പണം പിരിച്ച് ‘1921’ സിനിമ ചെയ്യുമെന്ന് പ്രഖ്യാപനം: അലി അക്ബറിനു നേരെ വധഭീഷണി
Mail This Article
കോഴിക്കോട്∙ ജനകീയ കൂട്ടായ്മയിലൂടെ പണം പിരിച്ച് ‘1921’ സിനിമ ചെയ്യുമെന്ന് പ്രഖ്യാപിച്ച സംവിധായകൻ അലി അക്ബറിനു നേരെ വധഭീഷണി. സമൂഹമാധ്യമ അക്കൗണ്ടുകൾ വഴി സൈബർ ആക്രമണവും നടക്കുന്നു. അലി അക്ബറിന്റെ ചിത്രം വച്ച വ്യാജപോസ്റ്റുകൾ ഉപയോഗിച്ച് മറ്റ് അക്കൗണ്ടുകളിലേക്ക് വ്യാപകമായി പണപ്പിരിവു നടത്തുന്നതായും പരാതി.
വിദേശത്തുനിന്നും രാജ്യത്തിനകത്തുനിന്നുമായാണ് ഭീഷണി ഫോൺകോളുകൾ എത്തിയത്. വാരിയംകുന്നത്ത് കുഞ്ഞമ്മദ് ഹാജിയുടെ ബന്ധുവാണ് എന്നു പരിചയപ്പെടുത്തിയാണ് ഒരു ഫോൺകോൾ വന്നതെന്നും അലി അക്ബർ സമൂഹമാധ്യമങ്ങളിലൂടെ ഫോൺനമ്പർ സഹിതം വ്യക്തമാക്കിയിട്ടുണ്ട്.
സിഎംഡിആർഎഫ് എന്ന ചുരുക്കപ്പേരിനു ‘സിനിമ മലയാളം റിലീസ് ധർമ ഫണ്ട്’ എന്ന് മുഴുവൻ പേര് ചേർത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു സിപിഎം അനുകൂലികൾ പണം പിരിക്കുന്നതായും പരാതിയുണ്ട്. അലി അക്ബറിന്റെ ചിത്രം വെട്ടിയൊട്ടിച്ചാണ് ഈ അക്കൗണ്ട് നമ്പറും പ്രചരിപ്പിക്കുന്നത്. ആവശ്യത്തിനു പണം ലഭിച്ചതിനാൽ ഇനി പണമയക്കരുതെന്ന രീതിയിൽ വ്യാജ യൂട്യൂബ് ചാനലുകൾ വഴിയും വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നുണ്ട്.
സിനിമ പ്രഖ്യാപിച്ച ശേഷം ആദ്യ ദിവസം പത്തുലക്ഷത്തോളം രൂപയാണ് അക്കൗണ്ടിലേക്ക് എത്തിയതെന്ന് അലി അക്ബർ പറഞ്ഞു. ഭീഷണികൾക്കും വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിച്ചതിനുമെതിരെ അലി അക്ബർ പൊലീസിൽ പരാതി നൽകി.
English Summary: Life threat against director Ali Akbar