ADVERTISEMENT

ന്യൂഡൽഹി∙ മാരത്തൺ ചർച്ചകൾക്ക് ഒടുവിൽ 83 തേജസ് യുദ്ധവിമാനങ്ങൾ നിർമിച്ചു നൽകാനുള്ള ഇന്ത്യൻ വ്യോമസേനയുമായുള്ള യുദ്ധവിമാന നിർമാണ കരാറിൽ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് (എച്ച്എഎൽ) ഒപ്പുവയ്ക്കുന്നു. 39000 കോടി രൂപയുടെതാണ് കരാർ. തദ്ദേശീയ പ്രതിരോധ ഉൽ‌പാദന ശേഷി വർധിപ്പിക്കുന്നതിന്റെ ഭാഗമായി രണ്ട് വർഷം മുൻപാണ് 83 തേജസ് യുദ്ധവിമാനങ്ങൾ നിർമിക്കാൻ വ്യോമസേന ടെൻഡർ വിളിച്ചത്. എന്നാൽ അന്ന് എച്ച്‌എ‌എൽ പറഞ്ഞ വില അൽപം കൂടുതലാണെന്നു സർക്കാരിനും വ്യോമസേനയ്ക്കും തോന്നിയതിനാൽ വിലനിർണയ വിഷയത്തിൽ പദ്ധതി തടസ്സപ്പെടുകയായിരുന്നു. 

കരാർ സംബന്ധിച്ച വിവരങ്ങൾ അടങ്ങിയ ഫയൽ കാബിനറ്റ് കമ്മിറ്റിയിലേക്കു അനുമതിയ്ക്കായി സമർപ്പിക്കും. ഈ സാമ്പത്തിക വർഷം അവസാനിക്കുന്നതിനു മുൻപ് തന്നെ അനുമതി ലഭിക്കുമെന്നാണു റിപ്പോർട്ടുകൾ. 56,500 കോടി രൂപയോളം ആവശ്യപ്പെട്ട എച്ച്‌എ‌എൽ നിരവധി ചർച്ചകൾക്കു ശേഷമാണ് 17500 കോടി രൂപ കുറച്ച് 39000 കോടി രൂപയ്ക്ക് പദ്ധതി പൂർത്തിയാക്കാൻ സമ്മതിച്ചത്.

83 എൽ‌സി‌എ മാർക്ക് 1എ വിമാനത്തിന്റെ വിലയും പരിചരണ ചെലവുമടക്കം 56,500 കോടി രൂപ ആവശ്യപ്പെട്ടത് വളരെ കൂടുതലാണെന്നും ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്നും വ്യോമസേന വ്യക്തമാക്കിയിരുന്നു. നവംബർ 2016 ൽ പ്രതിരോധ മന്ത്രാലയത്തിന്റെ കോസ്റ്റ് കമ്മിറ്റി 49,797 കോടി രൂപയുടെ കരാരിന് അനുമതി നൽകിയിരുന്നുവെങ്കിലും  56,500 കോടി രൂപ നൽകണമെന്നായിരുന്നു എച്ച്എഎല്ലിന്റെ നിലപാട്. 

പാക്ക്–ചൈനീസ് പോർവിമാനമായ ജെഎഫ് 17 പോര്‍വിമാനത്തേക്കാള്‍ കൂടുതല്‍ അപകടകാരിയാണ് ഇന്ത്യയുടെ തേജസ് പോര്‍വിമാനമെന്നാണ് പല പ്രതിരോധ വിദഗ്ധരുടേയും അഭിപ്രായം. പാക്ക്–ചൈനീസ് പോര്‍വിമാനത്തേക്കാള്‍ വില കൂടുതലാണെങ്കിലും പ്രകടനംകൊണ്ട് തേജസ് മികച്ചു നില്‍ക്കുന്നുവെന്നാണ് വിലയിരുത്തലുകള്‍. ഭാരംകുറഞ്ഞ ബോഡി, ക്വാഡ്രുപ്ലെക്‌സ് ഡിജിറ്റല്‍ ഫ്‌ളൈറ്റ് കണ്‍ട്രോള്‍ സിസ്റ്റം, മൈക്രോപ്രൊസസര്‍ നിയന്ത്രിത യൂട്ടിലിറ്റി കണ്‍ട്രോള്‍, അമേരിക്കയുടെ ജിഇ 404IN എൻജിന്‍ തുടങ്ങി നിരവധി പ്രത്യേകതകള്‍ തേജസിനുണ്ട്. 

നാലായിരത്തിലേറെ തവണ പരീക്ഷണ പറക്കല്‍ നടത്തിയിട്ടുള്ള തേജസ് യുദ്ധവിമാനങ്ങള്‍ ഒരിക്കല്‍ പോലും തകരുകയോ സാങ്കേതിക തകരാര്‍ പ്രകടമാക്കുകയോ ചെയ്തിട്ടില്ല.  തേജസിന്റെ എൻജിനും കോക്പിറ്റും ഫ്‌ളൈറ്റ് കണ്‍ട്രോള്‍ സിസ്റ്റവും അടക്കം വെറും 45 മിനിറ്റിനുള്ളില്‍ ടെക്‌നിക്കല്‍ സ്റ്റാഫിന് മാറ്റി വയ്ക്കാനാകും. ഇത് ലോകരാജ്യങ്ങള്‍ക്കിടയില്‍ തന്നെ ഉയര്‍ന്ന നിലവാരമാണ്.

English Summary: HAL to provide IAF with 83 Tejas fighters in Rs 39k cr deal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com