിരുന്നു.
കൊലപാതകങ്ങൾ ആസൂത്രണം ചെയ്ത് നടപ്പാക്കിയതും ഈ സിനിമയെ അനുകരിച്ചായിരുന്നുവെന്ന് െപാലീസ് പറയുന്നു. തന്നെ ആശ്രയിക്കുന്നവരുടെ ഗോഡ്ഫാദറാണ് താനെന്നാണു ബാഡോ അവകാശപ്പെട്ടിരുന്നത്. അൽ പാചിനോ ചിത്രത്തിൽ ധരിച്ചിരുന്ന ടക്സീഡോ സ്വന്തമായി ഡിസൈൻ ചെയ്താണ് ഇയാൾ ധരിച്ചിരുന്നതെന്നും അടുപ്പമുള്ളവർ പറയുന്നു. എട്ടാം ക്ലാസ് മാത്രം വിദ്യാഭ്യാസമുള്ള ഇയാൾ നന്നായി ഇംഗ്ലിഷ് സംസാരിക്കുമെന്നു വരുത്തിതീർക്കാൻ ശ്രമിച്ചിരുന്നു.
നെതർലൻഡിലെ റോട്ടര്‍ഡാമില്‍ ഉണ്ടെന്ന രീതിയിൽ ഫെയ്സ്ബുക്കിലെ അപ്ഡേഷൻ െപാലീസിനുള്ള കുരുക്കാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ അനുമാനം. ലുക്ക്ഒൗട്ട് നോട്ടിസ് പുറപ്പെടുവിച്ച് രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളിൽ പൊലീസ് വലവിരിച്ചിട്ടുള്ള സാഹചര്യത്തിൽ നെതർലൻഡിലേക്കുള്ള പലായനം എളുപ്പമാകില്ലെന്നു പൊലീസ് ചൂണ്ടിക്കാട്ടുന്നു.
കർശനമായ ഇമിഗ്രേഷൻ നിയമങ്ങൾ പാലിക്കുന്ന രാജ്യമാണു നെതർലൻഡ് എന്നും ഇന്ത്യയിൽ ഇരുന്നു കൊണ്ടു െപാലീസിനെ തെറ്റിദ്ധരിപ്പിക്കുകയാണ് ബാഡോയുടെ ലക്ഷ്യമെന്നും എസ്ടിഎഫ് ഡിഎസ്പി ബ്രിജേഷ് സിങ് പറയുന്നു. എറെ നാൾ മറഞ്ഞിരിക്കാൻ ബാഡോയ്ക്കു സാധിക്കില്ല. ലൂയി വിട്ടോൺ ഷൂസ് ധരിക്കാതെ, വിലേയറിയ സ്വിസ് വാച്ച് കെട്ടാതെ, ഡിസൈനർ ടക്സീഡോയിൽ അല്ലാതെ െപാതുമധ്യത്തിൽ പ്രത്യക്ഷപ്പെടാത്ത കടുത്ത ആഡംബര പ്രേമിയായ ബാഡോ രാത്രിയ്ക്കുരാത്രി നാടുവിടില്ലെന്നു െപാലീസ് കരുതുന്നു. ഇയാളുടെ പാസ്പോർട്ട് റദ്ദാക്കിയതാണെന്നും പൊലീസ് പറയുന്നു.
മീററ്റിൽ ബാഡോ പറയുന്നത് നിയമം
നല്ല രാജാവിന് എങ്ങനെയാണ് തന്റെ അനുചരരെ സംരക്ഷിക്കേണ്ടതെന്നും ശത്രുക്കളെ ഉൻമൂലനം ചെയ്യേണ്ടതെന്നും കൃത്യമായി അറിയാമെന്നായിരുന്നു കുറച്ചു നാളുകൾക്കു മുൻപുള്ള ബാഡോയുടെ ഫെയ്സ്ബുക് കുറിപ്പ്. അനുയായികളെ വളർത്തിയും ശത്രുക്കളെ കൊന്നൊടുക്കിയുമാണ് ബാഡോ രാജാവായത്. ബാഡോയുടെ പിതാവ് ചരൺ സിങ് 1970 ലാണ് ജലന്ധറിൽ നിന്ന് മീററ്റിലേക്കു താമസം മാറിയത്. ഏഴ് മക്കളിൽ ഇളയവനായ ബാഡോ പിതാവിന്റെയും മൂത്ത സഹോദരൻ കിഷൻ സിങ്ങിന്റെയും ഉപദേശം അനുസരിച്ചാണ് ട്രാൻസ്പോർട്ട് ബിസിനസിലേക്കു ഇറങ്ങിയത്.
പണം വാരാൻ ഈ െതാഴിൽ മതിയാകില്ലെന്നു വന്നപ്പോൾ ചാരായവും കഞ്ചാവ് െപാതികളും കടത്തി. തികയാതെ വന്നപ്പോൾ വീടുകളും ബാങ്കുകളും കൊള്ളയടിച്ചു. എതിർക്കുന്നവരെ വെടിവച്ചിട്ടു. 40 വയസ്സിനുള്ളിൽ തന്നെ ആറു സഹോദരൻമാരുടെയും മരണവും കാണേണ്ടി വന്നു ബാഡോയ്ക്ക്. മൂന്നുപേർ രോഗം വന്ന് മരിച്ചപ്പോൾ മൂന്നു പേർ അപകടത്തിൽപെടുകയായിരുന്നു. സഹോദരൻമാരുടെ മരണം െകാലപാതകങ്ങളാണെന്നും സംസാരമുണ്ടായി. ആയുധക്കടത്തും മയക്കുമരുന്നു വ്യാപാരവും ബദൻസിങ്ങിനെ ശതകോടീശ്വരനാക്കി.
1980 കളിൽ ബാഡോയുടെ സാമ്രാജ്യം യുപിക്കു പുറത്തേക്കു വ്യാപിച്ചു. പഞ്ചാബിലും ഡൽഹിയിലും ആന്ധ്രയിലും ബാഡോ രാജാവായി. ആന്ധ്രയിൽ ബാങ്ക് കൊള്ളയടിച്ചത് ഈ കാലത്താണ്. യുപിയിലെ കൊടുംകുറ്റവാളി രവീന്ദർ ബുഹ്റയുടെ വലംകൈ ആയതോടെ ബാഡോയ്ക്ക് യുപിയിൽ എതിരാളികൾ ഇല്ലാതായി. ആഡംബര കാറുകൾ മോഷ്ടിച്ചു കടത്താൻ ബദൻ സിങ്ങിന് സംഘങ്ങൾ ഉണ്ടായിരുന്നു. യുപിയിലെ മറ്റു അധോലോക നായകർക്കു മീതെ വളർന്നതോടെ െപാലീസും നിയമവും ബദൻ സിങ്ങിന്റെ ചൊൽപ്പടിക്കു നിന്നു. മീററ്റിൽ ബാഡോ പറയുന്നതാണ് നിയമം എന്നായി.
1988 ലാണ് ആദ്യ കൊലപാതക കേസ്. ബിസിനസ് പങ്കാളിയായ രാജ്കുമാറിനെ കൊന്നുതള്ളിയ കേസ് ഏറെ കോളിളക്കം സൃഷ്ടിച്ചു. ബിസിനസ് വൈരികളെ കൊന്നും ഭീഷണിപ്പെടുത്തിയുമുള്ള മുന്നേറ്റത്തിനു കേസുകളൊന്നും തടസ്സമായില്ല. പത്തോളം കൊലപാതക കേസുകളിൽ െപാലീസ് തിരയുന്ന സൂഷിൽ മൂച്ച് എന്ന അധോലോക കുറ്റവാളിയുമായി 2007ൽ ചങ്ങാത്തം സ്ഥാപിച്ചതോടെ യുപിയിൽ അജയ്യനായി.
അഭിഭാഷകനായ രവീന്ദർ സിങ്ങിനെ 1996ൽ കൊന്നതാണ് ബാഡോയുടെ സാമ്രാജ്യത്തിന്റെ അടിത്തറ ഇളക്കിയത്. കേസിൽ സത്യസന്ധമായ അന്വേഷണമുണ്ടായി. പഴുതടച്ച കുറ്റപത്രം സമർപ്പിക്കപ്പെട്ടു. കേസിൽ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെടുകയും ചെയ്തു. സാധാരണ കള്ളനോ കൊലപാതകിയോ അല്ല അയാൾ. ബാഡോയെ പോലെ കൊടുംകുറ്റകൃത്യങ്ങൾ ചെയ്യുന്ന മറ്റൊരു കുറ്റവാളിയുണ്ടോ എന്ന കാര്യത്തിൽ പോലും സംശയമുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.
English Summary: BMW, Louis Vuitton & murders, robberies – Life and crimes of UP gangster Badan Singh Baddo