ADVERTISEMENT

ലക്നൗ∙ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ബോളിവുഡ് ഗായിക കനിക കപൂറിനെ ഉത്തർപ്രദേശ് പൊലീസ് ഏപ്രിൽ 20ന് ശേഷം ചോദ്യം ചെയ്യും. ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ആയ ഗായിക ഇപ്പോൾ ക്വാറന്റീനിലാണ്. മാർച്ച് 20നാണ് കോവിഡ് സ്ഥിരീകരിച്ചത്. ഏപ്രിൽ 6ന് ഡിസ്ചാർജ് ആയി. ഏപ്രിൽ 20നാണ് ക്വാറന്റീൻ അവസാനിക്കുക.

മാർച്ച് ഒൻപതിനു ലണ്ടനിൽനിന്ന് മടങ്ങിയെത്തിയ ഗായികയ്‌ക്കെതിരെ കഴിഞ്ഞ മാസം കേസ് റജിസ്റ്റർ ചെയ്തിരുന്നു. ഐപിസി സെക്ഷൻ 269, 270 എന്നിവ ചുമത്തിയാണ് കേസ് റജിസ്റ്റർ ചെയ്തത്. വൈറസ് ബാധയുണ്ടെന്ന് വ്യക്തമായിട്ടും മുൻകരുതലെടുക്കുന്നതിൽ വീഴ്ച വരുത്തിയതിനാണ് കേസ്. ക്വാറന്റീനിൽ കഴിയേണ്ടതിനു പകരം കനിക വിരുന്നുകളിലും മറ്റും പങ്കെടുത്തിരുന്നു.

ചോദ്യം ചെയ്യലിന്റെ ലിസ്റ്റ് തയാറാക്കുകയാണെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. മാർച്ച് 9ന് ലണ്ടനിൽനിന്നു മടങ്ങിവരുന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ, മുംബൈ വിമാനത്താവളത്തിൽ മെഡിക്കൽ സ്‌ക്രീനിങ്ങിനു വിധേയമായോ, കൊറോണ വൈറസിനെക്കുറിച്ച് അറിയാമായിരുന്നോ, അതിനായി എന്തു മുൻകരുതലുകൾ സ്വീകരിച്ചു, പനി, ജലദോഷം തുടങ്ങിയവ ഉണ്ടായിട്ടും എന്തുകൊണ്ടാണ് പൊതു ചടങ്ങുകളിൽ പങ്കെടുത്തത്? തുടങ്ങിയ ചോദ്യങ്ങളാണ് തയാറാക്കുന്നത്.

കൊറോണ വൈറസ് ബാധിച്ചതായി കനിക കപൂർ ഇൻസ്റ്റാഗ്രാമിലും പോസ്റ്റ് ചെയ്തിരുന്നു. പിന്നീട് പോസ്റ്റ് ഡിലീറ്റ് ചെയ്തു. തിരിച്ചെത്തിയപ്പോൾ സാധാരണ നടപടിക്രമങ്ങൾക്കനുസൃതമായി വിമാനത്താവളത്തിൽ സ്‌ക്രീനിങ് നടത്തിയതായും നാലു ദിവസം മുൻപാണ് രോഗലക്ഷണങ്ങൾ കണ്ടതെന്നും പോസ്റ്റിൽ പറഞ്ഞിരുന്നു.

വിമാനത്താവളത്തിലെത്തിയപ്പോൾ മെഡിക്കൽ സ്‌ക്രീനിങ് നടത്തിയെന്ന കനികയുടെ അവകാശവാദത്തെക്കുറിച്ച് ലക്നൗ പൊലീസ് മുംബൈ വിമാനത്താവളത്തിലെ അധികൃതരുമായി പരിശോധിക്കും. അതേസമയം, കനികയുമായി സമ്പർക്കം പുലർത്തിയ ആർക്കും കോവിഡ് പോസിറ്റീവ് സ്ഥിരീകരിക്കാത്തതിനാൽ കനികയ്ക്കെതിരെ റജിസ്റ്റർ ചെയ്ത കേസിൽ തെളിവുകൾ ഇല്ലെന്ന് നിയമ വിദഗ്ധർ പറയുന്നു.

English Summary: Kanika Kapoor to be questioned after April 20

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com