ADVERTISEMENT

ന്യൂഡൽഹി∙ ദാർബൂക്കിൽ നിന്ന് ഷൈയോക്ക് നദി കടന്ന് നിയന്ത്രണരേഖക്ക് തൊട്ടുകിടക്കുന്ന ദൗളത് ബേഗ് ഓൾഡിയിലേക്ക് ഇന്ത്യ റോഡ് നിർമ്മിച്ചതാണല്ലോ ഇപ്പോൾ ചൈനയെ പ്രകോപിപ്പിച്ചിരിക്കുന്നത്. ഈ റോഡിലൂടെ സൈനികസാമഗ്രികൾ അതിർത്തിയിലെത്തിച്ച് തങ്ങളുടെ അധീനതയിലുള്ള അക്സായ് ചിൻ ഇന്ത്യ തിരിച്ചുപിടിക്കുമെന്നാണ് ചൈനയുടെ ആശങ്ക.

ഒരു പുല്ലുപോലും മുളയ്ക്കാത്ത മഞ്ഞുമരുഭൂമിയായ അക്സായ് ചിൻ ചൈനയെ സംബന്ധിച്ചിടത്തോളം സൈനികതന്ത്രപരമായും സാമ്പത്തികപരമായും പരമപ്രധാനമാണ്. പഴയ ലഡാക്ക് രാജാവിന്റെ കീഴിലായിരുന്ന ഈ പ്രദേശം, പത്തൊമ്പതാം നൂറ്റാണ്ടിൽ പഞ്ചാബിലെ സിക്കുകാർ കശ്മീരും ലഡാക്കും പിടിച്ചപ്പോൾ ഭാഗികമായി അവരുടെ അധീനതയിലായി. സിഖുകാരെ ബ്രിട്ടിഷുകാർ പരാജയപ്പെടുത്തിയപ്പോൾ കശ്മീരിനോടൊപ്പം 1846–ൽ ഈ ഭൂമി ജമ്മുവിലെ ഡോഗ്ര രാജവിന് വിലയ്ക്ക് നൽകുകയായിരുന്നു..

എന്നാൽ ഇതിന്റെ അതിർത്തി എവിടെ വരെ എന്നത് സംബന്ധിച്ച് അന്നും വ്യക്തയുണ്ടായിരുന്നില്ല. ടിബറ്റിലെ ലാമ ഭരണകൂടവും അവരെ നിയന്ത്രിച്ചിരുന്ന ചൈനീസ് സാമ്രാജ്യവുമായി ഇതു സംബന്ധിച്ച് ചർച്ച നടത്താൻ ബ്രിട്ടിഷുകാർ ശ്രമിച്ചത് വിഫലമായി. പരമ്പരാഗത അതിർത്തികൾ തുടരട്ടെ എന്നൊരു ധാരണ ഉണ്ടാക്കാൻ മാത്രമേ സാധിച്ചുള്ളു.

ഈ പ്രദേശം ഇങ്ങനെ ‘‘നാഥനില്ലാതെ’’ കിടന്നാൽ, ചൈനയുടെയും ടിബറ്റിലെ ലാമ ഭരണകൂടത്തിന്റെയും ദൗർബല്യം മുതലെടുത്ത് റഷ്യൻ സാമ്രാജ്യം പിടിച്ചെടുക്കുമെന്ന് ബ്രിട്ടിഷുകാർ ഭയന്നു. റഷ്യൻ സൈനികശക്തി ഇന്ത്യൻ അതിർത്തിവരെ എത്തിയാൽ അത് ഇന്ത്യക്കും ഭീഷണിയാവുമെന്ന് അവർ കരുതി. മധ്യേഷ്യയിലും അഫ്ഗാനിസ്ഥാനിലും സ്വാധീനം സ്ഥാപിക്കാൻ ബ്രിട്ടനും റഷ്യയും തമ്മിൽ മത്സരിച്ചിരുന്ന  കാലമായിരുന്നു അത്. ആ മത്സരത്തെയാണ് ഗ്രേറ്റ് ഗെയിം (വൻ കളി) എന്ന പരിൽ പ്രസിദ്ധ നോവലിസ്റ്റ് റഡ്യാഡ് കിപ്ലിംഗ് വിശേഷിപ്പിച്ചത്. റഷ്യക്ക് യാതൊരു വ്യാപാര–നയതന്ത്ര ആനുകൂല്യവും നൽകരുതെന്ന് ടിബറ്റിനെക്കൊണ്ട് സമ്മതിപ്പിക്കുന്നതിനായി ബ്രിട്ടിഷുകാരുടെ അടുത്ത നീക്കം.

Tibet

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യത്തിൽ വൈസ്രോയ് ആയിരുന്ന കഴ്സൺ പ്രഭുവിന് ഇന്ത്യയുടെ സുരക്ഷ ഒരു ‘‘ഒബ്സെഷൻ’’ ആയിരുന്നു. ഇന്ത്യയുടെ ചുറ്റുപ്രദേശങ്ങളെല്ലാം  (ബ്രിട്ടിഷ് സാമ്രാജ്യത്തിനു കീഴിലെങ്കിലും) ഇന്ത്യയുടെ സ്വാധീനവലയത്തിലായിരിക്കണമെന്ന് അദ്ദേഹം വാദിച്ചു. വടക്ക് ടിബറ്റിലേക്കും കിഴക്ക് സിംഗപ്പൂർ വരെയും പടിഞ്ഞാറ് സൂയസ് വരെയും ഈ സ്വാധീനം  പരന്നുകിടക്കണം. ഈ പ്രദേശങ്ങളുമായുള്ള നയതന്ത്രകാര്യങ്ങൾ ലണ്ടനിലിരുന്നല്ല, കൽക്കത്തയിലാണു (അന്ന് ഇന്ത്യയുടെ തലസ്ഥാനം) തീരുമാനിക്കേണ്ടതെന്ന് പോലും കഴ്സൺ വാദിച്ചു.

കഴ്സൺ കടുത്ത സാമ്രാജ്യവാദിയായിരുന്നുവെങ്കിലും  അദ്ദേഹത്തെക്കുറിച്ച് ഇന്നും സുരക്ഷാതന്ത്രജ്ഞന്മാർ സമ്മതിക്കുന്ന ഒരു കാര്യമുണ്ട്. ഒരു നൂറ്റാണ്ട് മുമ്പ് കഴ്സൺ വിഭാവനം ചെയ്ത സുരക്ഷാ ചുറ്റളവിന്റെ നിർവചനം തന്നെയാണ് ഇന്നും ഇന്ത്യയുടെ സുരക്ഷാഭാവനയെ നയിക്കുന്നത്. മലാക്കാ കടലിടുക്കുമുതൽ ഏദൻ വരെയാണ് ഇന്ത്യയുടെ സുരക്ഷാ ചുറ്റളവെന്ന് അടൽ ബിഹാരി വാജ്പേയി പോലും പറഞ്ഞത് യഥാർഥത്തിൽ കഴ്സണിന്റെ നിർവ്വചനം ആവർത്തിക്കയായിരുന്നു.

Galwan Valley

പക്ഷേ, തന്റെ സുരക്ഷാഭാവന നടപ്പാക്കുന്നതിൽ കഴ്സണ് തെറ്റുപറ്റി. റഷ്യയെ അകറ്റിനിർത്തണമെന്ന് ആവശ്യപ്പെടാനുള്ള ചർച്ചക്ക് അദ്ദേഹം ടിബറ്റിലേക്കയച്ചത് ഒരു സൈനികദൗത്യത്തെയാണ്. ഹിമാലയവും കാരക്കോറം പർവ്വതവും മറ്റും പലതവണ നടന്ന് സർവ്വേ ചെയ്ത കേണൽ ഫ്രാൻസിസ് യംഗ്ഹസ്ബൻഡ് എന്ന സൈനികോദ്യോഗസ്ഥനെയാണ് ദൗത്യത്തിന്റെ തലവനായി നിയോഗിച്ചത്. 

കൂട്ടത്തിൽ പറയട്ടെ. കേണൽ യംഗ്ഹസ്ബൻഡിനെയും അക്കാലത്ത് ഈ പ്രദേശത്ത് പർവ്വതാരോഹണം നടത്തിയ അനവധി യൂറോപ്യൻ സാഹസികരെയും മലമുകളുകളിലെ വഴികൾ കാട്ടിക്കൊടുത്ത ലഡാക്കുകാരനായ ഒരാളുണ്ടായിരുന്നു – ഗുലാം  റസൂൽ ഗൽവാൻ. ഈ ഗാൽവന്റെ പേരിലുള്ള നദിതടത്തിലാണ് ഇപ്പോൾ ഇന്ത്യൻ സൈന്യവും ചൈനീസ് സൈന്യവും തമ്മിൽ തർക്കവും കയ്യാങ്കളിയും നടന്നത്. ഗൽവാൻ താഴ്‍വരയും ചുറ്റുമുള്ള കുന്നുകളും തങ്ങളുടേതാണെന്നാണ് ചൈന ഇപ്പോൾ മുന്നോട്ടുവെച്ചിരിക്കുന്ന വാദം. 

Galwan River

യംഗ്സ്ബന്റിന്റെ ദൗത്യത്തിന് സുരക്ഷയെന്നോണം മൂവായിരം ഇന്ത്യൻ സൈനികരെയും കഴ്സൺ അയച്ചു. വഴിയിലുണ്ടായ സകല ചെറുത്തുനിൽപ്പകളും തകർത്തുകൊണ്ടാണ് ഇവർ മുന്നേറിയത്. ലാസയിലെത്തി ലാമമാരെക്കൊണ്ട ് ബ്രിട്ടിഷ് ആവശ്യങ്ങൾ സമ്മതിപ്പിച്ചിട്ടേ അവർ പിൻവാങ്ങിയുള്ളു. 

1962–ലെ യുദ്ധത്തെ നാം ഒരു ഞെട്ടലോടെ ഇന്നും കാണുന്നത്പോലെ തന്നെയാണ് ചൈനക്കാർ ഈ ആക്രമണത്തെ ഇന്നും കാണുന്നത്. വെറും 3,000 പേരുള്ള ഒരു ഇന്ത്യൻ സൈന്യത്തിന് ടിബറ്റ് അന്ന് പിടിച്ചെടക്കാൻ സാധിച്ചു എന്ന രീതിയിൽ. (ഇന്നും ടിബറ്റിലെ വീടുകളിലും കെട്ടിടങ്ങളിലും ഈ ആക്രമണത്തിന്റെ ചിത്രങ്ങൾ പ്രദർശിപ്പിച്ചിരിക്കുന്നത് ഏതാനും കൊല്ലം മുമ്പ് ടിബറ്റ് സന്ദർശിച്ച ഈ ലേഖകൻ കണ്ടിരുന്നു.)  

ലഡാക്ക് മേഖലയിലെ ചാങ് ലാ ഹൈ മൗണ്ടൻ പാസിലൂടെ സൈനിക വാഹനങ്ങൾ നീങ്ങുന്നു.
ലഡാക്ക് മേഖലയിലെ ചാങ് ലാ ഹൈ മൗണ്ടൻ പാസിലൂടെ സൈനിക വാഹനങ്ങൾ നീങ്ങുന്നു.

1904–ലെ ആക്രമണത്തിനുശേഷം ദശകങ്ങളോളം നീണ്ടുനിന്ന ചർച്ചകളിലാണ് ഒടുവിൽ മക്മാഹോൻ രേഖ നിശ്ചയിച്ചത്. ഇന്ന് ടിബറ്റ് നിയന്ത്രിക്കുന്ന ചൈനീസ് ഭരണകൂടം ഈ രേഖ അംഗീകരിക്കുന്നില്ല. രേഖ പലയിടങ്ങളിലും വ്യക്തമല്ല താനും.

ഇന്ത്യ സ്വതന്ത്രയാവുകയും ചൈനയിൽ കമ്മ്യൂണിസ്റ്റ് ഭരണം വരികയും ചെയ്തതോടെ അതിർത്തി സംബന്ധിച്ച് തർക്കങ്ങളുണ്ടായെങ്കിലും  ജനവാസമില്ലാതെ കിടന്നിരുന്ന അക്സായ് ചീൻ പ്രദേശം കാര്യമായി പരിഗണിച്ചില്ല. ആ പ്രദേശത്തുകൂടി ചൈന റോഡ് നിർമിച്ചപ്പോഴാണ് ഇന്ത്യ പ്രദേശത്തിന്റെ സൈനികതന്ത്രപ്രധാന്യം മനസ്സിലാക്കിയത്.

ശ്രീനഗർ – ലേ ദേശീയപാതയിൽ സുരക്ഷയൊരുക്കുന്ന സൈനികർ
ശ്രീനഗർ – ലേ ദേശീയപാതയിൽ സുരക്ഷയൊരുക്കുന്ന സൈനികർ

1962–ലെ യുദ്ധത്തിൽ പിടച്ചെടുത്ത ചില ഭാഗങ്ങളിൽ നിന്ന് ചൈന പിൻവാങ്ങിയെങ്കിലും അക്സായ് ചിൻ അവർ തുടർന്നും പിടിച്ചുവച്ചു.  കൂടാതെ, 1947–48–ലെ യുദ്ധത്തിൽ പാക്കിസ്ഥാൻ പിടച്ചെടുത്ത കുറെ പ്രദേശം 1963–ൽ ചൈനയ്ക്ക് സമ്മാനമായി നൽകുകയും ചെയ്തു.  ഇതോടെ ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ നടന്നിരുന്ന കശ്മീർ തർക്കത്തിൽ ചൈനയും ഫലത്തിൽ ഒരു പങ്കാളിയാവുകയായിരുന്നു. 

ഇതിനെ തുടര്‍ന്ന്‌ പാക്കിസ്ഥാനും ചൈനയും തമ്മിൽ ഭൂമിശാസ്ത്രപരമായും സുരക്ഷാപരമായും ഒരു അവിഭാജ്യ ബന്ധം ഉടലെടുത്തു. ഇന്ത്യൻ നിയന്ത്രണത്തിലുള്ള ലഡാക്കിന്റെ കിഴക്ക് ചൈനീസ് സൈന്യത്തിനും പടിഞ്ഞാറ് പാക്കിസ്ഥാനും എത്തിച്ചേരാമെന്ന നിലയായി. ഇതു കണ്ടാണ് അന്ന് അതിർത്തിരേഖ നിർവ്വചിക്കാതെ കിടന്ന സിയാച്ചിൻ പ്രദേശത്തെക്ക് 1984–ൽ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി സൈന്യത്തെ അയച്ച് ഇവർക്കിടയിൽ ഒരു തടയിട്ടത്. സിയാച്ചിനിൽ ഇന്ത്യ സൈന്യത്തെ നിലനിർത്തുന്നത് പാഴ്ചെലവാണെന്ന്് വാദിക്കുന്നവർ ഈ വസ്തുത മനസ്സിലാക്കുന്നില്ല.

സിയാച്ചിൻ തങ്ങളുടെ അധീനതയിലായതോടെയാണ് ഇന്ത്യൻ സൈന്യത്തിന്റെ ശ്രദ്ധ യഥാർത്ഥത്തിൽ ഈ പ്രദേശങ്ങളിലേക്ക് തിരിഞ്ഞുതുടങ്ങിയത്. ഈ പ്രദേശത്ത് സൈനിക നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത് അതോടെയാണ്. സാമ്പത്തികബുദ്ധിമുട്ടും  മറ്റു നയതന്ത്രപ്രശ്നങ്ങളും കാരണം നിർമ്മാണം പലപ്പോഴും മുടങ്ങിയിട്ടുണ്ടെങ്കിലും 2003–04 കാലയളവിൽ പുനരാരംഭിക്കുകയായിരുന്നു.  അന്ന് ആരംഭിച്ച നിർമ്മാണ പദ്ധതികൾ ഇന്നും തുടരുകയാണ്. 

ഈ നിർമ്മാണപ്രവർത്തനങ്ങൾ  ഇനിയും മുന്നോട്ടുപോയാൽ ഇന്ത്യൻ സൈന്യത്തിന് ലഡാക്കിൽ ശക്തമായ നിരയുണ്ടാക്കാനാവും. എന്നാണ് ഇപ്പോൾ ചൈനയുടെ ഭയം. അടുത്തകാലത്ത് ഇന്ത്യ ഈ പ്രദേശത്ത് ടാങ്കുകൾ വരെ എത്തിച്ചത് ചൈനയെ ശരിക്കും ഭയപ്പെടുത്തിയിരിക്കണം. കാരണം, അക്സായ് ചിൻ ഒരു പീഠഭൂമിയാണ്. ടാങ്ക് യുദ്ധത്തിന് ഉതകുന്ന പ്രദേശം.

Content Highlights: aksai chin, Tibet, galwan valley, ladakh, india china face-off, india china border dispute

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com