ഐബി ജീവനക്കാരന്റെ കൊല; കീഴടങ്ങൽ ശ്രമം വിജയിച്ചില്ല, താഹിർ കസ്റ്റഡിയിൽ
Mail This Article
ന്യൂഡൽഹി∙ കലാപത്തിനിടെ ചാന്ദ് ബാഗിൽ ഇന്റലിജൻസ് ബ്യൂറോ ജീവനക്കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ആം ആദ്മി പാർട്ടി (എഎപി) നേതാവ് പൊലീസ് കസ്റ്റഡിയിൽ. ഐബി ജീവനക്കാരൻ അങ്കിത് ശർമ (26) കൊല്ലപ്പെട്ട കേസിലാണ് എഎപി കൗൺസിലർ താഹിർ ഹുസൈനെ കസ്റ്റഡിയിലെടുത്തത്. ഇയാളെ പാർട്ടിയിൽനിന്ന് എഎപി സസ്പെൻഡ് ചെയ്തിരുന്നു. കീഴടങ്ങാൻ അനുവദിക്കണം എന്നാവശ്യപ്പെട്ടു ഹർജിയുമായി താഹിർ നേരിട്ടു ഡൽഹി കോടതിയിൽ ഹാജരായിരുന്നു. ആവശ്യം കോടതി തള്ളി.
പിന്നാലെ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. ഔദ്യോഗികമായി അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. താഹിർ ഹുസൈനും അനുയായികളും ചേർന്ന് അങ്കിതിനെ കൊലപ്പെടുത്തി മൃതദേഹം അഴുക്കുചാലിൽ തള്ളിയെന്നാണു ബന്ധുക്കളുടെ ആരോപണം. പരാതിയെ തുടർന്നു താഹിറിനെതിരെ പൊലീസ് കേസെടുത്തു. കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ടു വീട്ടിൽനിന്നു പുറത്തുപോയ അങ്കിതിന്റെ മൃതദേഹം സമീപത്തെ അഴുക്കുചാലിൽനിന്നാണു കണ്ടെത്തിയത്.
ഐബിയിൽ ഉദ്യോഗസ്ഥനായ അങ്കിതിന്റെ പിതാവും സഹോദരനുമാണു താഹിറിനെതിരെ രംഗത്തെത്തിയത്. അങ്കിതിനെ കൊലപ്പെടുത്തി അഴുക്കുചാലിലേക്കു വലിച്ചെറിയുന്നത് ചിലർ കണ്ടതായും ബന്ധുക്കൾ ആരോപിച്ചു. ഇക്കാര്യങ്ങൾ നിഷേധിച്ച താഹിർ, നിഷ്പക്ഷ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു. താഹിറിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്റെ ടെറസിൽ ഇയാളും അനുയായികളും ഇരുമ്പുവടികളും പെട്രോൾ ബോംബുകളുമായി നിൽക്കുന്ന വിഡിയോ പുറത്തുവന്നു.
കെട്ടിടത്തിനു ചുറ്റും പുക ഉയരുന്നതിനിടെ അനുയായികൾ കുപ്പികളിൽ പെട്രോൾ നിറച്ച് കത്തിച്ച് താഴേക്കിടുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ആസിഡ് നിറച്ച പാത്രങ്ങൾ കെട്ടിടത്തിൽനിന്നു കണ്ടെടുത്തതായും പ്രചാരണമുണ്ട്. പരിശോധന നടത്തിയശേഷം പൊലീസ് കെട്ടിടം മുദ്രവച്ചു. തന്റെ വീട്ടിലേക്ക് ഇരച്ചുകയറിയ അക്രമികളെ തടയാൻ ശ്രമിച്ചതാണെന്നു താഹിർ വ്യക്തമാക്കി. പൊലീസെത്തിയാണു തന്നെയും കുടുംബത്തെയും സുരക്ഷിത സ്ഥാനത്തേക്കു മാറ്റിയതെന്നും പറഞ്ഞു.
എഎപിയിൽനിന്ന് ആരെങ്കിലും കലാപത്തിൽ പങ്കെടുത്തിട്ടുണ്ടെങ്കിൽ ഇരട്ടി ശിക്ഷ നൽകണമെന്നു മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ ആവശ്യപ്പെട്ടു. പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മിലുണ്ടായ സംഘർഷത്തിൽ 48 പേരാണു മരിച്ചത്. നിരവധി വീടുകളും കെട്ടിടങ്ങളും അഗ്നിക്കിരയായി. 531 എഫ്ഐആർ റജിസ്റ്റർ ചെയ്തു. 1647 പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.
English Summary: Suspended AAP Leader Tahir Hussain Faces Arrest For Intel Man's Murder