ADVERTISEMENT

ലണ്ടന്‍ ∙ ‘ഏറെക്കുറേ മരിച്ചതു പോലെ ആയിരുന്നു’– ശ്വസന പ്രശ്‌നങ്ങള്‍ ഇപ്പോഴും മാറാത്ത റിയാ ലഖാനി എന്ന ഇന്ത്യന്‍ വംശജ ഗുരുതരാവസ്ഥ മറികടന്ന ശേഷം തന്റെ അനുഭവങ്ങള്‍ യുകെയില്‍നിന്നു പങ്കുവച്ചത് ഇങ്ങനെയാണ്. ശ്വസനം ഒരു സ്വാഭാവിക പ്രക്രിയ ആയിരുന്നല്ലോ. പക്ഷേ ഇപ്പോള്‍ ശ്വാസമെടുക്കുന്നതും പുറത്തുവിടുന്നതും എങ്ങനെയെന്ന് ഓര്‍ത്തെടുക്കേണ്ട അവസ്ഥയാണ്. റിയ പറഞ്ഞു. ഇപ്പോഴും ഐസലേഷനില്‍ കഴിയുന്ന റിയയ്ക്ക് ഭര്‍ത്താവിനെയോ മാതാപിതാക്കളെയൊ നേരിട്ടു കാണാന്‍ അനുവാദമില്ല.

ഒരു ശസ്ത്രക്രിയയ്ക്കു വേണ്ടി പ്രവേശിപ്പിച്ച ആശുപത്രിയില്‍ വച്ചാണ് റിയയ്ക്ക് കോവിഡ് ലക്ഷണങ്ങള്‍ തുടങ്ങിയത്. ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടായിരുന്നു തുടക്കം. പിന്നീട് പനി കൂടി. ശസ്ത്രക്രിയയുടെ പാര്‍ശ്വഫലമാണെന്നാണ് എല്ലാവരും കരുതിയത്. എങ്കിലും മുന്‍കരുതല്‍ എന്ന നിലയില്‍ കോവിഡ് സ്രവ പരിശോധന നടത്തി. എല്ലാവരെയും ആശ്ചര്യപ്പെടുത്തിക്കൊണ്ട് ഫലം പോസിറ്റീവ് ആയി.

ഇതോടെ റിയയെ മുറിയില്‍ ഒറ്റയ്ക്കാക്കി അടുത്തുള്ള ആളുകളെ എല്ലാം ഒഴിപ്പിച്ചു. നില വഷളായതോടെ കൂടുതല്‍ ഓക്‌സിജന്‍ അനിവാര്യമായി. റിയയെ ലണ്ടനിലെ പ്രമുഖ കോവിഡ് ചികിത്സാ കേന്ദ്രത്തിലേക്കു മാറ്റി. കാര്യങ്ങള്‍ ഓരോ നിമിഷവും വഷളായിക്കൊണ്ടിരുന്നു. ‘ശ്വാസമെടുക്കുന്നത് ഒരു പര്‍വതം കയറുന്നതു പോലെ ആയാസമുള്ളതായി മാറി’– റിയ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

‘ഏറെക്കുറേ മരിച്ചതു പോലെയായി. ഒരു പ്രത്യേക അവസ്ഥയില്‍ എത്തിയതോടെ ബുദ്ധിമുട്ടുള്ള സന്ദേശങ്ങള്‍ കുടുംബത്തിന് അയച്ചു തുടങ്ങി. പഴയ ജീവിതത്തിലേക്ക് എങ്ങിനെ മടങ്ങുമെന്ന് ഒരെത്തുംപിടിയും കിട്ടുന്നില്ല. ഇപ്പോഴും ശ്വാസകോശത്തില്‍നിന്ന് പൊട്ടലും ചീറ്റലും കേള്‍ക്കുന്നുണ്ട്.’ – റിയ പറഞ്ഞു. 

കടുത്ത വേദന ആയിരുന്നതു കൊണ്ട് ആശുപത്രിയില്‍ ഓക്‌സിജനു പുറമേ മോര്‍ഫിനും നല്‍കിയിരുന്നുവെന്നു റിയ ഓര്‍മിച്ചു. തന്നെ ചികിത്സിച്ച ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും റിയ നന്ദി പറഞ്ഞു. അവരാണ് യഥാര്‍ഥ താരങ്ങളെന്നു പറഞ്ഞ റിയ, ആശുപത്രി വിട്ട നിമിഷത്തെക്കുറിച്ച് വിവരിക്കാന്‍ കഴിയില്ലെന്നും ഇനിയൊരിക്കിലും പഴയ ശീലങ്ങളൊന്നും ഉണ്ടാകില്ലെന്നും പറഞ്ഞു. വീട്ടില്‍ എത്തിയിട്ടും എല്ലാവരോടും അകലം പാലിക്കുകയാണ്. ചുമ ഇപ്പോഴും ചെറുതായി അലട്ടുന്നുമുണ്ട്. ഇത്രയേറെ ആളുകള്‍ മരിക്കുമ്പോള്‍ വൈറസിനോടു ചെറുത്തുനില്‍ക്കാന്‍ കഴിഞ്ഞതു ഭാഗ്യമായിട്ടാണ് അവര്‍ കരുതുന്നത്.

English Summary: 'I Almost Died': Indian-Origin COVID-19 Survivor In UK Shares Her Story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com