ADVERTISEMENT

കോട്ടയം ∙ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയനും (ടി.വീണ) ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമായ പി.എ.മുഹമ്മദ് റിയാസും വിവാഹിതരാകുന്നുവെന്ന വാർത്തയിൽ വിവാദമുണ്ടാക്കുന്നവർക്കു മറുപടിയുമായി സാമൂഹികപ്രവര്‍ത്തക ഷീബ അമീർ. കേരളത്തിന്റെ രാഷ്ടീയ, സാംസ്കാരിക, സാഹിത്യ രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച അനേകം വ്യക്തിത്വങ്ങൾ ജീവിച്ച വീട്ടിലെ ഒരു കണ്ണിയാണു മുഹമ്മദ് റിയാസ് എന്ന് സമൂഹമാധ്യമത്തിലെ കുറിപ്പിൽ ഷീബ അമീർ വ്യക്തമാക്കുന്നു.

t-veena-muhammed-riyas
ടി.വീണ, പി.എ.മുഹമ്മദ് റിയാസ്

വിവാഹമോചിതരായ ഇരുവരുടെയും പുനർവിവാഹമാണിത്. 15ന് തിരുവനന്തപുരത്താണു വിവാഹം. പിണറായിയുടെയും കമലയുടെയും ഏക മകളാണു വീണ. വിവേക് കിരൺ സഹോദരനാണ്. ഐടി ബിരുദധാരിയായ വീണ 6 വർഷം ഓറക്കിളിൽ പ്രവർത്തിച്ച ശേഷം തിരുവനന്തപുരത്ത് ആർപി ടെക്സോഫ്റ്റ് ഇന്റർനാഷനലിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറായി. 2014 മുതൽ ബെംഗളൂരുവിൽ എക്സാലോജിക് സൊല്യൂഷൻസിന്റെ എംഡി ആയി പ്രവർത്തിക്കുന്നു. മുൻ കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർ പി.എം.അബ്ദുൽ ഖാദറിന്റെയും അയിഷാബിയുടെയും മകനായ റിയാസ് കോഴിക്കോട് കോട്ടൂളി സ്വദേശിയാണ്.

ഷീബ അമീറിന്റെ കുറിപ്പിൽനിന്ന്:

മുഹമ്മദ് റിയാസിനെക്കുറിച്ച് ഇടത്തും വലത്തും വരുന്ന എഫ്ബി പോസ്റ്റുകൾ കണ്ട് ഇനിയും പ്രതികരിക്കാതിരിക്കുന്നത് ശരിയല്ല എന്നതിനാലാണ് ഞാൻ ഇതെഴുതുന്നത്. വിവാഹ വാർഷികത്തിൽ ഇങ്ങനെ ആയിരിക്കും എന്ന് പരിഹസിച്ചു കൊണ്ട് വീണയെ പർദ്ദയിടീച്ച് വന്ന പോസ്റ്റുകളും കാണാൻ ഇടയായി. മുഹമ്മദ് റിയാസിന്റെ കുടുംബത്തെക്കുറിച്ച് അറിയില്ലെങ്കിൽ ഞാൻ പറയാം. കേരളത്തിന്റെ രാഷ്ടീയ, സാംസ്കാരിക, സാഹിത്യ രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച അനേകം വ്യക്തിത്വങ്ങൾ ജീവിച്ച വീട്ടിലെ ഒരു കണ്ണിയാണ് മുഹമ്മദ് റിയാസ്.

The Uncrowned king of kudallor എന്ന് കോടതി വിധിയിൽ വന്ന കൂടല്ലൂർ കുഞ്ഞുവിന്റെ (പള്ളിമഞ്ഞാലിൽ) കുടുംബമാണ് റിയാസിന്റേത്. കൂടല്ലൂർ കുഞ്ഞഹമ്മദ് സാഹിബിന്റെ മൂത്ത മകൻ പി.കെ.മുഹമ്മദ് (എക്സസൈസ് കമ്മിഷണർ ) ആയിരുന്നു. ഭാര്യ ആയിഷ (ലണ്ടൻ ഹൈക്കമ്മിഷണർ ആയിരുന്ന സെയ്ത് മുഹമ്മദിന്റെ പെങ്ങൾ ). ഈ ദമ്പതികളുടെ മകനാണ് റിയാസിന്റെ വാപ്പ അബ്ദുൽ ഖാദർ (വിശിഷ്ട സേവാമെഡൽ നേടിയ റിട്ട. പൊലീസ് കമ്മിഷണർ ). അവരുടെ ഒരു ജ്യേഷ്ഠ സഹോദരൻ ആണ് പി.എം.അബ്ദുൽ അസീസ്, പൂണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ആദ്യ ബാച്ച് സംവിധാനം പഠിച്ചയാൾ (ഡോക്യുമെന്ററി സിനിമകൾക്ക് കേന്ദ്ര സംസ്ഥാന അവാർഡുകൾ നേടിയിട്ടുണ്ട് ).

pinarayi-vijayan-family
മുഖ്യമന്ത്രി പിണറായി വിജയൻ കുടുംബത്തോടൊപ്പം.

കൂടല്ലൂർ കുഞ്ഞഹമ്മദ് സാഹിബിന്റെ രണ്ടാമത്തെ മകൻ, പി.കെ.മൊയ്തീൻകുട്ടി MA LLB ( KPCC പ്രസിഡന്റും , Ex MLA യും) ആയിരുന്നു.‌ മൂന്നാമത്തെ മകൻ പി.കെ.മുഹമ്മദ് കുഞ്ഞി, തന്റെ 16–ാം വയസ്സിൽ കൊൽക്കത്ത കോൺഫറൻസിൽ പങ്കെടുത്തയാൾ. ദേശാഭിമാനി സബ് എഡിറ്റർ, സാഹിത്യ അക്കാദമി സംഗീത നാടക അക്കാദമികളിൽ അംഗം ആയിരുന്നു. ഇളയ മകൻ പി.കെ.എ. റഹീം റാഡിക്കൽ ഹ്യൂമനിസ്റ്റ് (കേരളത്തിലെ സാംസ്കാരിക നവോത്ഥാനത്തിന് കളമൊരുക്കിയ എണ്ണപ്പെട്ട ലിറ്റിൽ മാഗസിൻ ജ്വാല പബ്ലിക്കേഷൻസ് & ബെസ്റ്റ് ബുക്സ് നടത്തിയിരുന്നു). 

ഒരു മകൾ മണ്ടായപ്പുറത്ത്, കൊച്ചുണ്ണി മൂപ്പൻ വിവാഹം കഴിച്ചത് അവരെയായിരുന്നു. ഈ കുടുബത്തിൽ ഞാനടക്കം ഞങ്ങൾ എത്രയോ പേർ മതത്തിന്റെയോ ജാതിയുടെയോ ബാനർ ഉയർത്തിപ്പിടിക്കാതെ ജീവിക്കുന്നുണ്ട്. ഒരു ദേശത്തിന്റെ ചരിത്രത്തിൽ ഈ കുടുംബം കൊടുത്ത സംഭാവനകൾ ആ കാലഘട്ടത്തിലെ ചരിത്ര രേഖകൾ നോക്കിയാൽ മനസ്സിലാകും. പി.കെ.‌മൊയ്തീൻ കുട്ടി, പൂർത്തിയാക്കാതിരുന്ന കുറ്റിപ്പുറം പാലത്തിന്റെ പണി പൂർത്തിയാക്കിയതടക്കം. ആദ്യ വിവാഹബന്ധം വേർപെടുത്തിയവർക്ക് അഞ്ച് വർഷം കഴിഞ്ഞിട്ടും പുനർവിവാഹം എന്നത് ഇത്രയും അരുതാത്തതാണോ എന്ന ഒരു ചോദ്യവും കൂടി ചേർത്ത് വായിക്കണം. ഇത്രയും പറഞ്ഞത് എന്റെ ജ്യേഷ്ഠന്റെ മകനാണ് റിയാസ് എന്നതുകൊണ്ടാണ്. ഞാൻ പി.കെ.എ. റഹീമിന്റെ മകൾ.

English Summary: Social activist Sheeba Ameer comments on T Veena- Muhammed Riyas marriage

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com