ADVERTISEMENT

മാനന്തവാടി ∙ ആഗോള വ്യവസായിയും അറയ്ക്കൽ പാലസ് ഉടമയുമായ ജോയിയുടെ സംസ്കാര ചടങ്ങുകൾ മാനന്തവാടി സെന്റ് ജോസഫ്സ് കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ പൂർത്തിയായി. മാനന്തവാടി രൂപതയുടെ കത്തീഡ്രൽ പള്ളിയായ കണിയാരം സെന്റ് ജോസഫ് കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ, കത്തീഡ്രൽ പള്ളി വികാരി ഫാ. പോൾ മുണ്ടോലിക്കൽ ചടങ്ങുകൾക്ക് കാർമികത്വം വഹിച്ചു.

പ്രത്യേക വിമാനത്തിൽ ദുബായിൽ നിന്നു വ്യാഴാഴ്ച രാത്രി എട്ടുമണിയോടെ കോഴിക്കോട് എത്തിച്ച മൃതദേഹം 12 മണിയോടെയാണ് മാനന്തവാടിയിൽ ജോയിയുടെ വസതിയായ പാലസിൽ എത്തിച്ചത്. ജോയിയുടെ ഭാര്യ സെലിൻ, മക്കളായ അരുൺ ജോയി, ആഷ്‌ലി ജോയി, ജോയിയുടെ പിതാവ് ഉലഹന്നാൻ, സഹോദരൻ ജോണി എന്നിവർക്കൊപ്പം 20 പേർക്കു മാത്രമേ ചടങ്ങുകളിൽ പങ്കെടുക്കാൻ ജില്ലാ ഭരണകൂടം അനുമതി നൽകിയിരുന്നുള്ളൂ.

രാവിലെ ഏഴേകാലോടെ, കനത്ത പൊലീസ് കാവലിൽ വളരെ കുറച്ചു മാത്രം വാഹനങ്ങളുടെ അകമ്പടിയോടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപ യാത്ര ആരംഭിച്ചു. ഏഴരയോടെ മൃതദേഹം പള്ളിയിൽ എത്തിച്ചു. ചടങ്ങുകൾക്കു ശേഷം, ജോയിയുടെ മാതാവ് ത്രേസ്യയുടെ കല്ലറയോട് ചേർന്നുള്ള കുടുംബക്കല്ലറയിൽ സംസ്കരിച്ചു. എട്ടുമണിയോടെ ചടങ്ങുകൾ പൂർത്തിയായി

joy-araykkal-palace-view
അറയ്ക്കൽ പാലസ്. ഇൻസൈറ്റിൽ ജോയി അറയ്ക്കൽ

എംഎൽഎമാരായ ഒ.ആർ.കേളു, ഐ.സി.ബാലകൃഷ്ണൻ എന്നിവർ രാവിലെ അറയ്ക്കൽ പാലസിലെത്തി റീത്ത് സമർപ്പിച്ചു. ജില്ലാ ഭരണകൂടത്തിന് വേണ്ടി എഡിഎം തങ്കച്ചൻ ആന്റണി റീത്ത് സമർപ്പിച്ചു. കോവിഡ് 19 ജാഗ്രതയുടെ ഭാഗമായി, സംസ്കാര ചടങ്ങുകൾ നടക്കുമ്പോൾ പ്രദേശത്ത് കലക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. നിരോധനാജ്ഞ ലംഘിക്കുന്നുണ്ടോ എന്നറിയാൻ പൊലീസ് ഡ്രോൺ ഉപയോഗിച്ച് മാനന്തവാടി ടൗണിലും പരിസരങ്ങളിലും നിരീക്ഷണം നടത്തി. കനത്ത സുരക്ഷയും ഒരുക്കിയിരുന്നു.

ഏപ്രിൽ 23നു ദുബായ് ബിസിനസ് ബേയിലെ കെട്ടിടത്തിന്റെ 14–ാം നിലയിൽ നിന്നു വീണാണു ജോയി അറയ്ക്കലിന്റെ മരണമെന്നും ദുരൂഹതകളില്ലെന്നും ബർദുബായ് പൊലീസ് സ്റ്റേഷൻ ഡയറക്ടർ ബ്രി. അബ്ദുല്ല ഖാദിം ബിൻ സുറൂറാണ് അറിയിച്ചിരുന്നു. ഇടയ്ക്കിടെ നാട്ടിൽ വരികയും സാമൂഹിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തിരുന്ന ജോയി നാലുമാസം മുമ്പാണ് അവസാനമായി നാട്ടിൽ വന്നു പോയത്. ഈസ്റ്ററിന് വരുമെന്ന് അറിയിച്ചു ദുബായിലേക്ക് പോയ ജോയിയുടെ മൃതദേഹം അറയ്ക്കൽ പാലസിലെ കൊണ്ടുവന്നപ്പോൾ നൊമ്പരങ്ങൾ വീർപ്പുമുട്ടുകയായിരുന്നു. ആയിരത്തോളം തൊഴിലാളികളെ നെഞ്ചോടുചേർത്ത മുതലാളിക്കു ഒടുവിൽ തൊഴിലാളി ദിനത്തിൽ യാത്രാമൊഴി.

English Summary: Businessman Joy Arakkal funeral

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com