കൊറോണ: കേരളത്തിൽ എവിടെയെല്ലാം അവധി, എന്തെല്ലാം മാറ്റി? അറിയേണ്ടതെല്ലാം
Mail This Article
തിരുവനന്തപുരം∙ കോവിഡ് 19 രോഗഭീതി പടർന്നതോടെ സംസ്ഥാനത്താകെ പൊതുപരിപാടികളിലും മറ്റു ചടങ്ങുകളിലും നിയന്ത്രണം. കേരളത്തിലെ എല്ലാ സ്കൂളുകളും കോളജുകളും 31 വരെ അടച്ചു. 7–ാം ക്ലാസ് വരെ പരീക്ഷ റദ്ദാക്കി. പൊതുപരിപാടികൾക്കും ഉത്സവങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തിയതായും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
എത്രയും വേഗം കോവിഡ് നിയന്ത്രണ വിധേയമാക്കിയില്ലെങ്കിൽ അപകടമാണെന്നും അതിനു കടുത്ത നടപടികൾ സ്വീകരിക്കാതെ നിവൃത്തിയില്ലെന്നും പ്രത്യേക മന്ത്രിസഭായോഗം വിലയിരുത്തി. സർക്കാർ നടപടികളുമായി ജനങ്ങൾ സഹകരിക്കണം. നിയന്ത്രണത്തെ വൈകാരികമായി കാണരുത്. ജനങ്ങൾ ഒത്തു കൂടുന്നതു നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ആഘോഷ പരിപാടികൾക്കുള്ള അനുമതികൾ തടയുന്നത്. ഉത്സവങ്ങൾ നിയന്ത്രിക്കുന്നതു സംബന്ധിച്ചു ദേവാലയ ഭാരവാഹികളുമായി കലക്ടർമാർ ചർച്ച നടത്തണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു.
പിഎസ്‌സി ഇന്റർവ്യൂ തുടരും
∙ 20 വരെയുള്ള പിഎസ്‌സി പരീക്ഷകൾ, സർട്ടിഫിക്കറ്റ് പരിശോധന, സർവീസ് വെരിഫിക്കേഷൻ, ഉദ്യോഗാർഥികൾക്കു നേരിട്ടു നിയമന ശുപാർശ നൽകൽ എന്നിവ മാറ്റി. മാർച്ച് 11നു നടത്താനിരുന്ന വകുപ്പുതല ഓൺലൈൻ പരീക്ഷ ഏപ്രിൽ 5ലേക്കു മാറ്റി.
∙ ഇന്റർവ്യൂകൾക്കു മാറ്റമില്ല. കോവിഡ് മുൻകരുതൽ കാരണം പങ്കെടുക്കാൻ കഴിയാത്തവർക്ക് മറ്റൊരു അവസരം നൽകും.
∙ സെക്രട്ടേറിയറ്റ് ഉൾപ്പെടെ സർക്കാർ ഓഫിസുകളിലും പിഎസ്‌സിയുടെ എല്ലാ ഓഫിസുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും മാർച്ച് 31വരെ ബയോമെട്രിക് പഞ്ചിങ് നിർത്തി. സ്വകാര്യ സ്ഥാപനങ്ങളും ഇത്തരത്തിൽ തീരുമാനം എടുക്കണമെന്ന് മുഖ്യമന്ത്രിയുടെ അഭ്യർഥന.
പിഎസ്‌സി പരീക്ഷകൾ മാറ്റി; കോളജുകൾക്ക് അവധി
പിഎസ്‌സി മാറ്റിയ പരീക്ഷകളിൽ വിവിധ കായികക്ഷമതാ പരീക്ഷകളും ഉൾപ്പെടുമെന്ന് അധികൃതർ അറിയിച്ചു. ഈ മാസം നടത്താനിരുന്ന റിപ്പോർട്ടർ ഗ്രേഡ് 2 (മലയാളം), കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്് ഗ്രേഡ് 2 (പട്ടികജാതി/പട്ടികവർഗ നിയമനം, പട്ടികവർഗക്കാർക്കു മാത്രം) തസ്തികകളുടെ ഡിക്റ്റേഷൻ ടെസ്റ്റ്്, പൊലീസ് കോൺസ്റ്റബിൾ (ഐആർബി) തസ്തികയുടെ ഒഎംആർ പരീക്ഷ എന്നിവയാണു മാറ്റിയത്.
20 വരെ നടത്താനിരുന്ന ഫോറസ്റ്റ്് ഡ്രൈവർ, എറണാകുളം ജില്ലയിലെ സിവിൽ എക്സൈസ് ഓഫിസർ (എൻസിഎ-എസ്‌സിസിസി), വനിതാ പൊലീസ് കോൺസ്റ്റബിൾ, വിവിധ എൻസിഎ സമുദായങ്ങൾക്കു വേണ്ടി വിജ്ഞാപനം ചെയ്ത വനിതാ പൊലീസ് കോൺസ്റ്റബിൾ തസ്തികകളുടെ കായികക്ഷമതാ പരീക്ഷയും മാറ്റി.
∙ കൊച്ചി രാജ്യാന്തര വിമാനത്താവളക്കമ്പനി (സിയാൽ) സംസ്ഥാനത്തെ അൻപതോളം കേന്ദ്രങ്ങളിൽ 14ന് നടത്താൻ നിശ്ചയിച്ചിരുന്ന ജൂനിയർ അസിസ്റ്റന്റ് ഗ്രേഡ് 2 പരീക്ഷ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട്.
∙ കേരള കലാമണ്ഡലത്തിൽ 16,18, 20, 21, 24 ദിവസങ്ങളിലായി നടത്താനിരുന്ന മെയ്ഡ് സെർവന്റ്, കുക്ക്, ഡ്രൈവർ, ജൂനിയർ എൻജിനീയർ തസ്തികകളിലേക്കുള്ള ഇന്റർവ്യുകൾ മാറ്റി.
∙ കാസർകോട്ടെ കേരള കേന്ദ്ര സർവകലാശാലാ 22 വരെ അടച്ചു.
∙ കോട്ടയം ജില്ലയിലെ കോടതികളിലെ വ്യവഹാര നടപടികൾക്ക് മാർച്ച് 11 മുതൽ രണ്ട് ആഴ്ചത്തേക്കു നിയന്ത്രണം. ഈ കാലയളവിൽ അടിയന്തര സ്വഭാവമുള്ള കേസുകൾ മാത്രം പരിഗണിക്കും.
∙ കാലിക്കറ്റ് സർവകലാശാലയ്‌ക്കു കീഴിലെ പ്രഫഷനൽ കോളജുകൾ അടക്കം എല്ലാ കോളജുകളിലും സർവകലാശാലാ പഠനവകുപ്പുകളിലും 31വരെ അവധി. സർവകലാശാല ഹോസ്റ്റലുകളും പ്രവര്‍ത്തിക്കില്ല. പരീക്ഷകൾ നേരത്തേ നിശ്ചയിച്ചതനുസരിച്ച് നടക്കും. ജീവനക്കാരുടെ ബയോമെട്രിക് പഞ്ചിങ് 31 വരെ ഒഴിവാക്കി.
∙ കണ്ണൂർ സർവകലാശാലയിലെ പഠനവകുപ്പുകൾ, സെന്ററുകൾ, കോളജുകൾ, ഹോസ്റ്റലുകൾ എന്നിവയ്ക്ക് 31 വരെ അവധി. പരീക്ഷകൾ നിശ്ചയിച്ച പ്രകാരം നടത്തും.
∙ കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ (കുസാറ്റ്) ക്ലാസുകളും എട്ടാം സെമസ്റ്റര്‍ ഒഴികെയുള്ള ഇന്റേണല്‍ പരീക്ഷകളും ഇനിയൊരറിപ്പുണ്ടാകുന്നതു വരെ മാറ്റിവച്ചു. അധ്യാപക, അനധ്യാപക ഉദ്യോഗസ്ഥര്‍ക്ക് അവധി ബാധകമല്ല.
വിനോദസഞ്ചാരം
സംസ്ഥാനത്തെ മിക്ക വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ഈ മാസം 31 വരെ വിലക്ക്. സംസ്ഥാനത്തെ ദേശീയോദ്യാനങ്ങളിലും വന്യജീവി സങ്കേതങ്ങളിലും സന്ദർശനം നിരോധിച്ചു. ഇക്കോ ടൂറിസം കേന്ദ്രങ്ങൾ 31 വരെ അടച്ചു. പ്രകൃതിപഠന ക്യാംപുകൾ ഉൾപ്പെടെ റദ്ദാക്കി.
∙ കൊച്ചി വണ്ടർലാ അമ്യൂസ്മെന്റ് പാർക്ക് മാർച്ച് 11 മുതൽ 20 വരെ അടച്ചിടും.
∙ ശെന്തുരുണി ഇക്കോ ടൂറിസം പദ്ധതി മാർച്ച് 31 വരെ അടച്ചു. തെന്മല മാൻ പാർക്കിലേക്കു പ്രവേശനം അനുവദിക്കില്ല.
∙ പെരിയാർ വന്യജീവി സങ്കേതത്തിലേയ്ക്കുള്ള പ്രവേശനം മാർച്ച് 31 വരെ നിരോധിച്ചു. തേക്കടിയിലെ ബോട്ടിങ് നിർത്തി.
∙ കോന്നി ഇക്കോ ടൂറിസം സെന്ററും ആനത്താവളവും തണ്ണിത്തോട് അടവി കുട്ടവഞ്ചി സവാരി കേന്ദ്രവും അടച്ചു.
∙ ആങ്ങമൂഴി – ഗവി വഴിയുള്ള സഞ്ചാരികളുടെ പ്രവേശനം നിർത്തി
∙ തൃശൂർ ജില്ലയിലെ എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളും മാർച്ച് 11നും 12നും അടച്ചു.
∙ തൃശൂർ മൃഗശാല–മ്യൂസിയത്തിൽ പ്രവേശനമില്ല. പുന്നത്തൂർ ആനക്കോട്ടയിൽ 31 വരെ വിലക്ക്
∙ തുമ്പൂർമുഴി, അതിരപ്പിള്ളി, വാഴച്ചാൽ കേന്ദ്രങ്ങൾ അടച്ചു. മലക്കപ്പാറ മേഖലയിലേക്കുള്ള യാത്രകൾ ഒഴിവാക്കണം.
∙ പാലക്കാട് ജില്ലയിൽ സൈലന്റ് വാലി ദേശീയോദ്യാനം, പറമ്പിക്കുളം കടുവ സംരക്ഷണകേന്ദ്രം, നെല്ലിയാമ്പതി, ചൂലന്നൂർ മയിൽ സങ്കേതം, ശിരുവാണി എന്നീ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ മാർച്ച് 31 വരെ അടച്ചു.
∙ തമിഴ്നാട്ടിലെ കൊടൈക്കനാലിൽ നിയന്ത്രണം. കേരളത്തിൽ നിന്നെത്തുന്ന വാഹനങ്ങൾ അണുവിമുക്തമാക്കണം.
∙ കുമരകത്തേക്ക് വിനോദ സഞ്ചാരികളുടെ വരവ് കുറഞ്ഞു. വാഗമണ്ണിൽ 15 ദിവസത്തേക്ക് ബുക്കിങ് നിർത്തി വച്ചു.
ശബരിമല, ഗുരുവായൂർ
∙ ഗുരുവായൂർ ക്ഷേത്രോത്സവത്തിന്റെ കലാപരിപാടികൾ, പ്രസാദ ഉൗട്ട് എന്നിവ ഉപേക്ഷിച്ച്, ആചാരങ്ങളും ചടങ്ങുകളുമായി നടത്താൻ ദേവസ്വം തീരുമാനം. ക്ഷേത്ര ദർശനത്തിൽ സ്വയം നിയന്ത്രണം വേണമെന്നും വിവാഹം, ചോറൂണ് തുടങ്ങിയവയ്ക്ക് ആളുകളുടെ എണ്ണം കുറയ്ക്കണമെന്നും അഭ്യർഥന.
ശബരിമല ഉത്സവം എങ്ങനെ നടത്തണമെന്ന കാര്യത്തിൽ അപ്പോഴത്തെ സാഹചര്യം നോക്കി തീരുമാനമെടുക്കുമെന്ന് ദേവസ്വം ബോർഡ്. മാർച്ച് 13ന് ആരംഭിക്കുന്ന മാസപൂജയിൽ ആചാരപരമായ ചടങ്ങുകൾ മാത്രം. ഭക്തർ ദർശനത്തിന് എത്തരുതെന്നും ദേവസ്വം ബോർഡ്. വഴിപാട്, അപ്പം, അരവണ കൗണ്ടറുകൾ പ്രവർത്തിക്കില്ല. 13ന് ആരംഭിക്കുന്ന മാസപൂജ ചുമതലകളുള്ള ഉദ്യോഗസ്ഥരോടു സന്നിധാനത്ത് എത്തേണ്ടതില്ലെന്നു നിർദേശിച്ചിട്ടുണ്ട്.
മറ്റു സർക്കാർ വകുപ്പുകൾ തങ്ങളുടെ ഉദ്യോഗസ്ഥരെ അയയ്ക്കില്ല എന്നാണു പ്രതീക്ഷ. തമിഴ്നാട്, ആന്ധ്ര അടക്കമുള്ള സംസ്ഥാനങ്ങളിലെ മാധ്യമങ്ങളിലൂടെ ദർശന നിയന്ത്രണത്തെക്കുറിച്ചുള്ള വിവരങ്ങൾ നൽകുമെന്നു പ്രസിഡന്റ് എൻ.വാസു പറഞ്ഞു. ഈ മാസം ശബരിമല യാത്ര ഉദ്ദേശിച്ചിരിക്കുന്ന ഭക്തർ യാത്ര മറ്റൊരു നടതുറപ്പിലേക്കു മാറ്റണം.
പമ്പ പ്രത്യേക സർവീസില്ല: കെഎസ്ആർടിസി
ശബരിമല ക്ഷേത്രത്തിൽ മീന മാസ പൂജകൾ ആചാരപരമായി നടക്കുമെങ്കിലും സന്ദർശനം ഒഴിവാക്കണമെന്ന അഭ്യർഥനയുടെ പശ്ചാത്തലത്തിൽ നിലയ്ക്കൽ-പമ്പ ചെയിൻ സർവീസുകളും ഡിപ്പോകളിൽ നിന്നുള്ള പമ്പ പ്രത്യേക സർവീസുകളും ഉണ്ടായിരിക്കില്ലെന്ന് കെഎസ്ആർടിസി അറിയിച്ചു.
മറ്റു ക്ഷേത്രങ്ങളിൽ
∙ വൻ ജനപങ്കാളിത്തം പ്രതീക്ഷിക്കുന്ന ഉത്സവങ്ങൾ പൂർണമായും ഒഴിവാക്കും
∙ ആചാരപരവും ഔപചാരികവുമായ ചടങ്ങുകൾ മാത്രം നടക്കും
∙ കലാപരിപാടികൾ, എഴുന്നള്ളത്ത് എന്നിവ റദ്ദാക്കും.
∙ ക്ഷേത്രകലാപീഠത്തിലെ കുട്ടികളുടെ പരീക്ഷകൾ യഥാസമയം നടക്കും.
∙ തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിലുള്ള ക്ഷേത്രങ്ങളിലെ ഉത്സവാഘോഷങ്ങൾ ഒഴിവാക്കാൻ നിർദേശം.
∙ പനച്ചിക്കാട് ദക്ഷിണ മൂകാംബി ക്ഷേത്രത്തിൽ നടക്കുന്ന വിദ്യാരംഭം കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ താൽക്കാലികമായി നിർത്തിവച്ചതായി ദേവസ്വം.
ഉത്സവം, പെരുന്നാൾ
എല്ലാ ഉത്സവങ്ങളും പള്ളിപ്പെരുന്നാളുകളും ചടങ്ങുകൾ മാത്രമായി നടത്തണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർഥിച്ചു.
ആരാധനാലയങ്ങളിൽ നിയന്ത്രണം
ദേവാലയങ്ങളിൽ ആളുകൾ കൂട്ടം ചേരുന്നതു പരമാവധി കുറയ്ക്കണമെന്നും തിരുനാളുകളും കൺവൻഷനുകളും മാറ്റിവയ്ക്കണമെന്നും കേരള കത്തോലിക്ക മെത്രാൻ സമിതി (കെസിബിസി) നിർദേശിച്ചു.
കുർബാന മാത്രം, യോഗങ്ങളില്ല: ഓർത്തഡോക്സ് സഭ
ശനി, ഞായർ ദിവസങ്ങളിലെ കുർബാന ഒഴികെ ഓർത്തഡോക്സ് സഭയുടെ സമ്മേളനങ്ങൾ, പ്രാർഥനായോഗങ്ങൾ, സൺഡേ സ്കൂൾ എന്നിവ ഒഴിവാക്കണമെന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാബാവാ നിർദേശം നൽകി. കരസ്പർശനത്തിലൂടെ സമാധാനം കൊടുക്കുന്നതും കുരിശിലും ബലിപീഠത്തിലും ചുംബിക്കുന്നതും ഒഴിവാക്കി പകരം തലവണങ്ങുന്ന രീതി സ്വീകരിക്കണം.
രോഗലക്ഷണങ്ങൾ ഉള്ളവരും ആരോഗ്യപരിപാലകർ നിരീക്ഷണത്തിൽ നിർത്തിയിരിക്കുന്നവരും ദേവാലയത്തിൽ വരാതെ ഭവനങ്ങളിൽ പ്രാർഥന നടത്തണം. ദേവാലയങ്ങളിലെ ഉപകരണങ്ങൾ, പാത്രങ്ങൾ എന്നിവ രോഗാണുവിമുക്തമാക്കണം. ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യുന്നത് ഒഴിവാക്കണം. ശവസംസ്‌കാരത്തിൽ പങ്കെടുക്കുന്നവരുടെ എണ്ണം പരമാവധി കുറയ്ക്കുവാൻ ശ്രദ്ധിക്കണം.
യോഗങ്ങളില്ല, കൈമുത്തരുത്: യാക്കോബായ സഭ
സൺഡേ സ്കൂൾ, ആത്മീയ യോഗങ്ങൾ, കുടുംബ യൂണിറ്റ്, സുവിശേഷ യോഗങ്ങൾ എന്നിവ ഒഴിവാക്കാൻ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവാ നിർദേശം നൽകി. രോഗ ലക്ഷണമുള്ളവർ പള്ളികളിലും കൂട്ടായ്മകളിലും വരരുത്. കുർബാന സ്വീകരണവും കുമ്പസാരവും രോഗ വിമുക്തിക്കു ശേഷം മതി. കുർബാന സ്വീകരണത്തിനു ശേഷം വെള്ളം നൽകുന്നതു ഡിസ്പോസിബിൾ പാത്രത്തിൽ മതി.
വൈദികർ കുമ്പസാരം നടത്തുമ്പോൾ മുഖാവരണം ധരിക്കണം. പള്ളികളിൽ സാനിറ്റൈസറും ഹാൻഡ് വാഷും ലഭ്യമാക്കണം. കൈമുത്തൽ വേണ്ട. കബറുകൾ, തിരുശേഷിപ്പുകൾ, കുരിശുകൾ എന്നിവയെ വണങ്ങിയാൽ മതി, കൈതൊട്ടു ചുംബിക്കേണ്ടതില്ല. പനി, ജലദോഷം, ചുമ എന്നിവയുള്ളവർ ആൾക്കൂട്ടത്തിൽ വരാതിരിക്കുക. ഇൗ മാസം 31 വരെ ഇൗ നിർദേശങ്ങൾ പാലിക്കണം.
കുർബാനയില്ല, ആരാധന മാത്രം: മാർത്തോമ്മാ സഭ
മാർത്തോമ്മാ സഭയിൽ മാർച്ച് 31 വരെ കുർബാനയില്ല, ആരാധന മാത്രം. 31 വരെ, വിവാഹ ശുശ്രൂഷയ്ക്ക് പള്ളിയിൽ പരമാവധി 15 പേരും സംസ്കാര ശുശ്രൂഷയ്ക്ക് പള്ളിയിൽ കുടുംബാംഗങ്ങളും മാത്രമേ പങ്കെടുക്കാവൂവെന്ന് മാർത്തോമ്മാ സഭാധ്യക്ഷൻ ഡോ.ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്ത നിർദേശം നൽകി. രോഗ ലക്ഷണങ്ങൾ ഉള്ള വ്യക്തികൾ ശുശ്രൂഷകളിൽ പങ്കെടുക്കുന്നില്ല എന്നു ബന്ധപ്പെട്ടവർ ഉറപ്പുവരുത്തണം.
കുർബാന, പള്ളി കൂദാശകൾ, ഇടവക സംഘ യോഗങ്ങൾ, നോമ്പ് പ്രാർഥന ഉൾപ്പെടെയുള്ള മറ്റു കൂദാശകളും യോഗങ്ങളും മാർച്ച് 31 വരെ നടത്താൻ പാടില്ല. എന്നാൽ പരസ്യ ആരാധന, രോഗ പ്രതിരോധ മാർഗങ്ങൾ സ്വീകരിച്ചു വികാരിമാർക്ക് യുക്താനുസരണം ചെറിയ കൂട്ടങ്ങളായി നടത്താം. സ്ഥാപനങ്ങളിലെ വാർഷിക യോഗങ്ങൾ, യാത്രയയപ്പ് യോഗങ്ങൾ, പൊതു പരിപാടികൾ എന്നിവ ഈസ്റ്റർ വരെ മാറ്റിവയ്ക്കണം.
മദ്രസ അവധി
സമസ്ത കേരള ഇസ്‌ലാം മതവിദ്യാഭ്യാസ ബോർഡിന്റെ മദ്രസകൾക്കും അൽബിർറ് ഇസ്‌ലാമിക് പ്രീ സ്കൂളുകൾക്കും അസ്മി സ്കൂളുകൾക്കും അവധി. ഏപ്രിൽ 4, 5, 6 തീയതികളിലെ പൊതുപരീക്ഷകൾക്കും വാർഷികപ്പരീക്ഷകൾക്കും മാറ്റമില്ല.
മൈക്ക് അനുമതി നൽകില്ല
ഉത്സവങ്ങളും സമ്മേളനങ്ങളും അടക്കം ജനം കൂടുന്ന പരിപാടികൾക്കു മൈക്ക്് സെറ്റ് അനുമതി അടക്കമുള്ളവ നൽകേണ്ടതില്ലെന്നു കലക്ടർമാർക്ക് നിർദേശം നൽകും.
വിദ്യാഭ്യാസ രംഗം
∙ ഒന്നു മുതൽ 7 വരെ ക്ലാസുകൾ ഈ മാസം 31 വരെ അടച്ചിടും. പരീക്ഷയില്ല. സിബിഎസ്ഇ, ഐസിഎസ്ഇ, അൺഎയ്ഡഡ് വിദ്യാലയങ്ങൾക്കും ബാധകം.
∙ 8 മുതൽ 12 വരെ ക്ലാസില്ല. പരീക്ഷയ്ക്കു മാറ്റമില്ല. രോഗലക്ഷണമുള്ളവർക്ക് പ്രത്യേക മുറിയിൽ പരീക്ഷ.
∙ പ്രഫഷനൽ ഉൾപ്പെടെ എല്ലാ കോളജുകളും 31 വരെ അടച്ചിടും. പരീക്ഷകൾക്കു മാറ്റമില്ല.
∙ ട്യൂഷൻ, സ്പെഷൽ, അവധിക്കാല ക്ലാസുകൾ ഒഴിവാക്കണം.
∙ മദ്രസ, അങ്കണവാടി, ട്യൂട്ടോറിയൽ എന്നിവയും 31 വരെ അടച്ചിടണം. അങ്കണവാടി ഭക്ഷണം വീടുകളിലെത്തിക്കും.
∙ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പരീക്ഷയല്ലാതെ പഠനപ്രവർത്തനങ്ങളൊന്നും 31വരെ പാടില്ല. അടച്ചിടണമെന്ന നിർദേശം പാലിക്കുന്നുണ്ടോയെന്നു കലക്ടർമാർ നിരീക്ഷിക്കും.
∙ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടുമെന്ന സർക്കാർ തീരുമാനം മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു ബാധകമല്ലെന്ന് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ എ. റംലാ ബീവി അറിയിച്ചു.
സർക്കാർ പരിപാടികള്‍
∙ മന്ത്രിമാർ പങ്കെടുക്കുന്നതുൾപ്പെടെ എല്ലാ പൊതുപരിപാടികളും മാറ്റും.
∙ സർക്കാർ ഓഫിസുകളിൽ മുൻകരുതൽ. എല്ലായിടത്തും സാനിറ്റൈസർ.
∙ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നിയമസഭാ സമുച്ചയത്തിൽ സന്ദർശകർക്ക് പ്രവേശനം അനുവദിക്കില്ല.
വിവാഹം ലളിതം
വിവാഹങ്ങൾ ചുരുങ്ങിയ രീതിയിൽ മാത്രം നടത്തണമെന്ന് അഭ്യർഥന
ബെവ്കോ മദ്യശാലകൾ പൂട്ടില്ല
കോവിഡ്–19 വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ബവ്റിജസ് കോർപറേഷന്റെ മദ്യവിൽപനശാലകൾ അടച്ചിടുമെന്ന പ്രചാരണം തെറ്റെന്ന് മാനേജിങ് ഡയറക്ടർ സ്പർജൻ കുമാർ. ബാറുകളുടെ പ്രവർത്തനം നിർത്തുന്ന കാര്യം ആലോചിച്ചിട്ടില്ലെന്നു ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽസ് അസോസിയേഷൻ അറിയിച്ചു.
പരിപാടികൾക്ക് മാറ്റം
നോർക്ക സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തൽ, പുനരധിവാസ പദ്ധതി, സാന്ത്വന പദ്ധതി എന്നിവയുമായി ബന്ധപ്പെട്ട് എല്ലാ ജില്ലകളിലും നടത്താൻ നിശ്ചയിച്ചിരുന്ന പരിശീലനം കോവിഡ് 19 വ്യാപന പശ്ചാത്തലത്തിൽ റദ്ദാക്കി. ഇനി ഒരറിയിപ്പു വരെ നിയമസഭാ സമുച്ചയത്തിൽ സന്ദർശകർക്കു പ്രവേശനം ഉണ്ടായിരിക്കില്ല. മാജിക് പ്ലാനറ്റ്, ഡിഫറന്റ് ആർട് സെന്റർ എന്നിവ തൽക്കാലം അടച്ചതായി എക്സിക്യൂട്ടീവ് ഡയറക്ടർ ഗോപിനാഥ് മുതുകാട് അറിയിച്ചു. മുഖ്യ വിവരാവകാശ കമ്മിഷണർ വിൻസൻ എം.പോൾ 12 ന് തൃശൂരിൽ നിശ്ചയിച്ചിരുന്ന ഹിയറിങ് മാറ്റി. സംസ്ഥാന വിവരാവകാശ കമ്മിഷണർ പി.ആർ.ശ്രീലത മാർച്ച് 11നും 12നും കാസർകോടും 13 ന് കണ്ണൂരും 16 ന് എറണാകുളത്തും നടത്താനിരുന്ന ഹിയറിങ് മാറ്റി.
എൽഡിഎഫിന്റെ സമരം മാറ്റി
കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക നയങ്ങൾക്കും പൗരത്വ നിയമത്തിനുമെതിരായി മാർച്ചിൽ നടത്താനിരുന്ന സമരപരിപാടികൾ മാറ്റിവയ്ക്കാൻ എൽഡിഎഫ് തീരുമാനം.
സ്വകാര്യ ബസ് സമരം പിൻവലിച്ചു
നിരക്കു വർധന ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് ബസ് ഉടമകളുടെ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ മാര്‍ച്ച് 11 മുതൽ അനിശ്ചിതകാലത്തേക്കു നടത്താൻ തീരുമാനിച്ചിരുന്ന സ്വകാര്യ ബസ് സമരം പിൻവലിച്ചു.
സിനിമ തിയറ്റർ 31 വരെ അടച്ചു; ഷൂട്ടിങ് നിർത്തും
സംസ്ഥാനത്ത് മാർച്ച് 31 വരെ സിനിമ തിയറ്ററുകൾ അടച്ചിടും. സിനിമ, നാടകം തുടങ്ങിയവയുടെ പ്രദർശനം താൽക്കാലികമായി നിർത്തിവച്ച് ആളുകൾ കൂട്ടംചേരുന്നതിനുള്ള സാഹചര്യമൊഴിവാക്കണമെന്ന മുഖ്യമന്ത്രിയുടെ നിർദേശത്തെത്തുടർന്ന് ഫെഫ്ക, പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ, ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ എന്നീ സംഘടനകൾ യോഗം ചേർന്നാണു തീരുമാനമെടുത്തത്.
സിനിമ പ്രദർശനത്തോടൊപ്പം ഷൂട്ടിങ്ങും നിർത്തും. മമ്മൂട്ടിയുടെ പ്രീസ്റ്റ് അടക്കമുള്ള ചിത്രങ്ങളുടെ ഷൂട്ടിങ് ഇന്നലെ വൈകിട്ടോടെ നിർത്തി. നിലവിൽ ചിത്രീകരണം നടക്കുന്ന ഇരുപതിലേറെ സിനിമകളുടെ കാര്യത്തിൽ സാഹചര്യമനുസരിച്ച് സംവിധായകർ തീരുമാനമെടുക്കണമെന്നും യോഗം നിർദേശിച്ചു. കോവിഡ് ഭീതിയുടെ പശ്ചാത്തലത്തിൽ പത്തനംതിട്ട, കോട്ടയം ജില്ലകളിലെ തിയറ്ററുകളിൽ ആളുകളില്ലാത്ത സാഹചര്യവുമുണ്ട്.
‘മരയ്ക്കാർ’, ‘കിലോമീറ്റേഴ്സ് ’ റിലീസ് നീട്ടി
2 സിനിമകളുടെ റിലീസാണു തിയറ്റർ അടയ്ക്കുന്നതിനാൽ നീട്ടിയത്. മരയ്ക്കാറും കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സും. ഇവ രണ്ടും ഏപ്രിൽ ഒന്നോടെ റിലീസ് ചെയ്യാനാകുമെന്നാണു പ്രതീക്ഷ. ഇപ്പോൾ പ്രദർശിപ്പിച്ചു കൊണ്ടിരിക്കുന്ന 4 സിനിമകൾ ഏപ്രിൽ മുതൽ തുടർന്നും പ്രദർശിപ്പിക്കും.
വിഷുവിനു 4 മലയാള സിനിമകളും ഒരു തമിഴ് സിനിമയുമാണു റിലീസ് ചെയ്യുന്നത്. ഇതിൽ തമിഴ് സിനിമയുടെ കേരള റിലീസ് മാത്രമായി നീട്ടാനാകില്ല. ബാക്കി സിനിമകൾ ഏതെല്ലാം ദിവസം റിലീസ് ചെയ്യണമെന്നു വിവിധ സംഘടനകൾ ചേർന്നു മാർച്ച് 16നു തീരുമാനിക്കും.
ഡ്രൈവിങ് ടെസ്റ്റുകൾ മാറ്റി
സംസ്ഥാനത്ത് മാർച്ച് 17 വരെ മോട്ടർ വാഹന വകുപ്പിന്റെ ലേണേഴ്സ്, ഡ്രൈവിങ് ടെസ്റ്റുകൾ മാറ്റിവച്ചു. പത്തനംതിട്ട, കോട്ടയം, കൊല്ലം ജില്ലകളിൽ ഈയാഴ്ച മോട്ടർ വാഹന വകുപ്പിന്റെ എൻഫോഴ്സ്മെന്റ് നടപടികൾ പട്രോളിങ് മാത്രമായി ചുരുക്കും. ആവശ്യമെങ്കിൽ രോഗികളെ സുരക്ഷാ മുൻകരുതലുകൾ പാലിച്ച് ആശുപത്രിയിൽ കൊണ്ടുപോകാൻ വകുപ്പിനു കീഴിലെ ഏത് എൻഫോഴ്സ്മെന്റ് വാഹനവും ഉപയോഗിക്കാം.
സ്വകാര്യ ബസുകളിൽ ഡ്രൈവർ, കണ്ടക്ടർ തുടങ്ങി എല്ലാ ജീവനക്കാരും മുഖാവരണം ധരിച്ചു മുൻകരുതൽ സ്വീകരിക്കണം.
∙ ലളിതകലാ അക്കാദമിയുടെ സംസ്ഥാന വിവിധ ഗാലറികളിൽ നടത്താനിരുന്ന കലയുടെ ദർബാർ പരിപാടി റദ്ദാക്കി. സാഹിത്യ അക്കാദമിയുടെ പ്രധാന കവാടം ഇന്ന് മുതൽ അടച്ചിടും.
∙ ഈ മാസം നടത്താനിരുന്ന നിർമാണ തൊഴിലാളി ക്ഷേമനിധി സെസ് അദാലത്ത് ഏപ്രിലിലേക്കു മാറ്റി.
∙ 15നു കൊച്ചിയിൽ നടത്താനിരുന്ന സ്പോർട്സ് കേരള മാരത്തൺ മാറ്റിവച്ചു.
ഗൾഫിൽ കൂടുതൽ നിയന്ത്രണം; കുവൈത്ത് വീസ നിർത്തി
കുവൈത്തിൽ 4 പേർക്ക് കൂടി രോഗം കണ്ടെത്തിയതോടെ രോഗബാധിതരുടെ എണ്ണം 69 ആയി. വിദേശികൾക്ക് വീസ അനുവദിക്കുന്നതു നിർത്തി. തിയറ്ററുകൾ, ഹോട്ടലുകളിലെ ഹാളുകൾ എന്നിവ അടച്ചു. കുവൈത്തിൽ മിക്ക സ്വകാര്യ സ്ഥാപനങ്ങളും ജീവനക്കാരെ ദീർഘകാല അവധിക്കു പ്രേരിപ്പിക്കുകയാണ്.
∙ ബഹ്റൈനിൽ നിർദേശം ലംഘിച്ചു നിരീക്ഷണത്തിൽ കഴിയാത്തവർക്ക് 3 വർഷം തടവും 10,000 ദിനാർ (24 ലക്ഷം രൂപ) വരെ പിഴയും ചുമത്തും. .
∙ സൗദിയിൽ 5 പേർക്കു കൂടി രോഗം കണ്ടെത്തിയതോടെ രോഗബാധിതരുടെ എണ്ണം 20 ആയി. മക്ക ഹറം പള്ളിയിലും മസ്‍ജിദുന്നബവിയിലും വിദേശ സന്ദർശകർക്കു താൽക്കാലിക നിരോധനം.
∙ ഖത്തറിലെ ഇന്ത്യൻ സ്കൂളുകളിൽ സിബിഎസ്ഇ ബോർഡ് പരീക്ഷകൾ തുടരും. പൊതു, സ്വകാര്യ മേഖലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചു.
∙ യുഎഇയിൽ 15 പേർക്കു കൂടി കോവിഡ് കണ്ടെത്തിയതോടെ രോഗബാധിതരുടെ എണ്ണം 74 ആയി. 17 പേരുടെ രോഗം മാറി.
വിദേശയാത്ര ചെയ്തോ? താഴെപ്പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കണം
കോവിഡ് 19 സ്ഥിരീകരിച്ച രാജ്യങ്ങളിൽ നിന്നു മടങ്ങിയെത്തുന്നവർക്കായി ആരോഗ്യ വകുപ്പിന്റെ മാർഗനിർദേശങ്ങൾ:
∙ ചൈന, ഹോങ്കോങ്, തായ്‌ലൻഡ്, സിംഗപ്പൂർ, ജപ്പാൻ, ദക്ഷിണ കൊറിയ, വിയറ്റ്നാം, നേപ്പാൾ, ഇന്തൊനീഷ്യ, മലേഷ്യ എന്നിവയ്ക്ക് പുറമേ ഇറാൻ, ഇറ്റലി എന്നിവിടങ്ങളിൽ നിന്നെത്തുന്നവരോ ഫെബ്രുവരി 10 മുതൽ അത്തരം യാത്ര നടത്തിയവരോ 28 ദിവസം വീടുകളിൽ നിരീക്ഷണത്തിൽ കഴിയണം.
∙ പൊതു സ്ഥലങ്ങൾ സന്ദർശിക്കരുത്.
∙ മറ്റു കുടുംബാംഗങ്ങളുമായുള്ള സമ്പർക്കം കർശനമായി ഒഴിവാക്കി വായു സഞ്ചാരമുള്ള മുറിയിൽ കഴിയണം.
∙ പാത്രങ്ങൾ, കപ്പ്, ബെഡ് ഷീറ്റ് തുടങ്ങിയവ മറ്റുള്ളവരുമായി പങ്കുവയ്ക്കരുത്.
∙ പനി, ചുമ, ശ്വാസതടസ്സം എന്നിവയുണ്ടെങ്കിൽ ആശുപത്രിയിൽ അറിയിച്ച് പ്രത്യേകം വാഹനത്തിൽ എത്തണം.
Story Highlights: Coronavirus in Kerala, Covid 19 in Kerala