‘ബേബി മഫ്ളർമാൻ’: കേജ്രിവാളിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ തിളങ്ങിയ വിശിഷ്ടാതിഥി
Mail This Article
ന്യൂഡൽഹി∙ അരവിന്ദ് കേജ്‌രിവാളിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലും താരമായി ‘കുഞ്ഞ് കേജ്‌രിവാൾ’. രാംലീല മൈതാനിയിൽ നടന്ന ആം ആദ്മി പാർട്ടിയുടെ സത്യപ്രതിജ്ഞ ചടങ്ങിലാണ് ‘ബേബി മഫ്ളർമാൻ’ എന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ വൈറലായ ഒന്നര വയസ്സുകാരൻ ആവ്യാൻ ടോമർ പ്രത്യക്ഷപ്പെട്ടത്. നേരത്തെ ആം ആദ്മി പാർട്ടിയുടെ വിജയാഘോഷങ്ങൾക്കിടെ ചൊവ്വാഴ്ചയാണ് കുഞ്ഞു മീശയും പിരിച്ച് മഫ്ളറും കണ്ണടയും ധരിച്ചെത്തിയ ആവ്യാൻ സമൂഹമാധ്യമങ്ങളിൽ താരമായി മാറിയത്.
കേജ്‍രിവാളിനെപ്പോലെ കണ്ണടയും മഫ്ളറും ധരിച്ച് ആം ആദ്മിയുടെ തൊപ്പിയും ധരിച്ചാണ് കുഞ്ഞ് ആവ്യാന്റെ ഇന്നത്തെയും രംഗപ്രവേശം. സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് എഎപിയുടെ പ്രത്യേക ക്ഷണപ്രകാരമാണ് കുഞ്ഞ് കേജ്‍രിവാൾ എത്തിയത്. കേജ്‍രിവാളിനൊപ്പം തന്നെ താരമായി മാറിയ ആവ്യാനൊപ്പം ഫോട്ടോ എടുക്കാൻ നിയമസഭാ അംഗങ്ങൾ ഉൾപ്പെടെ ക്യൂവിലായിരുന്നു. ഭഗവന്ത് മൻ, സഞ്ജയ് സിങ് എന്നിവർ ആവ്യാനൊപ്പം ഫോട്ടോ എടുത്തപ്പോൾ രാഘവ് ഛദ്ദ ബേബി മഫ്ളറിനൊപ്പമുള്ള ഫോട്ടോ ട്വീറ്റ് ചെയ്യുകയും ചെയ്തു.
‘കേജ്‌രിവാളിനെപ്പോലെ ആവ്യാൻ വേഷം ധരിച്ചതിനു പിന്നിൽ അവന്റെ അമ്മ തന്നെയാണ്. ഈ പ്രായത്തിൽ അവന് അദ്ദേഹത്തിന്റെ വേഷം മാത്രമേ പകർത്താൻ കഴിയൂ. എന്നാൽ വളർന്നു വരുമ്പോൾ കേജ്‍രിവാളിനെപ്പോലെ സത്യസന്ധനും കഠിനാധ്വാനിയുമായ ഒരാളാക്കി അവനെ മാറ്റാൻ ഞങ്ങൾ ശ്രമിക്കും. ഞങ്ങൾക്കെല്ലാവർക്കും അദ്ദേഹത്തെയും അദ്ദേഹത്തിന്റെ നയങ്ങളും ഇഷ്ടമാണ് ’– ആവ്യാന്റെ അച്ഛൻ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.
ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി വന്‍ മുന്നേറ്റം നടത്തുമ്പോള്‍ സമൂഹമാധ്യമങ്ങളില്‍ താരമായതാണ് കുഞ്ഞ് ആവ്യാൻ. തലയിൽ ആം ആദ്മിയുടെ തൊപ്പി വച്ച് കുഞ്ഞിച്ചുണ്ടിനു മുകളിൽ കട്ടിമീശ വരച്ച് ആവേശത്തിലായിരുന്നു കേജ്‍രിവാളിന്റെ കുരുന്ന് ആരാധകൻ. എഎപി പ്രവർത്തകർക്കൊപ്പവും കേജ്‍രിവാളിന്റെ വീടിനു മുന്നിലും എത്തി മുദ്രാവാക്യം വിളിച്ചു കുഞ്ഞ് ആവ്യാൻ.
തലസ്ഥാന നഗരിയിൽ നടക്കുന്ന ആഘോഷത്തിൽ പങ്കുചേരാന്‍ പാർട്ടി പ്രവർത്തകനായ അച്ഛന്റെ തോളിലേറി എത്തിയതായിരുന്നു ആവ്യാൻ. തോളത്തിരുന്ന് കേജ്‍രിവാളിന് ക്യൂട്ടായി ജയ്‌യും വിളിക്കുന്നുണ്ടായിരുന്നു. ഇതോടെയാണ് കുരുന്നിന്റെ ചിത്രം സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തത്.
English Summary: "Baby Mufflerman" A Special Invitee At Arvind Kejriwal Oath