രണ്ടില ആർക്കെന്ന് ഇന്നറിയാം; കുട്ടനാടിൽ കുഴഞ്ഞ് കേരള കോൺഗ്രസ് വിഭാഗങ്ങൾ
Mail This Article
പത്തനംതിട്ട∙ കുട്ടനാടിൽ കുഴഞ്ഞുമറിഞ്ഞാണ് കേരള കോൺഗ്രസ് രാഷ്ട്രീയത്തിന്റെ പോക്ക്. കേരള കോൺഗ്രസ് ജോസ് കെ.മാണി വിഭാഗവും പി.ജെ ജോസഫ് വിഭാഗവും തമ്മിലുള്ള ഏറ്റുമുട്ടൽ ശക്തി പ്രാപിച്ചതിനു പിന്നിലും ഒന്നിലും പെടാതെ മാറി നിന്ന കേരള കോൺഗ്രസ് (ജേക്കബ് ) വിഭാഗത്തിലെ പൊട്ടിത്തെറിക്കു പിന്നിലും കുട്ടനാട് തന്നെയാണ് കാരണം.
ജേക്കബ് വിഭാഗം ചെയർമാനും യുഡിഎഫ് സെക്രട്ടറിയുമായ ജോണി നെല്ലൂരിന്റെ മനസിലും കുട്ടനാട് സീറ്റ് വന്നതോടെയാണ് പി.ജെ. ജോസഫ് വിഭാഗവുമായി ലയനനീക്കത്തിനുള്ള ശ്രമം തുടങ്ങിയതും അദ്ദേഹം രംഗത്തിറങ്ങിയതും. ലയനനീക്കത്തിന്റെ പിന്നിലുള്ള ഇൗ ബുദ്ധി മനസിലാക്കിയ അനൂപ് ജേക്കബ് പാർട്ടി ലയനത്തിനില്ലെന്ന നിലപാട് സ്വീകരിച്ചു. ഇതോടെ പൊട്ടിത്തെറിയുമായി. പക്ഷേ കുട്ടനാട് സീറ്റിൽ ജേക്കബ് ഏബ്രഹാം അല്ലാതെ മറ്റാരും മൽസരിക്കില്ലെന്ന നിലപാടിലാണ് പി.ജെ.ജോസഫ് വിഭാഗം.
അതേസമയം രണ്ടില ചിഹ്നം ആർക്ക് എന്നതിൽ ഇന്ന് തിരഞ്ഞെടുപ്പു കമ്മിഷന്റെ അന്തിമ തീരുമാനം വരും. കേരള കോൺഗ്രസിൽ ജോസ് കെ.മാണിയ്ക്കും പി.ജെ. ജോസഫിനും ഇൗ തീരുമാനം ഒരു പോലെ നിർണായകമാണ്. കഴിഞ്ഞ 13ന് പരിഗണിച്ചെങ്കിലും മുഖ്യതിരഞ്ഞെടുപ്പു കമ്മിഷണർ ഇല്ലാത്തതിനാലാണ് ഇന്നത്തേക്കു മാറ്റിവച്ചത്. കുട്ടനാട് സീറ്റിനു വേണ്ടിയാണ് തിടുക്കപ്പെട്ട ലയനനീക്കം ജോണി നെല്ലൂർ നടത്തിയതെന്ന് അനൂപ് േജക്കബ് പക്ഷം ആരോപിക്കുന്നുണ്ട്. എന്നാൽ സീറ്റ് കിട്ടിയില്ലെങ്കിലും ഇനി നീക്കത്തിൽ നിന്ന് പിന്നാക്കമില്ലെന്നാണ് ജോണി നെല്ലൂരിന്റെയും നിലപാട്.
തിരഞ്ഞെടുപ്പു കേസ് തിരിച്ചടിയായി മാറിയാൽ സ്വീകരിക്കേണ്ട തന്ത്രങ്ങൾ ഇരു വിഭാഗവും ആസൂത്രണം ചെയ്തു വരികയാണ്. രണ്ടില ചിഹ്നം ഇല്ലാതെ പഞ്ചായത്തു തിരഞ്ഞെടുപ്പിലേക്കും നിയമസഭാ തിരഞ്ഞെടുപ്പിലേക്കും പോകുക ജോസ് കെ. മാണി വിഭാഗത്തിനു ബുദ്ധിമുട്ടാണ്. ചിഹ്നം ലഭിച്ചുകഴിഞ്ഞാൽ അത് ജോസഫ് പക്ഷത്തിന് മുകളിൽ വലിയ നേട്ടമാവുകയും ചെയ്യും. ചിഹ്നം സ്വന്തമാക്കാനായാൽ ജോസ്. കെ.മാണിയ്ക്കു മുകളിൽ വൻവിജയം എന്ന മട്ടിൽ ആഘോഷിക്കുകയും ഒപ്പം യുഡിഎഫിൽ പിടിമുറുക്കുകയും ചെയ്യും ജോസഫ്.
വിട്ടുപോയ ഫ്രാൻസിസ് ജോർജ് സംഘത്തെയും കൂട്ടി വിശാലമാകാനാണ് പി.ജെ. ജോസഫ് പക്ഷത്തിന്റെ അടുത്ത നീക്കം. അതിനുള്ള നീക്കങ്ങളും ആരംഭിച്ചു. ഇൗ കേരള കോൺഗ്രസുകൾ തമ്മിലുള്ള തർക്കം ഇപ്പോൾ പരിഹരിച്ചില്ലെങ്കിൽ പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് വലിയ തിരിച്ചടിയാകുമെന്ന് കോൺഗ്രസും കരുതുന്നു. കൂടുതൽ സീറ്റുകൾ നിയമസഭാ തിരഞ്ഞെടുപ്പിലോ പഞ്ചായത്ത് തിരഞ്ഞെടുപ്പിലോ കൊടുക്കാൻ യുഡിഎഫിന് കഴിയുകയില്ല.
വിട്ടുവീഴ്ച ചെയ്യേണ്ടിവന്നാൽ കോൺഗ്രസിനാകും നഷ്ടമുണ്ടാകുക. രണ്ടു കേരള കോൺഗ്രസ് പക്ഷത്തെയും അത്ര കണ്ട് വിശ്വസിച്ച് സീറ്റുകൾ വിട്ടുനൽകാൻ ഇനി കോൺഗ്രസ് തയാറുമല്ല. ഫലത്തിൽ ജോസ് പക്ഷമോ ജോസഫ് പക്ഷമോ ഏതെങ്കിലും ഒരാളെ മാത്രമേ ഇനി കോൺഗ്രസിന് യുഡിഎഫിൽ ഉൾക്കൊള്ളാനാകൂ. അത് നിയമസഭാ തിരഞ്ഞെടുപ്പിന് വളരെ മുൻപേ തീരുമാനിക്കുന്നതിനായിരിക്കും യുഡിഎഫും ആലോചിക്കുകയെന്നാണ് സൂചന. സിറ്റിങ് സീറ്റല്ലാതെ ഒന്നും കേരള കോൺഗ്രസിന് അധികം കൊടുക്കാൻ കോൺഗ്രസ് തയാറാകില്ല. കെ.എം.മാണി ഇല്ലാത്ത കേരള കോൺഗ്രസിനോട് പഴയ മയത്തിലാകില്ല കോൺഗ്രസിന്റെ ഇനിയുള്ള നിലപാടെന്നാണ് വിലയിരുത്തൽ.
English Summary: Kerala Congress factions change gameplan ahead of EC’s decision