ADVERTISEMENT

കൊച്ചി∙ കളമശേരി പൊലീസ് സ്റ്റേഷനിൽ ഒരു പൊലീസുകാരനു കൂടി കോവിഡ് രോഗം സ്ഥിരീകരിച്ചു. നേരത്തെ രോഗം സ്ഥിരീകരിച്ച പെരുമ്പാവൂർ വെങ്ങോല സ്വദേശിയായ പൊലീസുകാരന്റെ നാട്ടുകാരനും ഒരുമിച്ച് ഹോം ക്വാറന്റീനിൽ കഴിയുന്ന ആളുകളെ നിരീക്ഷിക്കാൻ സഞ്ചരിക്കുകയും ചെയ്തയാളാണ് ഇദ്ദേഹം. ഇരുവരും കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിലെ കോവിഡ് സെന്റർ പൊലീസ് എയ്ഡ് പോസ്റ്റിൽ ജോലി ചെയ്തിരുന്നു.

ഇന്നലെ വൈകുന്നേരത്തോടെയാണ് രണ്ടാമത്തെ പൊലീസുകാരന് രോഗം സ്ഥിരീകരിച്ചത്. അതുകൊണ്ടു ഇന്നലെ  രോഗം സ്ഥിരീകരിച്ചവരുടെ പട്ടികയിൽ ഇദ്ദേഹത്തിന്റെ പേര് ഉൾപ്പെടുത്തിയിരുന്നില്ല. ഇന്ന് വൈകിട്ട് ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും.

പ്രദേശവാസിയായ ഒരാൾക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെ എറണാകുളം ജില്ലയിലെ പെരുമ്പാവൂർ വെങ്ങോല പഞ്ചായത്ത് 17–ാം വാർഡ് കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്നലെ രാത്രിയോടെ ഇവിടെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കലക്ടർ ഉത്തരവ് വന്നിരുന്നു. പ്രദേശത്ത് പൊലീസ് തുടർനടപടികൾ സ്വീകരിച്ചിട്ടുണ്ട്.

അതേസമയം, കളമശേരി സ്റ്റേഷനിലെ പൊലീസുകാർക്ക് രോഗം സ്ഥിരീകരിച്ചതോടെ കർശന നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്. ആദ്യം രോഗം സ്ഥിരീകരിച്ച പൊലീസുകാരുമായി സമ്പർക്കത്തിലുണ്ടായിരുന്നു എന്നു കരുതുന്ന 59 പൊലീസുകാരെ ക്വാറന്റീനിൽ അയച്ചിരിക്കുകയാണ്. ഇദ്ദേഹത്തിന്റെ സമ്പർക്കപ്പട്ടിക തയാറാക്കിയിട്ടുണ്ടെങ്കിലും പുറത്തു വിട്ടിട്ടില്ല. പട്ടിക പൂർണമല്ല എന്നതിനാലാണ് പുറത്തു വിടാത്തതെന്നാണ് വിവരം. പലപ്പോഴായി ജോലിയോടനുബന്ധിച്ച് പല സ്ഥലങ്ങളിൽ യാത്ര ചെയ്തതിനാൽ കൃത്യമായ പട്ടിക തയാറാക്കുക ശ്രമകരമാണെന്ന് ഔദ്യോഗിക വൃത്തങ്ങൾ വിശദീകരിച്ചിരുന്നു.

കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച പൊലീസുകാരൻ ഹൈക്കോടതിയിൽ റിപ്പോർട്ട് ചെയ്യാനെത്തുകയും ഫയലുകൾ കൈമാറുകയും ചെയ്ത പശ്ചാത്തലത്തിൽ ഹൈക്കോടതിയിൽ നിന്നുള്ള ജ‍ഡ്ജി സുനിൽ തോമസ് സ്വയം ക്വാറന്റീനിൽ പോകുകയായിരുന്നു. ഹൈക്കോടതി കവാടത്തിലെ പൊലീസ് ഔട്ട്പോസ്റ്റിലും എത്തിയിരുന്നതിനാൽ ഇവിടെ ഉണ്ടായിരുന്നവരും ജാഗ്രത പുലർത്തുന്നുണ്ട്. ഇന്ന് ഹൈക്കോടതിയിൽ അണുമുക്തമാക്കൽ നടപടികളും സ്വീകരിച്ചു. ഫയലുകൾ പലർ കൈകാര്യം ചെയ്തിരുന്നതിനാൽ ജീവനക്കാർ പലരും ആശങ്കയിലുമാണ്. 

English Summary: Another Policeman tests Covid-19 positive at Kalamassery Police Station

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com