ADVERTISEMENT

ഇസ്‌ലാമാബാദ് ∙ പാക്കിസ്ഥാനില്‍ രണ്ടു പെണ്‍കുട്ടികള്‍ ഒരു യുവാവിനെ ചുംബിക്കുന്ന വിഡിയോ വൈറലായതിനു പിന്നാലെ കുടുംബത്തിലെ ഒരാള്‍ രണ്ടു പെണ്‍കുട്ടികളെയും വെടിവച്ചു കൊന്നു കുഴിച്ചുമൂടി. വടക്കന്‍ വസീറിസ്ഥാന്‍ പ്രവിശ്യയിലാണു സംഭവം. മേയ് 14-നാണ് 16, 18 വയസ്സ് വീതമുള്ള പെണ്‍കുട്ടികളെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. ഇവരുടെ കൊലയാളിയാണെന്നു സംശയിക്കുന്ന മുഹമ്മദ് അസ‌്‌ലം എന്നയാളെ പൊലീസ് പിടികൂടി.

ഒരു പെണ്‍കുട്ടിയുടെ പിതാവിനെയും രണ്ടാമത്തെ പെണ്‍കുട്ടിയുടെ സഹോദരനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവര്‍ കൊലപാതകക്കുറ്റം സമ്മതിച്ചുവെന്നും പൊലീസ് വ്യക്തമാക്കി. അശ്ലീല വിഡിയോ ചിത്രീകരിച്ചതിന് വിഡിയോയിലുള്ള ഉമര്‍ അയാസ് എന്ന 28 കാരനെയും അറസ്റ്റ് ചെയ്തു. വിവാഹിതനായ ഇയാള്‍ക്കു രണ്ടു കുട്ടികളുണ്ട്. ഫോണിന്റെ ഉടമയായ ഫിദാ വാസിര്‍ എന്നയാളും അറസ്റ്റിലായിട്ടുണ്ട്. ഇയാളാണ് സമൂഹമാധ്യമങ്ങളില്‍ വിഡിയോ പ്രചരിപ്പിച്ചതെന്നാണു സൂചന.

പെണ്‍കുട്ടികള്‍ ഒരാളെ ചുംബിക്കുന്ന വിഡിയോ ഒരു വര്‍ഷം പഴക്കമുള്ളതാണ്. അടുത്തിടെയാണ് അത് സമൂഹമാധ്യമങ്ങളില്‍ ചോര്‍ന്നെത്തിയത്. രണ്ടു പെണ്‍കുട്ടികള്‍ ഒരാളുടെ ചുണ്ടില്‍ ചുംബിക്കുമ്പോള്‍ മൂന്നാമത്തെ യുവതി ചിരിക്കുന്നതാണു വിഡിയോയിലുള്ളത്. വിഡിയോ പുറത്തുവന്നത് കുടുംബത്തിനു വലിയ മാനക്കേടുണ്ടാക്കിയെന്ന് ആരോപിച്ചാണ് കുടുംബത്തിലെ ഒരാള്‍ പെണ്‍കുട്ടികളെ വെടിവച്ചു കൊന്നത്. പിന്നീടു മൃതദേഹങ്ങള്‍ കുഴിച്ചിട്ടു. വിഡിയോയിലുള്ള മൂന്നാമത്തെ യുവതിയുടെ ജീവന് അപകടമില്ലെന്നാണു റിപ്പോര്‍ട്ട്.

2019-ലെ കണക്കനുസരിച്ച് പാക്കിസ്ഥാനില്‍ പ്രതിവര്‍ഷം ആയിരത്തോളം ദുരഭിമാനക്കൊലകളാണു നടക്കുന്നത്. മിക്കവാറും കൊലപാതകങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാറില്ല. ആത്മഹത്യകളായും സ്വാഭാവിക മരണങ്ങളായും ആവും ഇതു പുറത്തുവരിക.

English Summary: Two Pakistani women were shot dead after a leaked video showed them kissing a man

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com