ഇന്നത്തെ തീയതിക്ക് ഇനി 4 വർഷം; അപൂർവ പിറന്നാൾ ദമ്പതികൾ!
Mail This Article
തിരുവനന്തപുരം∙ നാലു വർഷത്തിന്റെ ഇടവേളക്കു ശേഷം അജിത്കുമാറും രാജശ്രീയും ഇന്ന് പിറന്നാൾ ആഘോഷിക്കും. ഫെബ്രുവരി 29 ന് ജനിക്കുന്നത് അപൂർവം. ഫെബ്രുവരി 29 നു ജനിച്ചവർ തമ്മിൽ വിവാഹിതരാകുന്നത് അതിലേറെ അപൂർവം.
അത്തരമൊരു അപൂർവതയുടെ ഉടമകളായ ദമ്പതിമാരാണ് അജിത്തും രാജശ്രീയും. പരേതനായ മുൻമന്ത്രി പി.എസ്.ശ്രീനിവാസന്റെ മകനാണ് ബിസിനസുകാരനായ പി.എസ്. അജിത് കുമാർ. കിറ്റ്സ് ഡയറക്ടർ രാജശ്രീ പരേതനായ സി.ജി.വിജയരാഘവന്റെ മകളും.
ജാതകം നോക്കാത്തതിനാൽ വിവാഹവേളയിൽ ജന്മദിനം ഒന്നാണെന്ന് അറിഞ്ഞിരുന്നില്ല. ആശംസ നേരാൻ ജന്മദിനം തിരഞ്ഞപ്പോഴാണു രണ്ടുപേരുടെയും പിറന്നാൾ ഒരേ ദിവസമാണെന്നറിഞ്ഞത്. ഒരു തീയതിയിലാണ് പിറന്നതെങ്കിലും നാൾ ഒന്നല്ല. അജിത്തിന്റേതു രേവതി, രാജശ്രീയുടേതു പൂരൂരുട്ടാതി.
ഇളയമകൾ ചേതനയുടെ ജനനത്തിലുമുണ്ട് അപൂർവത. 2000 ജനുവരി ഒന്നിനു പിറന്ന മിലേനിയം കുഞ്ഞാണ് ചേതന. കടന്നുപോയ പിറന്നാൾ ദിനങ്ങൾ കൂട്ടി നോക്കിയാൽ അജിത്തിനും രാജശ്രീക്കും മകളുടെ പ്രായം പോലുമില്ല.
രണ്ടുപേർക്കും ഇഷ്ടങ്ങളിലും സാമ്യം – സംഗീതം, സിനിമ, സ്പോർട്സ്, യാത്ര, ദീർഘദൂര ഡ്രൈവിങ്. പൊരുത്തക്കേട് ഒന്നിലേയുള്ളു. അച്ഛനെപ്പോലെ അജിത്തിനു രാഷ്ട്രീയം പ്രിയങ്കരം. ഉദ്യോഗസ്ഥയായ രാജശ്രീക്ക് രാഷ്ട്രീയത്തിൽ അത്ര താൽപര്യമില്ല. മകൻ ഭരത് നാഷനൽ ലോ സ്കൂൾ വിദ്യാർഥി. മകൾ ചേതന രണ്ടാംവർഷ ഡിഗ്രി വിദ്യാർഥിനിയും.
വിരിയിക്കാം ചില എക്സ്ട്രാ പുഞ്ചിരി!
നാലുവർഷത്തിലൊരിക്കൽ വീണു കിട്ടുന്ന ഇന്നത്തെ അധികദിനത്തെ സന്തോഷത്തിന്റെയും നന്മയുടെയും ഒരാഘോഷമാക്കി മാറ്റാം നമുക്ക്!
ഇന്നു നമ്മൾ കണ്ടുമുട്ടുന്ന ഒരാൾക്കെങ്കിലും പ്രയോജനം ചെയ്യുന്നതോ സന്തോഷം നൽകുന്നതോ ആയ ഒരു എക്സ്ട്രാ കാര്യം, ഒരു നന്മ ചെയ്യാം ഇന്ന്.
ആ ആഹ്ളാദം നമുക്കു പരസ്പരം പങ്കുവയ്ക്കാം. സമൂഹമാധ്യമങ്ങളിൽ #LetsDoExtra എന്ന ഹാഷ്ടാഗോടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്യൂ. ചിത്രങ്ങൾ മനോരമയുടെ ഈ വാട്സാപ് നമ്പറിലേക്ക് അയയ്ക്കാം: 79022 79797