മീററ്റിൽ വവ്വാലുകൾ ചത്ത നിലയിൽ: കോവിഡുമായി ബന്ധമില്ലെന്ന് അധികൃതർ
Mail This Article
ലക്‌നൗ ∙ ഉത്തർപ്രദേശിലെ മീററ്റിലുള്ള മെഹ്‌റോളി ഗ്രാമത്തിൽ തുടർച്ചയായ രണ്ടു ദിവസങ്ങളിൽ വവ്വാലുകളെ ചത്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആശങ്കപ്പെടാനില്ലെന്ന് ഇന്ത്യൻ വെറ്ററിനറി റിസർച് ഇൻസ്റ്റിറ്റ്യൂട്ട് (ഐവിആർഐ). വൈദ്യുതാഘാതമേറ്റാണ് വവ്വാലുകൾ ചത്തതെന്ന് ഐവിആർഐ വ്യക്തമാക്കി. ഗ്രാമത്തിലെ കുളത്തിനരികിൽ ഏപ്രിൽ 29, 30 തീയതികളിലായി എട്ട് വവ്വാലുകളെ ചത്ത നിലയിൽ കണ്ടെത്തിയത് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശവാസികൾക്കിടയിൽ കടുത്ത ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു.
എന്നാൽ, ഐവിആർഐയുടെ റിപ്പോർട്ട് തള്ളി ഗ്രാമത്തലവൻ ഗംഗറാം ഉൾപ്പെടെയുള്ളവർ രംഗത്തെത്തി. വവ്വാലുകളുടെ ജഡം കണ്ടെത്തിയ പ്രദേശത്തിന് അര കിലോമീറ്റർ എങ്കിലും അകലെയാണ് ഏറ്റവും അടുത്ത വൈദ്യുതി ലൈൻ ഉള്ളതെന്നും വൈദ്യുതാഘാതമേറ്റാണ് വവ്വാലുകൾ ചത്തതെങ്കിൽ ഇത്ര അകലെയല്ല, വൈദ്യുതി ലൈനിന് സമീപമാണ് അവ കാണപ്പടേണ്ടിയിരുന്നതെന്നും ഗംഗറാം പറഞ്ഞു. ‘ഈ പ്രദേശത്ത് തുടർച്ചയായ രണ്ടു ദിവസങ്ങളിൽ വവ്വാലുകളെ മാത്രം ചത്ത നിലയിൽ കണ്ടെത്തിയത് എന്തുകൊണ്ടാണ്? മറ്റൊന്നിനെയും ഈ ദിവസങ്ങൾ ചത്ത നിലയിൽ കണ്ടെത്തിയിട്ടില്ല. സംഭവത്തെക്കുറിച്ചു വിശദമായ അന്വേഷണം ആവശ്യമാണ്’ - അദ്ദേഹം പറഞ്ഞു.
അതേസമയം, ഫലവൃക്ഷങ്ങളിൽ അമിതമായി കീടനാശിനികൾ തളിക്കുന്നതാണ് വവ്വാലുകളുടെ മരണകാരണമെന്നാണു കരുതിയതെന്ന് മീററ്റ് ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർ അദിതി ശർമ പറഞ്ഞു. ‘വവ്വാലുകളുടെ ആന്തരാവയവങ്ങൾ ഐവിആർഐയിൽ പരിശോധിച്ചപ്പോഴാണ് വൈദ്യുതാഘാതമേറ്റാണ് മരണമെന്ന് കണ്ടെത്തിയത്. ആ പ്രദേശത്ത് വൈദ്യുതി ലൈൻ ഉണ്ടോയെന്ന് അന്വേഷിക്കുകയാണ്’ - അദിതി ശർമ പറഞ്ഞു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വവ്വാലുകളെ കൊന്നതാകാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ലെന്ന് പക്ഷി നിരീക്ഷകനായ രോഹിത് ഖണ്ഡേൽവാൾ പറഞ്ഞു.
English Summary: Dead bat carcasses create panic in meerat, veterinary institute rules out link to corona virus