ഉദ്ധവിന് 143 കോടിയുടെ സ്വത്ത്; 15.50 കോടി ബാധ്യത, പക്ഷേ കാർ ഇല്ല
Mail This Article
മുംബൈ ∙ സ്വന്തമായി കാർ പോലുമില്ലെന്ന് വെളിപ്പെടുത്തി മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. 21നു നടക്കുന്ന നിയമസഭാ കൗൺസിൽ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായ ഉദ്ധവ് പത്രികയ്ക്കൊപ്പമുള്ള സത്യവാങ്മൂലത്തിലാണ് സ്വന്തമായി കാർ ഇല്ലെന്ന് വ്യക്തമാക്കിയത്. തനിക്കും കുടുംബത്തിനും ആകെ 143.26 കോടി രൂപയുടെ സ്വത്തുണ്ട്. എന്നാൽ വായ്പകൾ ഉൾപ്പെടെ 15.50 കോടി രൂപയുടെ ബാധ്യതയുമുണ്ട്.
മുഖ്യമന്ത്രിയായതിനെ തുടർന്ന് ആദ്യമായി തിരഞ്ഞെടുപ്പ് നേരിടുന്ന ഉദ്ധവിന് സ്വത്തുവിവരം വെളിപ്പെടുത്തേണ്ടി വരുന്നതും ആദ്യമായാണ്. പാർട്ടി മുഖപത്രമായ സാമ്നയുടെ എഡിറ്റർ ആയ ഭാര്യ രശ്മി താക്കറെയ്ക്ക് വിവിധ ബിസിനസുകളിൽ നിന്ന് വരുമാനമുണ്ടെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു. എന്നാൽ, മക്കളെ ആശ്രിതരായി കാണിച്ചിട്ടില്ലാത്തതിനാൽ അവരുടെ ആസ്തികളും ബാധ്യതകളും സത്യവാങ്മൂലത്തിൽ നൽകിയിട്ടില്ല. 23 പൊലീസ് കേസുകൾ തനിക്കെതിരെ ഉണ്ടെന്നും അതിൽ 14 എണ്ണം പാർട്ടി മുഖപത്രത്തിലെ ഉള്ളടക്കത്തെ സംബന്ധിച്ച കേസുകളാണെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
English Summary: Uddhav Thackeray lists family assets worth Rs 143 crore