സൈനികരുടെ ട്രെയിൻ വിവരങ്ങൾ തേടി; പാക്ക് ചാരന്റെ നീക്കങ്ങൾ ഇങ്ങനെ
Mail This Article
ന്യൂഡൽഹി ∙ ഇന്ത്യ ഇന്നലെ പുറത്താക്കിയ രണ്ട് പാക്ക് ചാരന്മാരിലൊരാൾ രാജ്യത്തെ സൈനിക നീക്കങ്ങൾ കൃത്യമായി നിരീക്ഷിച്ചിരുന്നുവെന്ന് റിപ്പോർട്ട്. സൈനികരെ കൊണ്ടുപോകുന്ന ട്രെയിനുകളുടെ വിവരങ്ങളും സൈനിക ഉപകരണങ്ങളുടെ നീക്കവും ഇയാൾ പിന്തുടർന്നിരുന്നു. അതേസമയം, ഇന്ത്യ പുറത്താക്കിയതിനെ തുടർന്ന് ഇരുവരും തിങ്കളാഴ്ച രാത്രി രാജ്യം വിട്ടതായി എംബസി വൃത്തങ്ങളെ ഉദ്ധരിച്ച് രാജ്യാന്തര വാർത്താ ഏജൻസി എഎഫ്പി റിപ്പോർട്ട് ചെയ്തു.
ഡൽഹിയിൽ പാക്ക് ഹൈക്കമ്മിഷനിലെ വീസ വിഭാഗത്തിൽ ജോലി ചെയ്തിരുന്ന അബിദ് ഹുസൈൻ, താഹിർ ഖാൻ എന്നിവരെയാണ് ചാരവൃത്തിയുടെ പേരിൽ ഡൽഹി പൊലീസിന്റെ പ്രത്യേക സെൽ ഞായറാഴ്ച പിടികൂടിയത്. പാക്ക് ചാരസംഘടനയായ ഐഎസ്ഐയ്ക്കു (ഇന്റർ – സർവീസസ് ഇന്റലിജൻസ്) വേണ്ടിയാണ് ഇവർ പ്രവർത്തിച്ചിരുന്നത്. വ്യാജ തിരച്ചറിയൽരേഖ ഉപയോഗിച്ച് ഇവർ യാത്ര ചെയ്തിരുന്നുവെന്നും അന്വേഷണസംഘത്തിന്റെ അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമം റിപ്പോർട്ട് ചെയ്തു.
അബിദ് ഹുസൈൻ ‘ഗൗതം’ എന്നു പേരുള്ള മാധ്യമപ്രവർത്തകനായ സഹോദരനുവേണ്ടി ഇന്ത്യൻ റെയിൽവേയിലെ പല ആളുകളെയും സമീപിച്ചിരുന്നുവെന്നും പ്രധാനപ്പെട്ട പല വകുപ്പുകളിലെയും ഉദ്യോഗസ്ഥരുമായി പല പേരുകളിൽ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നുവെന്നുമാണ് കണ്ടെത്തൽ. ഇയാൾക്ക് ഇങ്ങനെയൊരു സഹോദരനില്ലെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
റെയിൽവേയിൽനിന്ന് തനിക്കു വിവരങ്ങൾ ചോർത്തിത്തരാൻ കഴിയുന്ന ഒരു റെയിൽവേ ഉദ്യോഗസ്ഥനെ കണ്ടെത്തിയ അബിദ് അയാളുടെ വിശ്വാസം നേടിയെടുത്തതിനു പിന്നാലെ സൈനികരെ കൊണ്ടുപോകുന്ന ട്രെയിനുകളുടെ വിവരങ്ങൾ തേടുകയായിരുന്നു. തന്റെ സഹോദരൻ മാധ്യമപ്രവർത്തകനാണെന്നും അയാൾക്കു വാർത്തയ്ക്കു വേണ്ടിയാണ് വിവരങ്ങളെന്നുമാണ് ഉദ്യോഗസ്ഥനെ വിശ്വസിപ്പിച്ചിരുന്നത്. ഇതിനായി പണം നൽകാമെന്നും അബിദ് സമ്മതിച്ചിരുന്നു. അങ്ങനെയാണ് സൈനികരുടെ യാത്രയെപ്പറ്റിയും സൈനിക ഉപകരണങ്ങളുടെ നീക്കത്തെപ്പറ്റിയും വിവരം ശേഖരിച്ചത്.
English Summary: Pak Spy Tried To Infiltrate Railways, Monitor Troops, Equipment: Sources