ഉത്ര കേസ് കൊല്ലം റൂറൽ പൊലീസിന്; ലക്ഷ്യം വിശദമായ അന്വേഷണവും ചോദ്യംചെയ്യലും
Mail This Article
കൊല്ലം∙ ഉത്രയുടെ മരണം സംബന്ധിച്ച കേസ് വിശദമായ അന്വേഷണത്തിനും ചോദ്യം ചെയ്യലിനുമായി പത്തനംതിട്ട പൊലീസ് കൊല്ലം റൂറൽ പൊലീസിനു കൈമാറി. സംഭവത്തിൽ ഗാർഹിക പീഡനകേസിൽ അമ്മയും സഹോദരിയും പ്രതിയായേക്കും. ഇന്നലെ ചോദ്യം ചെയ്യാനായി ക്രൈംബ്രാഞ്ച് വിളിച്ചു വരുത്തിയ ഇരുവരെയും പിന്നീട് വിട്ടയച്ചിരുന്നു. സൂരജിനെ ഇന്നു വീണ്ടും തെളിവെടുപ്പിനായി അടൂരിലെ വീട്ടിലെത്തിക്കും.
ഉത്രയുടെ മരണം അന്വേഷിക്കുന്നതില്‍ ഗുരുതരമായ വീഴ്ച വരുത്തിയ അഞ്ചല്‍ സിഐ സുധീറിനെ സസ്പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകർ ഇന്നു പൊലീസ് സ്റ്റേഷന്‍ മാർച്ച് നടത്തും. അതേസമയം, ഉത്രയുടെ കൊലക്കേസിൽ പ്രതികളായ സൂരജ്, പാമ്പ് പിടിത്തക്കാരൻ സുരേഷ് എന്നിവരെ കസ്റ്റഡിയിൽ വാങ്ങാൻ വനം വകുപ്പ് നിയമ നടപടി തുടങ്ങി. അടുത്ത ദിവസം കോടതിയിൽ അപേക്ഷ സമർപ്പിക്കും.
മൂർഖൻ പാമ്പിനെ വിലയ്ക്കു വാങ്ങിയതിനൊപ്പം തല്ലിക്കൊന്നതിനും സൂരജിന്റെ പേരിൽ കേസുണ്ട്. ഏഴു വർഷത്തോളം തടവു ശിക്ഷ ലഭിക്കുന്ന കുറ്റമാണിത്. പാമ്പിനെ അതിന്റെ ആവാസ വ്യവസ്ഥയിൽനിന്നു പിടിക്കുകയും വിൽക്കുകയും ചെയ്തതിനാണ് സുരേഷിന്റെ പേരിൽ കേസ്. ഇയാളുടെ വീട്ടിൽ ഫോറസ്റ്റ് റേഞ്ച് ഓഫിസർ ബി.ആർ.ജയന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ മറ്റൊരു മൂർഖൻ പാമ്പിനെ കണ്ടെത്തിയിരുന്നു.
English Summary: Kollam rural police will investigate Uthra murder case