അമ്മയുടെയും ഭാര്യയുടെയും പേരിലെഴുതി പ്രതിഫലം പറ്റും; 10ൽ അധികം പേർ നിരീക്ഷണത്തില്‍
Mail This Article
തിരുവനന്തപുരം∙ സ്വകാര്യ സ്ഥാപനങ്ങളുടെ പിഎസ്‌സി പരീക്ഷാ പ്രസിദ്ധീകരണങ്ങളിൽ അമ്മയുടെയും ഭാര്യയുടെയും പേരിൽ എഴുതി പ്രതിഫലം പറ്റുന്ന സർക്കാർ ഉദ്യോഗസ്ഥർ ഉണ്ടെന്നു വിജിലൻസിനു വിവരം ലഭിച്ചു. സെക്രട്ടേറിയേറ്റിൽ ധനകാര്യ വകുപ്പിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥൻ പത്തു കൊല്ലത്തിലധികമായി സ്വകാര്യ പ്രസിദ്ധീകരണങ്ങളിൽ എഴുതുന്നു. ആദ്യം സ്വന്തം പേരിലായിരുന്നെങ്കില്‍ ഇപ്പോൾ അമ്മയുടെ പേരിലാണ് എഴുത്ത്. പൊതുഭരണവകുപ്പിലെ മറ്റൊരു ഉദ്യോഗസ്ഥൻ ഭാര്യയുടെ പേരിലാണ് എഴുതുന്നത്. ഉദ്യോഗാർഥികളിൽനിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ, സ്വകാര്യ കോച്ചിങ് സെന്ററുകളുമായി ബന്ധമുണ്ടെന്നു കരുതുന്ന പത്തിലധികം ഉദ്യോഗസ്ഥർ വിജിലൻസ് നിരീക്ഷണത്തിലാണ്.
കോച്ചിങ് സെന്ററുമായി ബന്ധമുണ്ടെന്നു വിദ്യാർഥികളുടെ പരാതിയിൽ പറഞ്ഞ സെക്രട്ടേറിയേറ്റ് പൊതുഭരണവകുപ്പിലെ ഉദ്യോഗസ്ഥൻ രഞ്ജൻരാജ് ലീവെടുക്കാതെയാണു വീറ്റോ എന്ന സ്ഥാപനത്തിൽ പഠിപ്പിക്കുന്നതെന്ന് വിജിലൻസ് കണ്ടെത്തി. ഇപ്പോൾ മുന്നോക്ക വികസന കോർപ്പറേഷനിൽ ഡെപ്യൂട്ടേഷനിൽ ജോലി ചെയ്യുകയാണിയാൾ. രഞ്ജൻരാജിന്റെ അമ്മാവൻ രാധാകൃഷ്ണപിള്ള, അജിത, നെറ്റോ എന്നിവരാണു വീറ്റോയുടെ ഉടമസ്ഥർ. ഇംഗ്ലിഷ് ഗ്രാമർ പുസ്തകങ്ങൾ രഞ്ജൻരാജ് തന്റെ പേരിൽ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നു വിജിലൻസ് ഉദ്യോഗസ്ഥർ പറയുന്നു. ഇതിനു സർക്കാരിന്റെ അനുമതിയുണ്ടോയെന്ന കാര്യം പരിശോധിക്കുകയാണ്. അജിതയുടെ ഭർത്താവ് സർക്കാർ എൻജിനീയറിങ് കോളജിൽ ജോലി ചെയ്യുന്നു. 2019 നവംബർ മുതൽ ഇയാൾ ലീവിലാണ്. 2015 മുതൽ കോച്ചിങ് സെന്ററിൽ പഠിപ്പിക്കുന്നതായാണ് വിജിലൻസിനു ലഭിച്ച വിവരം.
ലക്ഷ്യയെന്ന സ്ഥാപനം നടത്തുന്ന പൊതുഭരണവകുപ്പിലെ ഉദ്യോഗസ്ഥനായ ഷിബു 2012 മുതൽ ലീവിലാണ്. സെക്രട്ടേറിയറ്റിലെ സ്വാധീനം ഉപയോഗിച്ചു ലീവ് നീട്ടുകയാണെന്നാണു വിജിലൻസിനു ലഭിച്ച വിവരം. ഇരുവരുടെയും ശമ്പള റജിസ്റ്ററും അറ്റൻഡൻസ് റജിസ്റ്ററും വിജിലൻസ് പരിശോധിച്ചു വരുന്നു. ലഭിക്കുന്ന വരുമാനം ബന്ധുക്കളുടെ അക്കൗണ്ടിലാണ് ഉദ്യോഗസ്ഥർ നിക്ഷേപിക്കുന്നതെന്ന സൂചനയുടെ അടിസ്ഥാനത്തിൽ ഇത്തരം അക്കൗണ്ടുകളിലെ പണമിടപാട് പരിശോധിക്കാനും വിജിലൻസ് തീരുമാനിച്ചിട്ടുണ്ട്.
പിഎസ്‌സി ചോദ്യക്കടലാസ് സെക്‌ഷനുകളിൽ ജോലി ചെയ്യുന്നവരുമായി രഞ്ജൻരാജിനും ഷിബുവിനും ബന്ധമുണ്ടെന്നു കാട്ടി ഉദ്യോഗാർഥികളാണ് പിഎസ്‌സിക്കു പരാതി നൽകിയത്. പരാതി പിഎസ്‌സി പൊതുഭരണവകുപ്പിലേക്ക് അയച്ചു. ഇരുവർക്കും പൊതുഭരണവകുപ്പ് കാരണം കാണിക്കൽ നോട്ടിസ് നൽകിയതിനു പിന്നാലെയാണ് വിജിലൻസ് അന്വേഷണം ആരംഭിച്ചത്. വിജിലൻസ് പ്രത്യേക സെൽ ഡിവൈഎസ്പി പി.പ്രസാദിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
Content Highlight: PCS fraud, Vigilance