ഭാര്യയും മകനും ചൈനയിൽ, ബാലിയിൽ കുടുങ്ങി ഭർത്താവ്; ‘പ്രതീക്ഷ’യോടെ ഒരു കുടുംബം
Mail This Article
കോഴിക്കോട്∙ കൊറോണയിൽ ലോകം വിറച്ചുപോയ 41 ദിവസങ്ങൾ. ഒറ്റപ്പെട്ടുപോയ ഭാര്യയെയും കുഞ്ഞിനെയും കാണാനാവാതെ മറ്റൊരു രാജ്യത്തിരുന്ന് ആ അച്ഛൻ ആശങ്കയിലാണ്; എന്നു തീരും ഈ മഹാരോഗം?
കാരപ്പറമ്പ് പീപ്പിൾസ് റോഡ് ‘കൂരൻസി’ൽ വർഗീസിന്റെ മകൻ പ്രതീഷ് വർഗീസ് ഇന്തൊനേഷ്യയിലെ ബാലിയിലാണ് ഇപ്പോഴുള്ളത്. പ്രതീഷിന്റെ ഭാര്യ എമിലി പ്രതീഷും മകൻ നീൽ പ്രതീഷും (അപ്പു) ചൈനയിലെ യുന്നാൻ നഗരത്തിലാണുള്ളത്. ചൈനയിൽ കോവിഡ് ആശങ്കകൾ തീർന്നു. എങ്കിലും ചൊവ്വാഴ്ചയോടെ ചൈനയിലേക്കു മടങ്ങാമെന്ന ആഗ്രഹം നടക്കാൻ സാധ്യതയില്ല. ബാലിയിൽ രോഗം പൊട്ടിപ്പുറപ്പെട്ടു കഴിഞ്ഞു.
2002ൽ ജോലി തേടി ചൈനയിലെത്തിയ പ്രതീഷ് 2003ൽ സ്വന്തം ബിസിനസ് തുടങ്ങി. ചൈനക്കാരിയായ എമിലിയെ വിവാഹം കഴിച്ച് ഷെൻസെൻ നഗരത്തിൽ സ്ഥിരതാമസമാക്കി. ഇപ്പോൾ പ്രതീഷിന് മൊബൈൽ ഫോൺ ആക്സസറികൾ നിർമിക്കുന്ന സ്വന്തം ഫാക്ടറിയുണ്ട്. ബിസിനസിന്റെ ഭാഗമായാണ് പ്രതീഷിന്റെ രാജ്യാന്തര യാത്രകൾ.
ഡിസംബറിൽ കേരളത്തിലെത്തിയ പ്രതീഷ് ജനുവരി ആദ്യ ആഴ്ചയിലാണ് ബാലിയിലേക്ക് തിരിച്ചത്. കോട്ടയത്ത് സഹോദരിയുടെ ഗൃഹപ്രവേശച്ചടങ്ങിൽ പങ്കെടുക്കുകയായിരുന്നു ലക്ഷ്യം. എമിലിയും മകൻ നീലും കോട്ടയത്തേക്ക് വരാനായിരുന്നു തീരുമാനം. പക്ഷേ അപ്പോഴേയ്ക്കും കോവിഡ് 19 പൊട്ടിപ്പുറപ്പെട്ടു. കോട്ടയത്തുനിന്ന് ബാലിയിലേക്കു പോയ പ്രതീഷ് അവിടെ ഒരാഴ്ച താമസിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. പക്ഷേ ഇപ്പോൾ ഒരു മാസത്തിലധികമായി ബാലിയിൽ കുടുങ്ങിക്കിടക്കുകയാണ്.
പ്രതീഷ് ബാലിയിലേക്ക് പോയപ്പോൾ നീലുമായി എമിലി യുന്നാൻ നഗരത്തിൽ അച്ഛനമ്മമാരുടെ അടുത്തേക്ക് പോയി. കോവിഡ് പൊട്ടിപ്പുറപ്പെട്ട വുഹാനിൽനിന്ന് അധികം അകലെയല്ല യുന്നാൻ. കോവിഡ് യുന്നാനിനെ പിടിച്ചുലച്ചില്ല. എങ്കിലും സർക്കാർ കടുത്ത നിയന്ത്രണങ്ങൾ കൊണ്ടുവന്നതോടെ ഇവർ വീട്ടിൽനിന്നു പുറത്തിറങ്ങാൻ കഴിയാതെ കുടുങ്ങി.
ചൈനയിലെ സ്കൂളുകളെല്ലാം അടച്ചുപൂട്ടിയതോടെ അപ്പുവിന് ഓൺലൈൻ വഴിയാണ് ക്ലാസുകൾ നടക്കുന്നത്. കഴിഞ്ഞയാഴ്ച മുതലാണ് സ്കൂളുകൾ ഓൺലൈൻ ക്ലാസുകൾ തുടങ്ങിയത്. സമൂഹമാധ്യമങ്ങൾ വഴിയാണ് പ്രതീഷ് ചൈനയിലെ വിവരങ്ങൾ അറിയുന്നത്. കോവിഡ് ചൈനയിലെ ജനങ്ങളുടെ ജീവിതത്തെ മാറ്റിമറിച്ചുകഴിഞ്ഞതായി പ്രതീഷ് പറയുന്നു. രോഗം കെട്ടടങ്ങി ചൈനയിലേക്കുള്ള വിമാനം ആകാശത്തിലേക്ക് കുതിച്ചുയരുന്ന ആ ദിവസത്തിനുവേണ്ടി കാത്തിരിക്കുകയാണ് പ്രതീഷും കുടുംബവും.
English Summary: Pratheesh and family stuck in two countries