ADVERTISEMENT

ഇസ്‌ലാമാബാദ് ∙ ഹൈക്കമ്മിഷൻ ഓഫിസിന് അടുത്തുള്ള പെട്രോൾ പമ്പിൽനിന്നാണ് ഇന്ത്യൻ ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോയതെന്ന് റിപ്പോർട്ട്. ദൃക്സാക്ഷികളെന്ന് അവകാശപ്പെടുന്നവരെ ഉദ്ധരിച്ച് ദേശീയ മാധ്യമമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. പാക്കിസ്ഥാൻ സമയം തിങ്കളാഴ്ച രാവിലെ 8.30 ഓടെയാണ് ഒരു കൂട്ടമാളുകൾ ഇവരെ പിടിച്ചുകൊണ്ടുപോയത്. ആറു വാഹനങ്ങളിലായി 15–16 പേരെത്തിയായിരുന്നു തട്ടിക്കൊണ്ടുപോകൽ. ഉദ്യോഗസ്ഥരുടെ കൈകൾ കെട്ടി, കണ്ണുകൾ മൂടിയിരുന്നു.

ഏകദേശം 10 മിനിറ്റ് സഞ്ചരിച്ച് അജ്ഞാതമായ സ്ഥലത്ത് ഇരുവരെയുമെത്തിച്ചു. ആറു മണിക്കൂറോളം ചോദ്യം ചെയ്തു. ഇരുമ്പുകമ്പികളും തടിയുമുപയോഗിച്ച് ഇരുവരെയും നിരന്തരം ഉപദ്രവിച്ചു. ഹൈക്കമ്മിഷൻ ഉദ്യോഗസ്ഥരുടെ ജോലിയും പ്രത്യേക ചുമതലകളുമാണു ചോദിച്ചറിഞ്ഞതെന്നും റിപ്പോര്‍ട്ടുണ്ട്. ഇവർ അലക്ഷ്യമായി ഓടിച്ച കാർ വഴിയാത്രക്കാരനെ ഇടിച്ചുവീഴ്ത്തി നിർത്താതെ പോകാൻ ശ്രമിച്ചെന്നും, കാറിലുണ്ടായിരുന്നവരെ ജനം പിടികൂടി പൊലീസിൽ ഏൽപിച്ചെന്നുമാണു പാക്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നത്.

അറസ്റ്റ് ചെയ്തപ്പോൾ മാത്രമാണ് ഇന്ത്യൻ ഹൈക്കമ്മിഷനിലെ ഉദ്യോഗസ്ഥരാണെന്നു മനസ്സിലായതെന്നാണു പൊലീസ് പറഞ്ഞത്. പിടിച്ചുകൊണ്ടു പോയവർ, തങ്ങളാണ് അപകടമുണ്ടാക്കിയതെന്ന് പറയാൻ നിർബന്ധിച്ചുവെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ഡൽഹിയിൽ പാക്കിസ്ഥാൻ ഹൈക്കമ്മിഷൻ പ്രതിനിധിയെ വിളിച്ചുവരുത്തി ഇന്ത്യ പ്രതിഷേധമറിയിച്ചതോടെയാണ് ഉദ്യോഗസ്ഥരെ വിട്ടയച്ചത്. ഒൗദ്യോഗിക ആവശ്യത്തിനായി തിങ്കളാഴ്ച ഹൈക്കമ്മിഷനു പുറത്തേക്കു പോയ 2 ഉദ്യോഗസ്ഥരും ലക്ഷ്യസ്ഥലത്ത് എത്തിയിരുന്നില്ല.

ഇവരെ കാണാതായെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിനു പിന്നാലെ ഇന്ത്യൻ ഹൈക്കമ്മിഷൻ പാക്ക് വിദേശകാര്യ മന്ത്രാലയത്തോടു പരാതിപ്പെട്ടു. കേന്ദ്ര വ്യവസായ സുരക്ഷാ സേനയിൽ നിന്ന് (സിഐഎസ്എഫ്) ഡപ്യൂട്ടേഷനിൽ ഹൈക്കമ്മിഷനിൽ പ്രവർത്തിക്കുന്നവരും നയതന്ത്ര പരിരക്ഷ ഇല്ലാത്തവരുമാണ് ഉദ്യോഗസ്ഥർ. ഉദ്യോഗസ്ഥരുടെ കഴുത്തിലും മുഖത്തും കാലിലും പരുക്കേറ്റിട്ടുണ്ട്. പരുക്കുകളൊന്നും അപകടകരമല്ല. ചാരപ്രവർത്തനത്തെ തുടർന്ന് രണ്ടു പാക്ക് ഹൈക്കമ്മിഷൻ ഉദ്യോഗസ്ഥരെ പുറത്താക്കാൻ ഇന്ത്യ തീരുമാനിച്ചിരുന്നു. ഇതിന്റെ പ്രതികാരമായാണു പാക്കിസ്ഥാന്റെ നടപടിയെന്നാണു വിലയിരുത്തൽ.

English Summary: Handcuffed, threatened, beaten up: The harrowing 12 hours of Indian mission staffers in Pak detention

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com