എടിഎമ്മിൽ പണമില്ല, ഇന്റർനെറ്റ് ബാങ്കിങ്ങും ഇല്ല; യെസ് ബാങ്ക് ഇടപാടുകാർ ദുരിതത്തിൽ
Mail This Article
ന്യൂഡൽഹി∙ യെഎസ് ബാങ്ക് എടിഎമ്മുകൾക്കു മുന്നിൽ ശനിയാഴ്ച അനുഭവപ്പെട്ടത് ഇടപാടുകാരുടെ നീണ്ട നിര. ബാങ്കിന്റെ സാമ്പത്തിക പ്രതിസന്ധിയിൽ നിക്ഷേപകർ പരിഭ്രാന്തിയിലായതോടെയാണ് എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കാൻ ശനിയാഴ്ച രാവിലെ മുതൽ ഇടപാടുകാർ എത്തിയത്. എന്നാൽ എടിഎമ്മുകളിൽ ആവശ്യത്തിന് പണം ഇല്ലായിരുന്നെന്നാണ് റിപ്പോർട്ട് .
എന്നാൽ ചെക്ക് ഉപയോഗിച്ച് 50,000 രൂപ വരെ പിൻവലിക്കാൻ സാധിച്ചെന്ന് ഇടപാടുകാർ പറഞ്ഞു. പക്ഷേ ഡൽഹിയിലെ പോസ്റ്റ് ഓഫിസുകളിൽ ആർബിഐയുടെ നിർദേശം വരുന്നതുവരെ ചെക്ക് മാറാൻ സാധിക്കില്ലെന്ന് ബോർഡ് വച്ചിട്ടുണ്ട്. യെഎസ് ബാങ്കിന്റെ ഇന്റർനെറ്റ് ബാങ്കിങ് സേവനങ്ങളും, ക്രഡിറ്റ് കാർഡുകളും പ്രവർത്തന രഹിതമായെന്നും ഇടപാടുകാർ പറയുന്നു.
മൊറട്ടോറിയം കാലാവധി അവസാനിക്കുന്നതിനു മുൻപു തന്നെ ബാങ്കിന്റെ ഇടപാടുകൾ പൂർവസ്ഥിതിയിലാകുമെന്ന് അധികൃതർ പറഞ്ഞു. ഉപഭോക്താക്കൾക്ക് തടസ്സമില്ലാത്ത ഇടപാടുകൾ ഉറപ്പാക്കുന്നതിന് ആവശ്യമായ നടപടികളും ബാങ്ക് സ്വീകരിച്ചുവരികയാണ്. പരിഭ്രാന്തരാകേണ്ട യാതൊരു സാഹചര്യമില്ലെന്നും എല്ലാ നിക്ഷേപകരുടെയും പണം സുരക്ഷിതമാണെന്നും അധികൃതർ അറിയിച്ചു. ഇടപാടുകാരുടെ എല്ലാ സംശയങ്ങളും ദൂരീകരിക്കാൻ ബാങ്ക് എപ്പോഴും ലഭ്യമാണെന്നും എന്ത് സഹായത്തിനും അടുത്തുള്ള ബ്രാഞ്ചുമായി ബന്ധപ്പെടാൻ നിക്ഷേപകരോട് അഭ്യർഥിക്കുന്നതായും അധികൃതർ അറിയിച്ചു.
സാമ്പത്തിക പ്രതിസന്ധിയിലായ യെസ് ബാങ്കിന്റെ നിയന്ത്രണം കഴിഞ്ഞ ദിവസം റിസര്‍വ് ബാങ്ക് ഏറ്റെടുത്ത് മൊറട്ടോറിയം പ്രഖ്യാപിച്ചിരുന്നു. ഇതോടെ അക്കൗണ്ട് ഉടമകള്‍ക്കു പ്രതിമാസം പിന്‍വലിക്കാവുന്ന തുകയുടെ പരിധി 50,000 രൂപയാക്കിയിരുന്നു. ഇതാണു നിക്ഷേപകരെ പരിഭ്രാന്തിയിലാക്കിയത്. രണ്ടു ദിവസമായി പണം പിന്‍വലിക്കാന്‍ കൂട്ടത്തോടെ ആളുകൾ എടിഎമ്മുകളിലെത്തുകയാണ് .
English Summary : No ATM Or Net Banking- Bank Withdrawal Only Option For Yes Bank Customers