മുഖ്യമന്ത്രിമാരും നേതാക്കളുമല്ല, വിശിഷ്ടാതിഥികൾ ജനങ്ങൾ: മോദി പങ്കെടുക്കില്ല
Mail This Article
ന്യൂഡൽഹി∙ മൂന്നാം വട്ടവും ഡൽഹി മുഖ്യമന്ത്രിയാകുന്ന അരവിന്ദ് കേജ്‍രിവാളിന്റെ സത്യപ്രതിജ്ഞ രാംലീല മൈതാനിയില്‍ അൽപസമയത്തിനകം നടക്കും. സര്‍ക്കാര്‍ നടപ്പാക്കിയ ക്ഷേമപദ്ധതിയുടെ ഗുണഭോക്താക്കള്‍ ചടങ്ങില്‍ വിശിഷ്ടാതിഥികളായിരിക്കും. ക്ഷണമുണ്ടെങ്കിലും പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കില്ല.
മുഖ്യമന്ത്രിമാരെയോ രാഷ്ട്രീയനേതാക്കളെയോ സത്യപ്രതിജ്ഞയ്‌ക്കു ക്ഷണിച്ചിട്ടില്ല. ഡല്‍ഹിയിലെ ജനങ്ങള്‍ക്കാണു ക്ഷണം. അധ്യാപകര്‍, ഡോക്ടര്‍മാര്‍, ആംബുലന്‍സ് ഡ്രൈവര്‍മാര്‍ തുടങ്ങി അന്‍പത് വിശിഷ്ടാഥിതികള്‍ കേജ്‌രിവാളിനൊപ്പം വേദി പങ്കിടും.
സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കാന്‍ സഹായിച്ച വിശിഷ്ടാഥിതികള്‍ ചടങ്ങിനെത്തും. യഥാര്‍ഥ വിജയശില്‍പികള്‍ ഇവരാണ്. അതുകൊണ്ടാണ് മുഖ്യമന്ത്രിക്കൊപ്പം വേദി പങ്കിടാന്‍ ക്ഷണിച്ചത്. ചരിത്രപ്രസിദ്ധമായ രാംലീല മൈതാനത്ത് നടക്കുന്ന ചടങ്ങില്‍ 2015 മന്ത്രിസഭയിലെ ആറ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും. ഇത്തവണയും വനിതാ പ്രാതിനിധ്യമില്ലാത്തത് വിമര്‍ശനങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്. ബിജെപിയുടെ എട്ട് എംഎല്‍എമാര്‍ക്കും എഴ് എംപിമാര്‍ക്കും ക്ഷണമുണ്ട്.
വാരാണസി സന്ദര്‍ശിക്കുന്നതിനാല്‍ പ്രധാനമന്ത്രി ചടങ്ങിനെത്തില്ല. കേന്ദ്രസേനയുടെയും ഡല്‍ഹി പൊലീസിന്റെയും മൂവായിരം സേനാംഗങ്ങള്‍ സുരക്ഷയൊരുക്കും. ഉച്ചയ്ക്ക് രണ്ട് മണിവരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എഴുപതില്‍ അറുപത്തിരണ്ട് സീറ്റ് നേടിയാണ് ആം ആദ്മി പാര്‍ട്ടി അധികാരം നിലനിര്‍ത്തിയത്.
English Summary: Arvind Kejriwal to be sworn-in as Delhi CM at Ramlila Maidan today